
അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്.
ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപം കാറിൽ കളിക്കുകയായിരുന്നു കുട്ടികൾ. മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.
മാതാപിതാക്കൾ കാര്യം അറിയാനും ഏറെ വൈകിയിരുന്നു. കാറിന്റെ ഡോർ ലോക്ക് ആക്കാതെയാണ് മാതാപിതാക്കൾ കല്യാണത്തിന് പോയത്. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറിൽ കളിക്കാനായി കയറി. തുടർന്നായിരുന്നു അപകടം.
ആന്ധ്രയിൽ ഒരു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ഏപ്രിലിൽ രണ്ട് പെൺകുട്ടികൾ കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചിരുന്നു. മാതാപിതാക്കൾ കുട്ടികളെ തപ്പിയിറങ്ങിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
Content Highlights: Four kids died of suffocation as car door locked while playing