
ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായ ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിക്കെതിരെ, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരിട്ടെത്തിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്‌റാന്‍ മംദാനി എന്നായിരുന്നു ട്രംപിന്റെ വിശേഷണം. ഇപ്പോഴിതാ, അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ റാലിയിലും രാജ്യം നേരിടുന്ന ഒരു വലിയ വെല്ലുവിളിയും ഭീഷണിയുമായി സൊഹ്‌റാന്‍ മംദാനിയെ ട്രംപ് അവതരിപ്പിച്ചിരിക്കുന്നു.
വിളറി പിടിച്ചത് പോലെയാണ് മംദാനിക്കെതിരെ തുടര്‍ച്ചയായ പ്രസ്താവനകളുമായി ട്രംപ് രംഗത്ത് വരുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച ഐയോവയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴും മംദാനിക്കെതിരെ ട്രംപ് നടത്തിയത് വലിയ കടന്നാക്രമണമായിരുന്നു. മംദാനി കടുത്ത കമ്മ്യൂണിസ്റ്റ് ആണെന്നും ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ല എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ സ്വപ്നനീക്കമായ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍, ഇറാനെതിരെയുള്ള അമേരിക്കന്‍ നീക്കം, കുടിയേറ്റ വിഷയത്തിലെ നിലപാട്, അങ്ങനെ ഗൗരവമായ എത്രയോ രാഷ്ട്രീയ വിഷയങ്ങള്‍ മുന്നിലുള്ളപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്ത ഒരു പ്രധാന റാലിയില്‍ ട്രംപ്, മംദാനി എന്ന 33കാരനെ ലക്ഷ്യമിടുകയായിരുന്നു. താനൊരു മുസ്ലിമാണെന്ന് അവകാശപ്പെടുന്ന, അധിനിവേശത്തിനും ഫാസിസത്തിനുമെതിരെ ശക്തമായ നിലപാടുള്ള സൊഹ്‌റാന്‍ മംദാനി, ആഗോള വലതുപക്ഷ ശക്തികളുടെ കണ്ണിലെ കരടായി മാറി എന്ന് നിസ്സംശയം പറയാം. ന്യൂയോര്‍ക്ക് സിറ്റിയിലേയ്ക്കുള്ള മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മംദാനി.
ഡമോക്രാറ്റുകാരനായ മംദാനിയെ ട്രംപ് എന്തിനാണ് നിരന്തരം കമ്മ്യൂണിസ്റ്റ് എന്നും, മാര്‍ക്‌സിസ്റ്റ് ഭ്രാന്തന്‍ എന്നുമെല്ലാം വിളിക്കുന്നത്? മംദാനി, ട്രംപിന്റെ പേടി സ്വപ്നമാകുന്നത് എന്ത് കൊണ്ടാവും? മംദാനി കമ്മ്യൂണിസ്റ്റ് ആണെന്ന് ട്രംപ് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിന് പിന്നില്‍ അമേരിക്കയുടെ പൊതുബോധത്തെ സ്വാധീനിക്കുക എന്ന ഒരു വലിയ ലക്ഷ്യം പ്രകടമാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ അമേരിക്കന്‍ ജനതയില്‍ ഭരണകൂടവും മാധ്യമങ്ങളും കുത്തിവെച്ച ആഴമേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി ഇളക്കിവിടാനാണ് ഇപ്പോള്‍ ട്രംപ് ശ്രമിക്കുന്നത്. റെഡ് സ്‌കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ കാലഘട്ടം, അമേരിക്കയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത ആളികത്തിക്കപ്പെട്ട സമയം കൂടിയായിരുന്നു. അമേരിക്കയുടെ വിഖ്യാതമായ ജനാധിപത്യത്തിനും അമേരിക്കന്‍ ജീവിതരീതിക്കും കമ്മ്യൂണിസം ഭീഷണിയാണ് എന്ന വിവരണമായിരുന്നു അക്കാലത്ത് ഭരണകൂടവും മാധ്യമങ്ങളും അമേരിക്കയില്‍ രൂപപ്പെടുത്തിയത്.
സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് മുന്നേറ്റം ഹിറ്റ്‌ലറെ അടിയറവ് പറയിച്ചതും, ഇതെ തുടര്‍ന്ന് ജര്‍മ്മനി രണ്ടായി പിളര്‍ന്നതും, കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കിഴക്കന്‍ ജര്‍മ്മനിക്ക് പിന്നാലെ കിഴക്കന്‍ യൂറോപ്പില്‍ നിരവധി രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിലേയ്ക്ക് വന്നതുമെല്ലാം അക്കാലത്തായിരുന്നു. 1948ല്‍ ഉത്തരകൊറിയയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ ഭരണകൂടം നിലവില്‍ വന്നു. 1949ല്‍ മാവോയുടെ നേതൃത്വത്തില്‍ ചൈനയും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കീഴിലായി. അമേരിക്കയുടെ നാറ്റോയ്ക്ക് ബദലായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ 1955ല്‍ വാഴ്‌സ സഖ്യം നിലവില്‍ വന്നു. അമേരിക്കയുടെ മൂക്കിന് താഴെയുള്ള ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് അനുകൂല വിപ്ലവ ഭരണകൂടം 1959ല്‍ നിലവില്‍ വന്നു. ഇങ്ങനെ ലോകത്തിന്‍മേലുള്ള അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളിയായി കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ മാറിയതോടെയാണ് അമേരിക്കയില്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങള്‍ക്ക് ആക്കം കൂടിയത്. അമേരിക്കക്കാരില്‍ കമ്മ്യൂണിസ്റ്റ് ഭീതി വലിയ തോതില്‍ ഭരണകൂടം നട്ടുനനച്ച് വളര്‍ത്തി.
കമ്മ്യൂണിസ്റ്റ് ചാരന്മാര്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രചാരണം ശക്തമാക്കി. സോവിയറ്റ് യൂണിയനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനായ ആൾജർ ഹിസിന്റെ കേസ് വലിയ ഭീതി അമേരിക്കയിൽ സൃഷ്ടിച്ചിരുന്നു. ആണവ രഹസ്യങ്ങൾ ചോർത്തിയതിന് എഥലിനെയും ജൂലിയസ് റോസൻബെർഗിനെയും വധശിക്ഷയ്ക്ക് വിധിച്ചത് ഭീതി ഇരട്ടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ചാരന്മാർ സർക്കാരിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആശങ്കയും ഇതോടെ ശക്തമായി. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭയം ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മാധ്യമങ്ങളും പ്രധാനപങ്ക് വഹിച്ചു.
കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള സെന്‍സേഷണല്‍ കഥകള്‍ അക്കാലത്ത് അമേരിക്കയില്‍ സര്‍വ സാധാരണമായിരുന്നു. അന്യഗ്രഹ ആക്രമണങ്ങളെയും കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെയും കുറിച്ചുള്ള സിനിമകള്‍ ഉള്‍പ്പെടെയുള്ളവ അക്കാലത്തെ ജനപ്രിയ വിഷയങ്ങളായിരുന്നു. കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കോമിക് പുസ്തകങ്ങള്‍ പോലും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് അണുബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ എന്തുചെയ്യണമെന്ന് വിശദീകരിക്കുന്ന ഇൻസ്ട്രക്ഷണൽ ഷോർട്ട് ഫിലിം പോലും അക്കാലത്തുണ്ടായി. ആനിമേഷൻ, ലൈവ്-ആക്ഷൻ ഫൂട്ടേജുകൾ എന്നിവയോട് കൂടിയ വോയ്‌സ് ഓവർ വിവരണത്തിലാണ് ഡക്ക് ആൻഡ് കവർ എന്ന ആ ഷോർട്ട് ഫിലിം പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റുകളായ സോവിയറ്റ് യൂണിയന്‍ ഏതുനിമിഷവും തങ്ങള്‍ക്ക് നേരെ ആണവാക്രമണം നടത്തിയേക്കാം എന്ന ഭീതി സ്‌കൂള്‍ കുട്ടികളില്‍ പോലും സൃഷ്ടിക്കുകയും പ്രതിരോധ മാര്‍ഗങ്ങള്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയനെ ശത്രുപക്ഷത്ത് നിര്‍ത്തി ഭരണകൂടവും മാധ്യമങ്ങളും സൃഷ്ടിച്ചെടുത്ത ഈയൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒരു കാലത്ത് അമേരിക്കന്‍ ജനതയുടെ പൊതുബോധത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഇതിൽ നിന്ന് രാഷ്ട്രീയമായി റിപ്പബ്ലിക്കൻ പാർട്ടി നേട്ടവും കൊയ്തിരുന്നു.
ഈ ഭൂതകാലത്തെ പൊടി തട്ടിയെടുക്കാനാണ് ട്രംപ് ഇപ്പോള്‍ ശ്രമിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനിലപാട് മുതല്‍ ചങ്ങാത്ത മുതലാളിത്ത സാമ്പത്തിക നയങ്ങളെ അടക്കം ശക്തമായി എതിര്‍ക്കുന്ന മംദാനി അമേരിക്കയിലെ സാധാരണക്കാരന്റെ വിഷയങ്ങളെയാണ് ഏറ്റവും ശക്തമായി അഭിസംബോധന ചെയ്യുന്നത്. ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് മുതല്‍ സാഹോദര്യത്തെയും ജനാധിപത്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന മംദാനിയുടെ ഇടപെടലുകള്‍ക്ക് വരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിച്ചത്, സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നിലപാടുകള്‍ സാധാരണക്കാരന്റെ ശബ്ദമായി മാറിയിരുന്നു.
പലസ്തീന്‍ ജനതയ്ക്കും ഗാസയ്ക്കും വേണ്ടി അമേരിക്കയില്‍ ഉയരുന്ന ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നിലപാടുകളില്‍ ഒന്ന് മംദാനിയുടേതാണ്. നെതന്യാഹുവിന്റെയും മോദിയുടെയും ശക്തമായ വിമര്‍ശകനാണ് മംദാനി. അതിനാല്‍ തന്നെ മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ഭാവിയില്‍ റിപ്പബ്ലിക്കന്മാരെ വെല്ലുവിളിക്കുന്ന ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മംദാനി മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. ഇത്തരം ഘടകങ്ങളെല്ലാം ആകണം അമേരിക്കയുടെ പൊതുബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭീതിയെ മംദാനിക്കെതിരെ തിരിച്ചുവിടാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്.
നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയായി മത്സരിച്ച കമല ഹാരിസിനെയും കമ്മ്യൂണിസ്റ്റ് എന്ന വിശേഷണത്തോടെ ട്രംപ് അധിക്ഷേപിച്ചിട്ടുണ്ട്. കമല ഹാരിസിനെ 'സഖാവ് കമല'യെന്ന് ട്രൂത്ത് സോഷ്യല്‍, എക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ട്രംപ് വിശേഷിപ്പിച്ചിരുന്നു. ചിക്കാഗോയില്‍ കമ്മ്യൂണിസ്റ്റുകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന നിലയില്‍ കമല ഹാരിസിന്റെ എഐ ചിത്രവും ഈ ഘട്ടത്തില്‍ ട്രംപ് പ്രചരിപ്പിച്ചിരുന്നു. കമലയുടെ പിതാവ് ഡൊണാള്‍ഡ് ജെ ഹാരിസിന്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ ഈ നീക്കം.
ട്രംപിന്റെ തീവ്രവതുപക്ഷ നിലപാടിനെതിരെ ശക്തമായ നിലപാടെടുത്ത കമലയ്‌ക്കെതിരെ പ്രയോഗിച്ച അതേ ആയുധമാണ് കൂടുതല്‍ മൂര്‍ച്ചയോടെ ഇപ്പോള്‍ മംദാനിക്കെതിരെ ട്രംപ് തിരിക്കുന്നത്. ഉഗാണ്ടന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതനമായ മഹമൂദ് മംദാനിയുടെ മകനാണ് സൊഹ്‌റാന്‍ മംദാനി. മംദാനിയ്ക്കും കമലയ്ക്കും കുടിയേറ്റ പശ്ചാത്തലമുണ്ട്. രണ്ട് പേരുടെയും അമ്മമമാര്‍ ഇന്ത്യന്‍ വംശജരാണ്. ഈ നിലയില്‍ ട്രംപിന്റെ തീവ്ര കുടിയേറ്റ വിരുദ്ധ സമീപനവും മംദാനിക്കെതിരായ പ്രതികരണങ്ങളില്‍ അന്തര്‍ലീനമാണ്.
മാര്‍ക്‌സിസ്റ്റ് ഭ്രാന്തന്‍മാര്‍ക്ക് രാജ്യത്തെ അടിയറ വെയ്ക്കാന്‍ വേണ്ടിയല്ല നമ്മുടെ മുന്‍തലമുറ രക്തം ചിന്തിയത് എന്നായിരുന്നു രാജ്യത്തിന്റെ 250-ാം വാര്‍ഷികത്തില്‍ ട്രംപിന്റെ പരാമര്‍ശം. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. അധിനിവേശത്തിനും വംശീയതയ്ക്കുമെതിരെ ധീരമായ നിലപാടുള്ള സൊഹ്‌റാന്‍ മംദാനിയുടെ വളര്‍ച്ച ലോക വലതുപക്ഷത്തെ ഭയപ്പെടുത്തുന്നു എന്ന് തീര്‍ച്ച…..
Content Highlights: Why Donald Trump constantly call Mamdani a communist and a Marxist lunatic?