
ദുബായ്ക്ക് പിന്നാലെ അബുദാബിയും എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദുബായില്‍ അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്റെ എയര്‍ ടാക്‌സി വിജയകരമായി പരീക്ഷിച്ചതിന്റെ രണ്ടാം ദിവസമാണ് അബുദാബിയിലും സമാനമായ പറക്കല്‍ നടക്കുന്നതും വിജയിക്കുന്നതും.
അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലാണ് പരീക്ഷണ പറക്കല്‍ നടന്നത്. അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനാണ് എയര്‍ടാക്‌സിയുടെ പിന്നില്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസുമായി ചേര്‍ന്നാണ് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കുന്നത്. അടുത്ത വര്‍ഷം ആദ്യം വാണിജ്യ അടിസ്ഥാനത്തില്‍ ആകാശത്തില്‍ ഇറക്കും. ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞുവെന്ന് അബുദാബി പ്രഖ്യാപിച്ചു.
ആകാശ യാത്രയുമായി ബന്ധപ്പെട്ട് പുതിയ മേഖല രൂപപ്പെടുത്തുകയാണ് പദ്ധതിയെന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റിന്റെ ഭാഗമായ ഓട്ടണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്‌സ് മേധാവി ഒമ്രാന്‍ മാലേക് പറഞ്ഞു. ടാക്‌സി സര്‍വ്വീസ് മാത്രമല്ല പൈലറ്റ് പരിശീലനം ടാക്‌സി നിര്‍മ്മാണം അടക്കം പല കാര്യങ്ങള്‍ക്കും വികസനമുണ്ടാകും. അല്‍ഐനിലാണ് എയര്‍ടാക്‌സി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. 2027 ആകുമ്പോഴേക്കും നിര്‍മ്മാണം ആരംഭിക്കും.
എയര്‍ ടാക്‌സിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ യോഗ്യതയുളളവരെ കണ്ടെത്തുന്നതിന് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളുമായി ധാരണയും രൂപപ്പെടുത്തിയിട്ടുണ്ട്.
എയര്‍ ടാക്‌സിയുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകളില്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് തന്നെ പരിശീലനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ കഠിനമായ ചൂടിനെ എയര്‍ടാക്‌സികള്‍ എങ്ങനെ പ്രതിരോധിക്കും എന്നറിയാനുളള പരീക്ഷണം കൂടിയാണ് നടക്കുന്നത്. കാലാവസ്ഥയുമായി ചേര്‍ന്നുപോകാനുള്ള ശേഷി എയര്‍ ടാക്‌സികള്‍ക്ക് ഉണ്ടെന്ന് തെളിയിക്കുന്നതോടെ നഗരങ്ങളെ ബന്ധിപ്പിച്ചുളള പരീക്ഷങ്ങളും നടക്കും. സുരക്ഷാ പരിശോധന അടക്കമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാകുന്നതോടെ ദുബായിലും അബുദാബിയിലും എയര്‍ ടാക്‌സികള്‍ സര്‍വ്വ സജ്ജമായി രംഗത്തിറങ്ങും.
Content Highlights :Abu Dhabi also successfully completes air taxi test flight. Huge job opportunities are coming