ലോകം കണ്ട വലിയ ധനികനില്‍ നിന്ന് വഞ്ചനാക്കുറ്റത്തിലേക്ക്; അനില്‍ അംബാനിക്ക് പിഴച്ചതെവിടെ?

രണ്ട് വര്‍ഷം മുന്‍പ് സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടി പോലും വന്നിരുന്നു അനില്‍ അംബാനിയ്ക്ക്. ഇപ്പോഴിതാ എസ്ബിഐയുടെ ഫ്രോഡ് ലിസ്റ്റിലും പേര് വന്നിരിക്കുന്നു...

dot image

അനിൽ അംബാനി നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായിരിക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളെ 'തട്ടിപ്പ്' (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റിസർവ് ബാങ്കിന് സമർപ്പിക്കാനൊരുങ്ങുന്ന റിപ്പോർട്ടിൽ അനിൽ അംബാനിയുടെ പേരും ഉൾപ്പെടുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ 49,000 കോടി രൂപയുടെ പൊതുപണമാണ് കുടുങ്ങിക്കിടക്കാൻ പോകുന്നത്.

ബാങ്ക് വായ്പ്പകൾ വകമാറ്റി ഉപയോഗിച്ചു എന്ന് കാണിച്ചാണ് ആർകോമിന്‍റെ അക്കൗണ്ടുകൾ തട്ടിപ്പ് ഇനത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. റിലയൻസ് കമ്മ്യൂണിക്കേഷന്റെ മറ്റ് ബാങ്കുകൾക്ക് നേരെയും സമാന നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

31,580 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി ആർകോമും അനുബന്ധ സ്ഥാപനങ്ങളും വായ്പയെടുത്തത്. ഇതിൽ 13,667 കോടി ആർകോമിന്റെ മറ്റ് ബാധ്യതകൾ തീർക്കുന്നതിനായി ഉപയോഗിച്ചു. നിലവിൽ 40,413 കോടി രൂപയാണ് കമ്പനിയുടെ ആകെ കടം എന്ന് റിപ്പോർട്ടുകൾ വിശദമാക്കുന്നു.

വായ്പകൾ നിഷ്‌ക്രിയ ആസ്തിയായതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ആർകോം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ ഓഹരികളുടെ വ്യാപാരവും സസ്‌പെൻഡ് ചെയ്തിരുന്നു. ഫ്രോഡ് മുദ്ര ചാർത്തുന്നതിന് മുൻപ് അനിൽ അംബാനിയുമായി സംസാരിക്കുകയോ, ഇതുമായി സംബന്ധിച്ച രേഖകൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ നിയമസ്ഥാപനം അറിയിച്ചു. ഫ്രോഡ് മുദ്ര ചാർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്.

അനിൽ അമ്പാനിക്കെതിരായ എസ്ബിഐയുടെ നീക്കത്തിന് പിന്നാലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഓഹരികളിൽ ഇന്ന് 5% ഇടിവ് സംഭവിച്ചിട്ടുണ്ട്.

എസ്ബിഐ ചുമത്തിയിരിക്കുന്ന വഞ്ചനാകുറ്റം

2016ൽ എസ്ബിഐ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ തുടർച്ചയാണ് അനിൽ അംബാനിക്കെതിരെ ഇപ്പോൾ ചുമത്തപ്പെട്ട വഞ്ചനാക്കുറ്റം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർകോമിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തപ്പെട്ട ചില ബാങ്കിങ് തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വഞ്ചനാക്കുറ്റം ചുമത്തിയത്. ഇതിന് മുൻപ് 2024 സെപ്തംബറിൽ കനറ ബാങ്ക് ആർകോമിനെതിരെ വായ്പ്പ കുംഭകോണം ചുമത്തിയിരുന്നു.

എസ്ബിഐയിൽ നിന്നും കടമെടുത്ത തുകയിൽ 44 ശതമാനം സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും, 41 ശതമാനം മറ്റ് ആവശ്യങ്ങൾക്കും അനിൽ അംബാനി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അനിൽ അംബാനിയുടെ പതനം

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു അനിൽ അംബാനി. ദീർഘകാലത്തേക്ക് ഒരു വലിയ ബിസിനസ് സാമ്രാജ്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോയ അനില്‍ അംബാനിയ്ക്ക് കാലാന്തരത്തിൽ അതിന്റെ പതനം കാണേണ്ടി വന്നു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 'ഫ്രോഡ്'(തട്ടിപ്പ്), വഞ്ചന തുടങ്ങി നിരവധി കേസുകളിലും അനിൽ അംബാനി ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ ആർകോമിനെതിരെ എസ്ബിഐ കൈക്കൊണ്ട നിലപാടിന് പുറമെ 2024ൽ റിലയൻസ് പവർ, 2018/19ൽ റിലയൻസ് ക്യാപിറ്റൽ, 2011ൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളും അനിൽ അംബാനിയുടെയും, കമ്പനിയുടെയും തകർച്ചയ്ക്ക് പിന്നിലെ കാരണമാണ്.

സെബിയിൽ നിന്നും വിലക്ക്

വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ഫണ്ട് വക മാറ്റി എന്ന കുറ്റത്തിന് സെബി അനിൽ അംബാനിയെ സെക്യൂരിറ്റീസ് വിപണിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. 2029 വരെയാണ് ഈ വിലക്കിന്റെ കാലാവധി.

യുകെയിലെ പാപ്പരത്തം

2020ലാണ് അനിൽ അംബാനി ഒരു ബ്രിട്ടീഷ് കോടതിയിൽ വ്യക്തിഗത പാപ്പരത്തം പ്രഖ്യാപിച്ചത്. നിയമപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിന് പോലും തന്റെ പക്കൽ പണമില്ലെന്നായിരുന്നു അനിൽ അംബാനി കോടതിയിൽ വ്യക്തമാക്കിയത്. ആർകോമിന്റെ പേരിലുള്ള 925 മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവ കേസ് ഫയൽ ചെയ്തതിനെ തുടർന്നായിരുന്നു അനിൽ അംബാനി കോടതി വിചാരണ നേരിട്ടത്.

Content Highlight: Anil Ambani, From World's 6th Richest to Being Labeled a 'Fraud' by State Bank

dot image
To advertise here,contact us
dot image