
ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ ആറാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് ഉയർത്തി ഹാരി ബ്രൂക്ക് - ജാമി സ്മിത്ത് സഖ്യം. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് ഇരുതാരങ്ങളും ചരിത്രം കുറിച്ചത്. ആറാം വിക്കറ്റിൽ ബ്രൂക്ക് - സ്മിത്ത് സഖ്യം 303 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബെൻ സ്റ്റോക്സും ജോണി ബെർസ്റ്റോയും ചേർന്ന് നേടിയ 399 റൺസിന്റെ പാട്ണർഷിപ്പാണ് ആറാം വിക്കറ്റിൽ ഇംഗ്ലണ്ട് താരങ്ങൾ അടിച്ചെടുത്ത ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
മത്സരത്തിൽ 207 പന്തിൽ 184 റൺസെടുത്ത ജാമി സ്മിത്ത് പുറത്താകാതെ നിന്നു. 21 ഫോറുകളും നാല് സിക്സറുകളും സഹിതമാണ് സ്മിത്തിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ട് ബാറ്റർമാരിൽ ടോപ് സ്കോററായതും സ്മിത്താണ്. 234 പന്തിൽ 17 ഫോറും ഒരു സിക്സറും ഉൾപ്പെട്ടതായിരുന്നു ഹാരി ബ്രൂക്കിന്റെ ഇന്നിങ്സ്. 158 റൺസാണ് ഹാരി ബ്രൂക്ക് നേടിയത്. എന്നാൽ ഹാരി ബ്രൂക്ക് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് പെട്ടന്നുതന്നെ അവസാനിച്ചു. 20 റൺസിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായത്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കാണ് മേൽക്കൈ. മത്സരത്തിന്റെ മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ലീഡ് 244 റൺസായി ഉയർന്നിട്ടുണ്ട്. സ്കോർ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 407. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ്.
Content Highlights: Harry Brook, Jamie Smith record second-highest 6th-wicket partnership for England in Tests