സൗദി പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം; റിയാദ് ടവർ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദി പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം; റിയാദ് ടവർ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
saudi
dot image

റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലെ ടവറിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തെ ലംഘിക്കുന്നതും മേഖലയിലെ സുരക്ഷയെ തകർക്കുന്നതുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രാലയം, സൗദി ജനതയ്ക്കും ഭരണകൂടത്തിനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിന് നേരെ യെമനിലെ ഹൂതി വിഭാഗം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായാണ് സൗദി അധികൃതർ അറിയിച്ചത്. രണ്ട് സൗദി സ്വദേശികളും രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും നാല് ഈജിപ്ത് സ്വദേശികളുമാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നതെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.

അമേരിക്ക-ഇറാൻ സംഘർഷത്തിന് പിന്നാലെ ജൂലൈയിൽ യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതോടെ, ഹൂതി വിഭാഗം സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ഓഫീസ് കെട്ടിടങ്ങളും ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. പൊതുസ്ഥലങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്ഥാനവും രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടവുമായ ടവറിന്റെ ചിത്രം സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ മധ്യഭാഗത്ത് കേടുപാടുകൾ സംഭവിച്ച നിലയിലാണ് ചിത്രത്തിൽ കാണുന്നത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.

Content Highlights: India has strongly condemned the November 24 incident involving a tower in Riyadh's Financial District, describing it as a violation of Saudi Arabia's sovereignty and a threat to regional stability. Eleven people, including two Indian nationals, were injured. The Ministry of External Affairs called for an immediate halt to strikes targeting civilian, economic and energy infrastructure in Saudi Arabia. The Indian Embassy in Riyadh is assisting the injured Indians and their families.

dot image
To advertise here,contact us
dot image