
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാനിറ്ററി പാഡുകള്‍ 'ഇറക്കി' കോണ്‍ഗ്രസ്. ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം സ്ത്രീകള്‍ക്കാണ് പാഡ് വിതരണം ചെയ്യുക. പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ചിത്രം പാഡിന്റെ കവറില്‍ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമർശനങ്ങൾക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബയും രംഗത്തെത്തി. ഇനിയും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ തുണി ഉപയോഗിക്കണമെന്നാണോ വിമര്‍ശിക്കുന്നവരുടെ ആഗ്രഹമെന്ന് അല്‍ക്ക ചോദിച്ചു. ഈ ആധുനിക കാലത്ത് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പായ്ക്കറ്റുകളില്‍ പതിപ്പിച്ചത് എന്തുകൊണ്ടാണ് എന്നതിലല്ല കാര്യമെന്ന് അൽക്ക പറഞ്ഞു. ബിഹാറിലെ പെണ്‍മക്കള്‍ ഇപ്പോഴും ആര്‍ത്തവകാലത്ത് തുണി ഉപയോഗിച്ച് അസുഖബാധിതരാകാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇത് എന്തുകൊണ്ടാണ് എന്നാണ് പരിശോധിക്കേണ്ടത്. ബിജെപി എപ്പോഴും സ്ത്രീവിരുദ്ധ മനോഭാവമുളള പാര്‍ട്ടിയാണെന്നും അൽക്ക പറഞ്ഞു.
സംസ്ഥാനത്തുടനീളമുളള സ്ത്രീകള്‍ക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 'മയി ബഹന്‍ മാന്‍ യോജന (അമ്മ-സഹോദരി ബഹുമാന പദ്ധതി) അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്' എന്ന വാചകം പതിപ്പിച്ച സാനിറ്ററി പാഡുകളുടെ ഒരു പാക്കറ്റ് രാജേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Congress to distribute sanitary pad packets with rahul gandhi and priyanka gandhi photos in it