
അടുത്തിടെയാണ് കടുത്ത ലെഡ് വിഷബാധയെ തുടർന്ന് മുംബെെ സ്വദേശിയായ 50 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ഓർമക്കുറവ്, ക്ഷീണം, കാലുകളിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിക്കുകയും വിശദ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തത്. പരിശോധനയിലെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു, പ്രഷർ കുക്കറാണ് ശരീരത്തിലെ ലെഡിന്റെ അംശം കൂടാൻ കാരണമെന്നായിരുന്നു പരിശോധന ഫലത്തിൽ നിന്നും വ്യക്തമായത്.
വിശദ പരിശോധനയെ തുടർന്നായിരുന്നു 50കാരന്റെ ശരീരത്തിൽ ഉയർന്ന അളവിലുള്ള ലെഡ് അംശം കണ്ടെത്തിയത്. എന്നാൽ ഒരു വിധത്തിലും ഇത്രയധികം ലെഡ് ശരീരത്തിൽ എത്താനുള്ള സാധ്യത കണ്ടെത്താനായില്ല. പിന്നീട് വിശദമായ പരിശോധനയിലൂടെയാണ് പ്രഷർ കുക്കറിൽ നിന്നാണ് ലെഡിന്റെ അംശം ശരീരത്തിൽ എത്തിയത് എന്ന് കണ്ടെത്തിയത്. 20 വർഷമായി ഒരേ പ്രഷർ കുക്കറിൽ തന്നെയാണ് ഇയാളുടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ കണ്ടെത്തലാണ് രോഗിയുടെ ശരീരത്തിലെ ലെഡിന്റെ അംശത്തിന്റെ ഉറവിടം പ്രഷർ കുക്കറാണ് എന്ന് മനസിലാക്കാൻ സഹായിച്ചത്.
'പഴയതോ, കേടായതോ ആയ അലുമിനിയം പ്രഷർ കുക്കറുകൾ അസിഡിറ്റി അടങ്ങിയിട്ടുള്ള ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ലെഡ്, അലുമിനിയം കണികകൾ ഇതിലൂടെ ഭക്ഷണത്തിൽ കലരുകയും, ഇതുവഴി ശരീരത്തിലെ ന്യൂറൽ കാത്സ്യം ചാനലുകൾ തടയപ്പെടുകയും തലച്ചോറിന്റെ സിഗ്നലുകൾ മന്ദഗതിയിലാവുകയും ചെയ്യുന്നു.' വിദഗ്ധർ അഭിപ്രായപ്പെട്ടു.
50കാരനായ രോഗിയെ പിന്നീട് ചേലേഷൻ തെറാപ്പി (ശരീരത്തിൽ അധികമുള്ള ഇരുമ്പ് പുറന്തള്ളുന്നതിനുള്ള പ്രക്രിയ)ക്ക് വിധേയമാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില പൂർവ്വ സ്ഥിതിയിലാവുകയാണ്.
എന്താണ് ലെഡ് വിഷബാധ
ശരീരത്തിൽ ആവിശ്യത്തിലധികം ലെഡ് അടിഞ്ഞ് കൂടി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനെ ലെഡ് വിഷബാധ എന്ന് പറയുന്നു. മസ്തിഷ്‌കത്തെയാണ് ലെഡ് വിഷബാധ ഏറ്റവുമധികം ബാധിക്കുന്നത്. വയറുവേദന, മലബന്ധം, തലവേദന, ഓർമ പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ലെഡ് വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. വിഷബാധ രൂക്ഷമാണെങ്കിൽ വിളർച്ച, കോച്ചിപ്പിടുത്തം തുടങ്ങി മരണത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്. തലച്ചോർ, വൃക്കകൾ, പ്രത്യുൽപ്പാദന വ്യവസ്ഥ എന്നിവയെയാണ് ലെഡ് വിഷബാധ ബാധിക്കുക.
ലെഡ് വിഷബാധക്ക് മരുന്നുണ്ടോ?
വന്ധ്യത, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ ലെഡ് വിഷബാധയുടെ പാര്‍ശ്വഫലങ്ങൾ പൂർണമായും ഇല്ലാതാക്കാനാകില്ലെങ്കിലും നിങ്ങളുടെ വീട്ടിൽ നിന്നോ ചുറ്റുപാടിൽ നിന്നോ ലെഡിന്റെ ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലൂടെ രക്തത്തിലെ ലെഡിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.
രക്തത്തിലെ ലെഡിൻ്റെ അളവ് വളരെ കൂടുതലാണെങ്കിൽ, ചെലേറ്റിംഗ് ഏജന്റ് എന്നറിയപ്പെടുന്ന ഒരു മരുന്ന് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് രക്തത്തിലെ ലെഡിനെ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.
ലക്ഷണങ്ങൾ
മുതിർന്നവരിലും കുട്ടികളിലും ലക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കാം. തലവേദന, വയറുവേദന, ഓർമക്കുറവ്, വൃക്ക തകരാറ്, പ്രത്യുത്പാദന പ്രശ്‌നങ്ങൾ, ബലഹീനത, വേദന എന്നിവയാണ് മുതിർന്നവരിലെ പ്രധാന ലക്ഷണങ്ങൾ.
മുതിർന്നവരിൽ ഈയം വിഷബാധയുടെ ആദ്യ ലക്ഷണങ്ങൾ സാധാരണഗതിയിൽ വ്യക്തമല്ല. വിഷാദം, വിശപ്പ് കുറയൽ, ഇടയ്ക്കിടെ വയറുവേദന, ഓക്കാനം, വയറിളക്കം, മലബന്ധം, പേശി വേദന എന്നിവ ഉൾപ്പെടുന്നു. അസ്വാസ്ഥ്യം, ക്ഷീണം, ഉറക്കത്തിലെ പ്രശ്‌നങ്ങൾ എന്നിവയാണ് മുതിർന്നവരിൽ ആദ്യം പ്രകടമാകുന്നത്. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഗർഭിണിയായ സ്ത്രീയിൽ ഏൽക്കുന്ന ഈയം വിഷബാധ മൂലം കുഞ്ഞിന് ഭാരക്കുറവ് അനുഭവപ്പെടാം. കുട്ടികൾക്ക് ഈയം വിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ, മുതിർന്നവരെ അപേക്ഷിച്ച് വേഗത്തിൽ ഈയം ആഗിരണം ചെയ്യപ്പെടുന്നു. വിശപ്പ് കുറയൽ, വയറുവേദന, ഛർദ്ദി, ശരീരഭാരം കുറയൽ, മലബന്ധം, വിളർച്ച, വൃക്ക തകരാർ, അകാരണമായ ദേഷ്യം, അലസത, പഠന വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യം എന്നിവയാണ് കുട്ടികളിലെ പ്രധാന ലക്ഷണങ്ങൾ.
Content Highlight; Pressure Cooker Linked to Severe Lead Poisoning in Man