മൂന്ന് മാസത്തിനിടെ സ്വർണവിലയിൽ 27% ഇടിവ്; പവന് 75,500 രൂപ വരെ താഴ്‌ന്നേക്കും! വിദഗ്‌ദ്ധർ പറയുന്നത് ഇങ്ങനെ

അമേരിക്കൻ ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും കൂടുതൽ പലിശനിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ കൂടുതൽ സമ്മർദമുണ്ടാകാം

മൂന്ന് മാസത്തിനിടെ സ്വർണവിലയിൽ 27% ഇടിവ്; പവന് 75,500 രൂപ വരെ താഴ്‌ന്നേക്കും! വിദഗ്‌ദ്ധർ പറയുന്നത് ഇങ്ങനെ
dot image

ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വർണവിലയിൽ 27 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിലും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധ വിലയിലെ തുടർചലനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

വിലയിടിവ് ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന കുടുംബങ്ങൾക്ക് അനുകൂല അവസരമാകുമോ, അതോ വരും മാസങ്ങളിൽ സ്വർണവില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഈ വർഷം ജനുവരിയിൽ 10 ഗ്രാമിന് ഏകദേശം 1.8 ലക്ഷം രൂപയിലെത്തിയ സ്വർണവില ഇപ്പോൾ 1.2 ലക്ഷം രൂപയിലേക്ക് താഴ്ന്നു. നിലവിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1,21,090 രൂപയും 22 കാരറ്റിന് 1,10,999 രൂപയുമാണ് വില.എംസിഎക്സിൽ ഡിസംബർ മാസത്തെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില കഴിഞ്ഞ ഒരു മാസത്തിനിടെ 15 ശതമാനവും മൂന്ന് മാസത്തിനിടെ 27 ശതമാനവും കുറഞ്ഞു.

സ്വർണവില ഇനിയും ഉയരുമോ?

ലെമൺ റിസർച്ചിലെ ഗവേഷണ മേധാവി ഗൗരവ് ഗാർഗിന്റെ വിലയിരുത്തൽ പ്രകാരം 2026 അവസാനത്തോടെ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1.28 ലക്ഷം മുതൽ 1.35 ലക്ഷം രൂപ വരെയും 10 ഗ്രാം 22 കാരറ്റിന് 1.17 ലക്ഷം മുതൽ 1.24 ലക്ഷം രൂപ വരെയും വില ഉയരാം എന്നാണ്.

2027 അവസാനത്തോടെ 24 കാരറ്റ് സ്വർണവില 1.45 ലക്ഷം മുതൽ 1.60 ലക്ഷം രൂപ വരെയും 22 കാരറ്റിന് 1.33 ലക്ഷം മുതൽ 1.47 ലക്ഷം രൂപ വരെയും എത്താമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ആഗോള വിപണിയിലെ ആവശ്യകത വർധിക്കുന്നതും പലിശനിരക്കുകളിലെ അനുകൂല മാറ്റങ്ങളുമാണ് വില തിരിച്ചുകയറാൻ സഹായിക്കാവുന്ന ഘടകങ്ങൾ.

ഇപ്പോൾ ആഭരണം വാങ്ങണോ?

വിലയിടിവ് വാങ്ങുന്നവർക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ഗൗരവ് ഗാർഗിന്റെ അഭിപ്രായം. ഉടൻ ആഭരണങ്ങൾ ആവശ്യമുള്ളവർ വില ഏറ്റവും താഴുന്ന സമയം കൃത്യമായി കണ്ടെത്താൻ കാത്തിരിക്കാതെ ഘട്ടംഘട്ടമായി വാങ്ങുന്നതാണ് ഉചിതം. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർ വിപണിയിലെ ഏറ്റവും കുറഞ്ഞ വില ലക്ഷ്യമിടുന്നതിനുപകരം കുടുംബത്തിന്റെ ആവശ്യവും ബജറ്റും പരിഗണിക്കണമെന്ന് വിദഗ്‌ദ്ധർ പറയുന്നത്.

ഇപ്പോൾ ഒരു ഭാഗം വാങ്ങുകയും തുടർന്നുള്ള ആഴ്ചകളിലോ മാസങ്ങളിലോ ബാക്കി വാങ്ങുകയും ചെയ്യുന്നത് വിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇപ്പോഴത്തെ വിലയിടിവ് പുതിയ നിക്ഷേപങ്ങൾക്ക് മികച്ച അവസരമാണെന്ന് എല്ലാ വിദഗ്ധരും കരുതുന്നില്ല. ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സിലെ കമ്മോഡിറ്റി റിസർച്ച് മേധാവി ഹരീഷ് വി.യുടെ അഭിപ്രായത്തിൽ സ്വർണത്തിൽ ഇനിയും വിലയിടിവിന് സാധ്യതയുണ്ട്. ഡോളറിന്റെ ശക്തി, അമേരിക്കയിലെ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക പ്രകടനം, ഓഹരി വിപണിയിലെ മെച്ചപ്പെട്ട നിക്ഷേപ താൽപര്യം, കർശനമായ പണനയത്തിനുള്ള സാധ്യതകൾ എന്നിവ സ്വർണവിലയെ സമ്മർദത്തിലാക്കുന്നു. രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ഉത്സവ-വിവാഹ സീസണിലെ ആവശ്യകത കുറയുന്നതും ആഭ്യന്തര വിപണിയിലും സ്വാധീനം ചെലുത്താം.

സ്വർണവില 80,000 ത്തിൽ താഴെയെത്തുമോ?

24 കാരറ്റ് സ്വർണവില നിലവിലെ ഏകദേശം 1.22 ലക്ഷം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് താഴാൻ ഇനിയും ഏകദേശം 18 ശതമാനം ഇടിവ് വേണം. ഈ സാധ്യത പൂർണമായി തള്ളിക്കളയാനാകില്ലെന്നാണ് മഡ്‌റെക്‌സിലെ ലീഡ് ക്വാണ്ട് അനലിസ്റ്റ് അക്ഷത് സിദ്ധാന്തിന്റെ വിലയിരുത്തൽ.

അമേരിക്കൻ ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും കൂടുതൽ പലിശനിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ കൂടുതൽ സമ്മർദമുണ്ടാകാം. ആർബിഐയുടെ റിപ്പോ നിരക്കിലെ വർധനയും വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കാം. ആഗോള പലിശനിരക്കുകൾ, ഡോളറിന്റെ മൂല്യം, കറൻസി വ്യതിയാനങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,000 ഡോളറിനടുത്തേക്ക് താഴുകയും ഡോളർ ശക്തമായി തുടരുകയും നിക്ഷേപകരുടെ താൽപര്യം കുറയുകയും ചെയ്താൽ ഇടക്കാലയളവിൽ ആഭ്യന്തര സ്വർണവില 22 കാരറ്റ് 8 ഗ്രാമിന് 69,640 to 75,550 രൂപ നിലവാരത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നും ചില വിപണി വിദഗ്‌ദ്ധർ പറയുന്നുണ്ട്. ((ജിഎസ്ടിയും പണിക്കൂലിയും ഒഴികെ )

അതേസമയം, ഒരു പ്രത്യേക വില ലക്ഷ്യമിട്ട് ആഭരണം വാങ്ങുന്നത് നീട്ടിവയ്ക്കുന്നതിനുപകരം ആവശ്യവും സാമ്പത്തികശേഷിയും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. അതിനാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കാതെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് സ്വർണം വാങ്ങുന്നതാണ് ഉചിതം.

Content Highlights : Gold Prices Crash 27% in Three Months: Is Now the Right Time to Buy Gold or Should Buyers Wait for Further Price Drops?

dot image
To advertise here,contact us
dot image