
പട്‌ന: ബിഹാറില വോട്ടര്‍ പട്ടിക പുതുക്കലിനെതിരെ സിപിഐ രംഗത്ത്. വോട്ടര്‍പട്ടിക പുതുക്കലില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക വെച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഡി രാജ പറഞ്ഞു. ആര്‍എസ്എസിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ആര്‍എസ്എസ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഡി രാജ പറഞ്ഞു. അംബേദ്കര്‍ ആശയങ്ങളെ ആര്‍എസ്എസ് എതിര്‍ക്കുന്നുവെന്നും ഫാസിസ്റ്റ് സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിന്റെ ആശയങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമർശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം പോലെ ബിഹാറില്‍ വോട്ട് നിരോധനത്തിന് ശ്രമം നടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. 'കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. പിന്‍വാതിലൂടെ എന്‍ആര്‍സി നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണത്. ഏതോ സാറന്മാരെ തൃപ്തിപ്പെടുത്താനാണ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൂടിയാലോചനകള്‍ നടത്തി മുന്നോട്ടുപോകും. വ്യാജ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കണം എന്നതില്‍ തര്‍ക്കമില്ല'- എന്നാണ് അദ്ദേഹം പറഞ്ഞത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പാരത്വ രജിസ്റ്ററിന് സമാനമായ പൗരത്വ തെളിവെടുപ്പോടെ വോട്ടര്‍പട്ടിക പുതുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2003 ലെ വോട്ടര്‍പട്ടികയാണ് ആധികാരികമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അന്ന് 4.96 കോടി വോട്ടര്‍മാരായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.96 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ബാക്കി 2.93 കോടി വോട്ടര്‍മാര്‍ ജനനത്തീയതി, ജനനസ്ഥലരേഖകള്‍ അടക്കം ഹാജരാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുള്ള നടപടികള്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് പുതിയ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ബിഹാറില്‍ വോട്ടര്‍പട്ടിക പുതുക്കാനുളള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രീംകോടതിയെ സമീപിച്ചേക്കും. കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, എന്‍സിപി (ശരത് പവാര്‍), ജെഎംഎം, സിപിഐഎം, സിപിഐ, ശിവസേന (ഉദ്ധവ്) എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യോഗ്യരായ മുഴുവന്‍ പൗരര്‍ക്കും വോട്ടവകാശം ഉറപ്പിക്കാനാണ് പ്രത്യേക തീവ്രപരിശോധന തുടങ്ങിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ പാര്‍ട്ടി പ്രതിനിധികളോട് വ്യക്തമാക്കിയിരുന്നു.
Content Highlights: Elections should be conducted based on the voter list for the Lok Sabha elections says D Raja