

തിരുവനന്തപുരം: വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എല്ലാത്തിനും നല്ലൊരു പര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യ പ്രസ്താവനകള്‍ വരുന്നത്. ഇവിടെ തീരേണ്ടത് ഇവിടെ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉമ്മന്‍ചാണ്ടി ഞങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. ചെറിയ പ്രായം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ഇപ്പോള്‍ നടക്കുന്നതില്‍ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വെച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.
നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ആളല്ല താൻ. അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ഇന്നലെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസിനുള്ളിലെ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എ ഗ്രൂപ്പ് അല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നുമുള്ള ഉണ്ണിത്താന്റെ പ്രതികരണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഓഫ് പൊളിറ്റിക്സിലെ ആരെയും കണ്ടില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി. പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാന്‍ എത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് ഉണ്ണിത്താന് പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി സ്കൂൾ ഒഫ് പൊളിറ്റിക്സിൽ പഠിച്ച എല്ലാവരും സരിത കേസ് വന്നപ്പോൾ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ചിലർ കുട പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, കെ സി ജോസഫ്, എ പി അനിൽ കുമാർ അടക്കമുള്ളവരെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താൻ.
ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബർ ആക്രമണം എല്ലാം താൻ പരിശോധിച്ചു. അപ്പോഴാണ് നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണം.
പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും രംഗത്തെത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞത് സത്യമാണെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പ്രതിസന്ധി സമയത്ത് കുറച്ചുപേരേ കൂടെ ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവർ പറഞ്ഞിരുന്നു.
ഷാഫി പറമ്പില്‍ അന്ന് എ ഗ്രൂപ്പിന്റെ ഭാഗം ഒന്നും ആയിരുന്നില്ല. ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ സ്നേഹിച്ച ആളായിരുന്നു ഷാഫി പറമ്പില്‍. അദ്ദേഹം ഇങ്ങോട്ട് എത്ര സ്നേഹിച്ചിരുന്നു എന്ന് അറിയില്ല. അത് അദ്ദേഹം മനസാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും മറിയാമ്മ പറഞ്ഞു. അന്ന് അവര്‍ കൊച്ചുപിള്ളേര് ആണെന്നും അവർ കൂട്ടിച്ചേർത്തു
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടു. അനുനയ നീക്കവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഇടപെടല്‍ നടത്തിയത്. രാജ്മോഹന്‍ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ദീപ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കണെമന്ന് ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പുറത്താക്കണമെന്ന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. അതേസമയം ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതല്‍ യുവനേതാക്കളും രംഗത്തുവന്നിരുന്നു.
Content Highlights: Speaker Thiruvanchoor Radhakrishnan says Congress is a party with a long-standing legacy