
മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ രോഗബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. പൊലീസിന്റെ നേതൃത്വത്തില്‍ രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ ശേഖരിക്കുന്നതായി മന്ത്രി പറഞ്ഞു. മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പറും മന്ത്രി ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണപൂരം
പാലക്കാട് മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പോലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നുണ്ട്. അതില്‍ പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതും കൂടി ചേര്‍ക്കുന്നതാണ്. മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക.
മലപ്പുറം-0483 2735010, 2735020
പാലക്കാട്-0491 2504002
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പാലക്കാടും മലപ്പുറത്തും നിപ സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശിനി നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പെണ്‍കുട്ടി നേരത്തേ മരിച്ചിരുന്നു. പതിനെട്ടുകാരിയായ മങ്കട സ്വദേശിയായിരുന്നു ഇക്കഴിഞ്ഞ ഒന്നാം തീയതി മരിച്ചത്. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നില ഗുരുതമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയായിരുന്നു മരണം. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്
Content Highlights-Minister Veena George release route map of patients who test positive nipah virus