ദലൈ ലാമയുടെ പിന്‍ഗാമിയും ഇന്ത്യയും; എന്തായിരിക്കും ചൈനയുടെ 'സ്ട്രാറ്റജിക് മൂവ്'?

ഈ രണ്ടു പ്രതികരണങ്ങളില്‍ നിന്നും ലോകം മനസ്സിലാക്കിയത് ഇത്രയുമാണ്, പതിറ്റാണ്ടുകളായി തുടരുന്ന ടിബറ്റ്-ചൈന സംഘര്‍ഷത്തിന് അയവൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, അല്ലെങ്കില്‍ കാര്യങ്ങള്‍ അല്പം കൂടി വഷളാകുന്നു.

dot image

'പിന്‍ഗാമി ആരായിരുന്നാലും ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരം വേണം' തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന ദലൈ ലാമയുടെ പ്രഖ്യാപനത്തോട് ചൈന പ്രതികരിച്ചത് പിന്‍ഗാമിയെ നിശ്ചയിക്കേണ്ടത് തങ്ങളാണെന്ന അധികാരത്തിന്റെ ഭാഷയിലായിരുന്നു. 'ഈ വിഷയത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ല' എന്ന് ചൈനയെ പ്രകോപിപ്പിച്ചുകൊണ്ട് ദലൈ ലാമ മറുപടിയും നല്‍കി. ഈ രണ്ടു പ്രതികരണങ്ങളില്‍ നിന്നും ലോകം മനസ്സിലാക്കിയത് ഇത്രയുമാണ്, പതിറ്റാണ്ടുകളായി തുടരുന്ന ടിബറ്റ്-ചൈന സംഘര്‍ഷത്തിന് അയവൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, അല്ലെങ്കില്‍ കാര്യങ്ങള്‍ അല്പം കൂടി വഷളാകുന്നു.

ദലൈ ലാമ ചൈനയ്‌ക്കെന്നും വിഘടനവാദിയാണ്. ആറ് ദശലക്ഷത്തിലധികം ജനങ്ങളുള്ള ടിബറ്റിന് സ്വാതന്ത്ര്യം തേടുന്ന 'ട്രെയ്റ്റര്‍'! ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ യാതൊരു അധികാരവുമില്ലാത്ത നാടുവിട്ടോടിയവന്‍. 1959ല്‍ ചൈനീസ് അധിനിവേശത്തെ തുടര്‍ന്നാണ് ഒരു സാധാരണ സൈനികന്റെ വേഷത്തില്‍ ലാസയില്‍ നിന്ന് 14-ാം ദലൈ ലാമ തന്റെ ശിഷ്യരുമായി പലായനം ചെയ്യുന്നത്. തുടര്‍ന്നുള്ള ഏഴുപതിറ്റാണ്ടുകള്‍ ടിബറ്റിന്റെ സ്വയംഭരണത്തിനായുള്ള പോരാട്ടത്തിന്, ആ ജനതയുടെ മതസ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം ഇന്ത്യയില്‍ അഭയാര്‍ഥിയായിക്കഴിഞ്ഞുകൊണ്ടുതന്നെ നേതൃത്വം നല്‍കി. ടിബറ്റിന് വേണ്ടി സംസാരിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോള്‍ പോലും ചൈന നേരിട്ടിരുന്ന വെല്ലുവിളി ആ ജനതയുടെ പ്രത്യേക വിശ്വാസവും സംസ്‌കാരവുമായിരുന്നു. ഒരു കമ്യൂണിസ്റ്റ് രാജ്യത്തോട് ലയിക്കാന്‍ വിമുഖത പ്രകടമാക്കിക്കൊണ്ട് ആ വൈവിധ്യം മുഴച്ചുതന്നെ നിന്നു. ദലൈ ലാമയ്ക്കുണ്ടായ ജനപ്രീതിയും അംഗീകാരവും മോവ മുതല്‍ ഷി ജിന്‍പിങ്ങുവരെയുള്ള ചൈനയുടെ ഉന്നത നേൃത്വത്തിന് തലവേദനയും സൃഷ്ടിച്ചു.

'എപ്പോഴെങ്കിലും ആ ആത്മീയ ചൈതന്യത്തെ നേരിട്ട് കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദര്‍ശനം വലിയൊരു അനുഗ്രഹമായിരിക്കും. എന്നാല്‍ ഈ ജീവിതത്തില്‍ അതിനി സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല.'പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ടിബറ്റന്‍ ബുദ്ധമത വിശ്വാസി ഒരു രാജ്യാന്തര മാധ്യമത്തോട് മനസ്സ് തുറന്നത് ഇങ്ങനെയാണ്. 'സന്യാസി വേഷം ധരിച്ച ചെന്നായ' എന്ന വിശേഷണം നല്‍കി അദ്ദേഹത്തെ വിഘടനവാദിയായി ചൈന ചിത്രീകരിക്കുന്നതും വീടുകളില്‍ ദലൈ ലാമയുടെ ചിത്രം വയ്ക്കുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തുന്നതുമെല്ലാം ആ തലവേദനയെ നിര്‍ബന്ധപൂര്‍വം അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. വീടിന്റെ ചുവരുകളില്‍ നിന്ന് ലാമയുടെ ചിത്രം മാറ്റപ്പെട്ടെങ്കിലും സ്വത്വബോധമുള്ള ടിബറ്റന്‍ ജനതയുടെ ഹൃദയങ്ങളില്‍ ആരാലും മായ്ക്കപ്പെടാന്‍ സാധിക്കാത്ത വിധം ദലൈ ലാമയുടെ മുഖം ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.അതിനെയും പ്രതിരോധിക്കാന്‍ ചൈന കണ്ടെത്തിയ പ്രതിരോധ മാര്‍ഗമായിരുന്നു ടിബറ്റന്‍ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍. ടിബറ്റുകാര്‍ക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനമുയരുന്നത് അതിനെത്തുടര്‍ന്നാണ്.

ചൈന നടത്തുന്ന സ്‌കൂളുകളില്‍ ടിബറ്റന്‍ കുട്ടികള്‍ നേരിടുന്ന അവഗണന, അധിക്ഷേപം, വംശ പാരമ്പര്യം എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനായി നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളെല്ലാം മനുഷ്യാവകാശ സംഘമായ ടിബറ്റ് ആക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബത്തില്‍ നിന്നും കുട്ടികളെ നിര്‍ബന്ധിതമായി മാറ്റിത്താമസിപ്പിക്കുകയും അവരെ മന്ദാരിന്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ടിബറ്റന്‍ വേരുകളെ പൂര്‍ണമായി ഇല്ലാതാക്കാനാണ് ചൈനയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ, കമ്യൂണിസ്റ്റ് ഭരണകൂടത്തോട് വിധേയപ്പെട്ട് നില്‍ക്കുന്ന ഒരു കൂട്ടം ടിബറ്റന്‍ ലാമമാരെയും ഭരണകൂടം വളര്‍ത്തിയെടുത്തിട്ടുണ്ട്. 1995ല്‍ ടിബറ്റന്‍ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നതപദവിയിലേക്ക് ദലൈ ലാമ നിര്‍ദേശിച്ച അഞ്ചുവയസ്സുള്ള പഞ്ചന്‍ ലാമയ്ക്ക് പകരം ചൈന നിയോഗിച്ച പഞ്ചന്‍ ലാമയടക്കമുള്ളവര്‍ ഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്നവരാണ്.

പരമ്പരാഗത രീതിയില്‍ ദലൈ ലാമയുടെ പിന്‍ഗാമിയെ കണ്ടെത്തുന്ന പ്രക്രിയ ചൈനീസ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത് 2004ലാണ്. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ദലൈ ലാമയുടെ പിന്‍ഗാമിയെ തിരയുന്നതും തിരിച്ചറിയുന്നതും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് 2007ല്‍ ഉത്തരവിടുകയും ചെയ്തു. പരമ്പരാഗതമായ വിശ്വാസങ്ങള്‍ക്ക് പകരം ദലൈ ലാമയെ തിരഞ്ഞെടുക്കുന്നതിനായി ഗോള്‍ഡന്‍ ഏണ്‍ രീതി (Golden Urn) എന്ന് വിളിക്കപ്പെടുന്ന നറുക്കെടുപ്പ് രീതി കൊണ്ടുവന്നു. ഈ തിരഞ്ഞെടുപ്പിന്റെ ആത്മീയവശങ്ങളെ ചോദ്യം ചെയ്ത ദലൈ ലാമ ആ നടപടിയെ പൂര്‍ണമായി നിരാകരിക്കുകയാണ് ചെയ്തത്. തന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ടത് ചൈനീസ് നിയന്ത്രണത്തിലുള്ള ഒരിടത്തുനിന്നല്ല സ്വതന്ത്രമായ ഒരു രാജ്യത്ത് നിന്നായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ചൈന തിരഞ്ഞെടുക്കുന്ന ലാമയ്ക്ക് ടിബറ്റന്‍ ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചൈനയ്ക്കുള്ളിലെ ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കാത്ത ഒരാളല്ല അത് തീരുമാനിക്കേണ്ടതെന്നായിരുന്നു ചൈനയുടെ മറുപടി. ഇക്കഴിഞ്ഞ ദിവസങ്ങളിലും അവര്‍ ആവര്‍ത്തിച്ചത് അതുതന്നെയാണ്. 'ദലൈ ലാമ ടിബറ്റ് ജനതയുടെ പ്രതിനിധി അല്ല, പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കും.'

എന്തായിരിക്കും ചൈനയുടെ സ്ട്രാറ്റജിക് മൂവ്?

വിശ്വാസികളുടെ ദീര്‍ഘകാലമായുള്ള ആശങ്കകള്‍ക്ക് വിരാമമിട്ട് തനിക്ക് പിന്‍ഗാമി വരുമെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ പ്രഖ്യാപനം ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ട തത്വമനുസരിച്ച് ദലൈ ലാമയുടെ തിരഞ്ഞെടുപ്പിന് ചൈനയുടെ അംഗീകാരം വേണമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞുകൊണ്ട് ദലൈ ലാമയുടെ പ്രഖ്യാപനത്തെ ചൈന തള്ളുകയാണ് ഉണ്ടായത്. ചൈനയെ സംബന്ധിച്ചിടത്തോളം പിന്‍ഗാമി വരുന്നത് ടിബറ്റില്‍ പിടിമുറുക്കുന്നതിനുള്ള തന്ത്രപരമായ അവസരമാണ്. പിന്‍ഗാമിയായി കണ്ടെത്തുന്നത് ഒരു കുട്ടിയെയാണെങ്കില്‍ കുട്ടി മുതിര്‍ന്ന് നേതൃത്വ പദവിയിലെത്തുവരെയുള്ള അധികാര ശൂന്യത ചൈനയ്ക്ക് ടിബറ്റില്‍ പിടിമുറുക്കുന്നതിനുള്ള അവസരമായി മാറ്റാനാകും.

പ്രായപൂര്‍ത്തിയായ ഒരു പിന്‍ഗാമിയെ പ്രഖ്യാപിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നതെങ്കിലും പരമ്പരാഗതമായ പുനര്‍ജന്മ പ്രക്രിയയാണ് പിന്‍ഗാമിയുടെ പ്രഖ്യാപനത്തിന് സ്വീകരിക്കുന്നതെങ്കില്‍ പിന്‍ഗാമി കുട്ടിയായിരിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ 95ല്‍ ദലൈലാമ തിരഞ്ഞെടുത്ത പഞ്ചന്‍ ലാമ അപ്രത്യക്ഷനാകുകയും ബെയ്ജിങ് അവര്‍ തിരഞ്ഞെടുത്ത പഞ്ചന്‍ ലാമയെ നിയമിക്കുകയും ചെയ്ത പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ധരംശാലയിലെ ബുദ്ധമത വിശ്വാസികള്‍ കണ്ടെത്തുന്ന പിന്‍ഗാമിക്ക് പുറമേ, ചൈന തങ്ങള്‍ അംഗീകരിച്ച മറ്റൊരു ദലൈ ലാമയെ പ്രഖ്യാപിച്ചേക്കാനുള്ള സാധ്യതയെ കുറിച്ചും ചരിത്രഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പതിനഞ്ചാമത് ദലൈലാമയുടെ പ്രഖ്യാപനം അനിശ്ചിതത്വവും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നിറഞ്ഞതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ടിബറ്റുകാരെ ഭിന്നിപ്പിച്ച് കാര്യം നേടാനും ചൈന മടിച്ചേക്കില്ല.

ഇന്ത്യയുടെ നിലപാട് നിര്‍ണായകമോ?

ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയ രീതിയില്‍ തന്നെയാണ് സ്വാധീനിച്ചിട്ടുള്ളത്. ദലൈ ലാമയുടെ പിന്‍ഗാമിയെ കുറിച്ചുള്ള ചൈനയുടെ നിലപാടിനെ തള്ളി ഇതിനകം ഇന്ത്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം അദ്ദേഹത്തിനും ബന്ധപ്പെട്ട പ്രസ്ഥാനത്തിനുമാണെന്നും അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നുമാണ് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. 24-ാം വയസ്സിലാണ് ദലൈ ലാമ ഇന്ത്യയില്‍ അഭയം തേടുന്നത്. അന്നുമുതലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്. 66 വര്‍ഷമായി ദലൈ ലാമയ്ക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യക്ക് ദലൈ ലാമയുടെ സ്ഥാപനത്തിന്റെ ഭാവി തീരുമാനിക്കുന്നതിലും നിര്‍ണായക പങ്കുണ്ട്. എങ്കില്‍പോലും ഇന്ത്യയില്‍ കഴിയുന്ന ടിബറ്റന്‍ അഭയാര്‍ഥികളെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറി ഭിന്നിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ രാജ്യസുരക്ഷയില്‍ അത് വലിയ വിള്ളല്‍ വീഴ്ത്തും.

ഇന്ത്യന്‍ നിലപാട് തന്നെയായിരിക്കും ഇക്കാര്യത്തില്‍ യുഎസിന്റേതും. എണ്‍പതുകള്‍ മുതല്‍ ടിബറ്റന്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്ക ഇടപെടുന്നുണ്ട്. ദലൈ ലാമയെ ഔദ്യോഗികമായി വൈറ്റ് ഹൈസിലേക്ക് ആദ്യം സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണാണ്. ടിബറ്റന്‍ ബുദ്ധമതം ഉള്‍പ്പെടെ ചൈനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് ക്ലിന്റണ്‍ ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവായിട്ടാണ് ധരംശാലയില്‍ 2011ല്‍ രൂപീകരിച്ച പ്രവാസ സര്‍ക്കാരായ ഗാഡെന്‍ ഫ്രോദ്രാങ്ങിനെ യുഎസ് നോക്കിക്കാണുന്നത്. യുഎസ്-ചൈന അസ്വാരസ്യങ്ങള്‍ക്കിടയില്‍ ചൈനയ്‌ക്കെതിരായുള്ള വടിയായി ഈ തീരുമാനത്തെ ഉപയോഗിക്കാനും സാധ്യതയുണ്ട്.

ദലൈ ലാമയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി ധരംശാലയിലെ തെരുവുകള്‍ ഒരുങ്ങുകയാണ്. ദലൈ ലാമയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പോലും നിരോധിച്ചിരിക്കുന്ന ടിബറ്റില്‍ ടിബറ്റന്‍ ബുദ്ധമത വിശ്വാസികള്‍ ആ ദിവസം കൊണ്ടാടുന്നുണ്ടെങ്കില്‍ അത് അതീവ രഹസ്യമായിട്ടായിരിക്കും. ആഘോഷം ശ്രദ്ധയില്‍ പെട്ടാന്‍ അറസ്റ്റ് ഉറപ്പാണ്. ദലൈലാമയുടെ ജന്മദിനാഘോഷ വേളയില്‍ ടിബറ്റില്‍ എല്ലായ്‌പ്പോഴും സുരക്ഷ ശക്തമാക്കാറുണ്ട്. ബുദ്ധസന്യാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നേരത്തേ ബുദ്ധമത ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ഡസന്‍ കണക്കിന് ആളുകളെ ചൈന അറസ്റ്റ് ചെയ്തതായിട്ടുള്ള റിപ്പോര്‍ട്ടുകളുണ്ട്. ധരംശാലയിലെ സമ്മേളനത്തിന് മുന്നോടിയായി ടിബറ്റന്‍ ഗ്രാമങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുമുണ്ട്.

മരിക്കുന്നതിന് മുന്‍പ് അവസാനമായി ടിബറ്റ് സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ഒരിക്കല്‍ ദലൈ ലാമ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ അദ്ദേഹം അതിന് മുതിരുകയുള്ളൂ. എന്നാല്‍ ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് പരസ്യമായി ദലൈ ലാമ അംഗീകരിക്കുകയും ചൈനയിലെത്തിയാല്‍ അവിടെ തുടരുകയും ചെയ്യണമെന്നാണ് ചൈനയുടെ ആവശ്യം. അതുകൊണ്ട് ദലൈ ലാമയുടെ ആ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടാനുള്ള സാധ്യതകളില്ല. അദ്ദേഹത്തെ ഒരു നോക്ക് കാണാനുള്ള അവസരം പോലും ടിബറ്റുകാര്‍ക്ക് ലഭിക്കാതെ ഒരുപക്ഷെ ആ യുഗം അവസാനിച്ചേക്കാം. 'എന്റെ കിടക്കയില്‍ ചൈനക്കാര്‍ ഇരുന്നുകൊണ്ടുള്ള ഒരു മരണം ഞാനാഗ്രഹിക്കുന്നില്ല. ഇന്ത്യക്കാര്‍, എന്റെ സുഹൃത്തുക്കള്‍…അവര്‍ എനിക്ക് സമീപം കിടക്കയിലിരിക്കുമ്പോഴുള്ള മരണമാണ് ഞാനാഗ്രഹിക്കുന്നത്.' ദലൈ ലാമ പറയുന്നു.

Content Highlights: India's Role in the Succession of the Dalai Lama: A Spiritual and Political Dilemma

dot image
To advertise here,contact us
dot image