
മലയാള സിനിമയിലെ യുവ സംഗീത സംവിധായകരിൽ ഏറ്റവും ആരാധകപ്രീതി നേടിയ ആളാണ് സുഷിൻ ശ്യാം. ഓരോ കാലത്തും സിനിമകളില്‍ വ്യത്യസ്തമായ പാട്ടുകളുമായി വന്ന് ആരാധകരെ കയ്യിലെടുക്കാൻ സുഷിന് കഴിയാറുണ്ട്. എന്നാൽ ഇത്തവണ ആരാധകർക്ക് സ്‌പെഷ്യൽ സമ്മാനവുമായായിരുന്നു സുഷിന്റെ വരവ്.
ഇന്‍ഡീ മ്യൂസിക്കിലേക്കാണ് സുഷിന്‍ പുതിയ പാട്ടുമായി എത്തിയിരിക്കുന്നത്. ഇൻഡിപെൻഡന്റ് മ്യൂസിക്കിലെ തന്‍റെ ആദ്യത്തെ ചുവടുവെപ്പ് എന്ന മുഖവുരയോടെയാണ് സുഷിൻ തന്റെ പുതിയ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രമേയത്തിൽ വന്നിരിക്കുന്ന ഗാനത്തിന് റേ എന്നാണ് പേര് നൽകിയിരിക്കുന്നത്. സുഷിന്‍റെ യൂട്യുബ് ചാനലിലൂടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.
'ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലേക്ക് എന്റെ ആദ്യത്തെ ചുവടുവെപ്പ്. റേ നിങ്ങള്‍ക്ക് എന്ത് സമ്മാനിക്കുമെന്ന് എനിക്ക് അറിയില്ല, പക്ഷെ എന്നെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഞാന്‍ ആരാണ് എന്നതിന്റെ ഒരു ഭാഗം' എന്നാണ് സുഷിൻ തന്റെ പാട്ടിനെക്കുറിച്ച് എഴുതിയത്.
ജലമൗനം തേടും വേരുകൾ..എന്നാരംഭിക്കുന്ന വരികൾ പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. കുട്ടിക്കാല ഓർമകളും, അൽപം ഫാന്റസിയും കൂട്ടിച്ചേർത്ത് കൗതുകവും നൊസ്റ്റാള്‍ജിയയും ഒരുമിച്ചുണര്‍ത്തുന്ന രീതിയിലാണ് റേയുടെ ദൃശ്യാവിഷ്‌കരണം. വിനായക് ശശികുമാർ വരിയെഴുതിയ ഈ ഗാനം പാടിയിരിക്കുന്നതും സുഷിൻ തന്നെയാണ്. വീഡിയോയും കഥയും സംവിധാനവും വിമൽ ചന്ദ്രനാണ്.
അർച്ചിത് അഭിലാഷ്, രാമു ശ്രീകുമാർ, സുബീഷ് മീന സുധാകരൻ, രമ്യ അനൂപ്, ശരത് സുരേഷ് എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജയ് മേനോൻ, തിരക്കഥ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹർഷദ് അലി, പ്രൊഡക്ഷൻ ഹൗസ് പപ്പായ ഫിലിംസ്, എഡിറ്റർ അനന്ദു വിജയ്, കളറിസ്റ്റ് നികേഷ് രമേശ്, കലാസംവിധാനം നിരുപമ തോമസ്, വസ്ത്രാലങ്കാരം ഗീതാഞ്ജലി രാജീവ് എന്നിവരാണ് റേയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, ട്രാൻസ്, മിന്നൽ മുരളി, ഭീഷ്മ പർവ്വം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ഹിറ്റ് ആല്‍ബങ്ങളാണ് സുഷിന്റെ ലിസ്റ്റിലുള്ളത്. പാട്ടുകൾക്കൊപ്പം സുഷിൻ ചെയ്ത പശ്ചാത്തല സംഗീതവും വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിലെ സ്തുതി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. എന്നാൽ ഇതിന് ശേഷം സുഷിനെ സിനിമാ സംഗീത സംവിധാന രംഗത്ത് കണ്ടിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ 'റേ' പുറത്തുവന്നിരിക്കുന്നത്.
Content Highlight: Sushin Shyam Releases New Independent Music Video "Ray"