

വിദേശയാത്രയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിമാനത്തില്‍ കയറലും വിസയും വലിയ ചെലവുമൊക്കെയാണ് പലരുടെയും മനസ്സിലേക്ക് വരുന്നത്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. പ്രകൃതിഭംഗി ആസ്വദിക്കാനും തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനും ബന്ധുക്കളെ കാണാനുമൊക്കെ നേപ്പാളിലേക്ക് പോകുന്നവര്‍ ഏറെയാണ്. ട്രെയിനില്‍ നേപ്പാളിലേക്ക് യാത്ര ചെയ്യാനും വഴികളുണ്ട്. എന്നാല്‍ യാത്രയ്ക്ക് ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയാണ്?, ടിക്കറ്റ് എവിടെ നിന്ന് ബുക്ക് ചെയ്യാം?, നേപ്പാളിലെ ജനക്പുര്‍, കാഠ്മണ്ഡു, പൊഖ്‌റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എങ്ങനെ എത്താം?.തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞാലോ.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേപ്പാളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ല. എന്നാല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. യാത്രയ്ക്കായി ഇന്ത്യന്‍ പാസ്പോര്‍ട്ടോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ യഥാര്‍ഥ വോട്ടര്‍ ഐഡിയോ കൈവശം കരുതണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ മാത്രം ആശ്രയിച്ച് അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുത്. യാത്രയ്ക്ക് മുമ്പ് അംഗീകരിച്ച രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത വോട്ടര്‍ ഐഡി മതിയാകില്ലെന്നതും ശ്രദ്ധിക്കുക.

ജനക്പുരിലേക്ക് ജയ്നഗര്‍ വഴി
നേപ്പാളിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ജനക്പുര്‍ധാമിലേക്ക് ബിഹാറിലെ ജയ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ നിന്ന് യാത്ര തുടങ്ങാം.ജയ്നഗറില്‍ നിന്ന് നേപ്പാള്‍ റെയില്‍വേയുടെ ട്രെയിനില്‍ ജനക്പുര്‍ധാമിലേക്കും കുര്‍ത്തയിലേക്കും യാത്ര ചെയ്യാം.
കാഠ്മണ്ഡു, പൊഖ്‌റ എന്നിവിടങ്ങളിലേക്ക് ഗോരഖ്പുര്‍ വഴി പോകാം
കാഠ്മണ്ഡുവിലേക്കോ പൊഖ്‌റയിലേക്കോ പോകുന്നവര്‍ക്ക് ആദ്യം ഗോരഖ്പുര്‍ വരെ ട്രെയിനില്‍ എത്താം. അവിടെ നിന്ന് സോനൗലി അതിര്‍ത്തിയിലേക്ക് ബസിലോ ടാക്‌സിയിലോ പോകാം. അതിര്‍ത്തി കടന്നശേഷം നേപ്പാളിലെ ഭൈരഹവ വഴി മറ്റ് നഗരങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ലഭിക്കും.
ബീര്‍ഗഞ്ചിലേക്ക് റക്‌സൗള്‍ വഴി
ബിഹാറിലെ റക്‌സൗള്‍ റെയില്‍വേ സ്റ്റേഷന്‍ നേപ്പാളിലെ ബീര്‍ഗഞ്ചിന് സമീപമാണ്. റക്‌സൗളിലെത്തിയ ശേഷം റോഡ് മാര്‍ഗം അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് എത്താന്‍ സാധിക്കും.
വിരാട്‌നഗറിലേക്ക്
ബിഹാറിലെ ജോഗ്ബനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേപ്പാളിലെ വിരാട്‌നഗറിലേക്ക് റോഡ് മാര്‍ഗം എത്താം. വിരാട്‌നഗറിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോകുന്നവര്‍ക്ക് ഈ വഴി പ്രയോജനപ്പെടും.
ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ജയ്നഗര്‍, ഗോരഖ്പുര്‍, റക്‌സൗള്‍, ജോഗ്ബനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് ലഭിക്കും. ജയ്നഗറില്‍ നിന്ന് ജനക്പുര്‍ധാമിലേക്കും കുര്‍ത്തയിലേക്കും പോകുന്ന നേപ്പാള്‍ റെയില്‍വേ ട്രെയിനുകളുടെ ടിക്കറ്റ് ബന്ധപ്പെട്ട സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് വാങ്ങാം.

നേപ്പാളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ സര്‍വീസാണ് സര്‍യുകമല എക്‌സ്പ്രസ്. ഉത്തര്‍പ്രദേശിലെ അയോധ്യ കാന്റിനെയും നേപ്പാളിലെ ജനക്പുര്‍ധാമിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ 2026 നവംബര്‍ 28 മുതല്‍ പതിവ് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 604 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രവും ജനക്പുര്‍ധാമിലെ ജാനകി ക്ഷേത്രവും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്ക് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടും. എന്നാല്‍ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടോ, ലഭ്യമായ സീറ്റുകള്‍ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങള്‍ ഐആര്‍സിടിസിയില്‍ പരിശോധിച്ചശേഷം മാത്രം യാത്ര ഉറപ്പാക്കുക.
Content Highlights : You can travel to Nepal by train. What documents do Indian citizens need? Is a visa required? Where should tickets be booked?