മുമ്പ് വര്‍ഗീയ പ്രസ്ഥാനത്തിലായിരുന്ന ആൾ പിന്നെ പെട്ടി താങ്ങി പ്രസിഡന്റായി; നേമം ഷജീറിനെതിരെ ജെ എസ് അഖിൽ

ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയതെന്നായിരുന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അഖിലിന്റെ മറുപടി

മുമ്പ് വര്‍ഗീയ പ്രസ്ഥാനത്തിലായിരുന്ന ആൾ പിന്നെ പെട്ടി താങ്ങി പ്രസിഡന്റായി; നേമം ഷജീറിനെതിരെ ജെ എസ് അഖിൽ
ജെ എസ് അഖിൽ, നേമം ഷജീർ
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തലിന് പിന്നാലെ നേമം ഷജീര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജെ എസ് അഖില്‍ രംഗത്ത്. ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയതെന്നായിരുന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അഖിലിന്റെ മറുപടി. താന്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും പൊലീസിന്റെ അടി കൊണ്ടതും ജയിലില്‍ കിടന്നതും തന്റെ പേരില്‍ എത്ര പൊലിസ് കേസുകള്‍ ഉണ്ടെന്നും തെളിയിച്ചാല്‍ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്ന വ്യക്തിയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവര്‍ ഉള്‍പ്പെടെ ആരും വളര്‍ന്നിട്ടില്ല. മാറ്റാരേക്കാള്‍ യോഗ്യത തനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഉമ്മന്‍ചാണ്ടി തന്നെ പരിഗണിച്ചതും പല ഇടങ്ങളില്‍ പേര് നിര്‍ദേശിച്ചതും. ആ മനുഷ്യന്റെ പരിഗണന തന്നെയാണ് തന്റെ യോഗ്യത. കുതികാല്‍ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും തന്റെ യോഗ്യതയാണ്. മറഞ്ഞിരുന്ന് ഈ വ്യക്തിയെകൊണ്ട് ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്കൊക്കെ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ അടുക്കളയില്‍ വരെ ബന്ധം ഉണ്ടായിരുന്നവര്‍ തന്നെയാണെന്നും അഖില്‍ ഓര്‍മ്മപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ കറങ്ങി നടക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. അദ്ദേഹത്തിന്റെ സ്‌നേഹം കിട്ടുന്നവര്‍ക്കും ആത്മാര്‍ത്ഥത ഉള്ളവര്‍ക്കും മാത്രമേ ആ വീട്ടില്‍ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നതിനും കഴിഞ്ഞിട്ടുള്ളു. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞവര്‍ക്കും തള്ളിപറഞ്ഞവര്‍ക്കും ആ വീട്ടിലേക്ക് കയറി ചെല്ലാന്‍ ഒട്ടും പറ്റില്ല എന്ന ഒരു വസ്തുത കൂടിയുണ്ടല്ലോ എന്നും അഖില്‍ പറഞ്ഞു.

സ്വന്തം നാട്ടിലും ജില്ലയിലും താന്‍ എത്ര പൊതുപരിപാടികളിലും സമരങ്ങളിലും പങ്കെടുക്കുന്നു എന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നോക്കിയാല്‍ മനസിലാകും. കെഎസ്‌യു ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറയും സിന്ഡിക്കേറ്റ് മെമ്പറായും, സംസ്ഥാന കെഎസ്‌യുവിന്റെ ജനറല്‍ സെക്രട്ടറിയയും താന്‍ പ്രവര്‍ത്തിച്ചു. താന്‍ തെരുവില്‍ സമരങ്ങളില്‍ പങ്കെടുക്കുന്ന കാലത്ത് ആരോപണം ഉന്നയിക്കുന്ന നേമം ഷജീര്‍ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത് ചോദ്യം ചെയ്യേണ്ട മറ്റൊരു വസ്തുതയാണെന്നും അഖില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോണ്‍ഗ്രസ്സിലേക്ക് ഷജീര്‍ വന്നത്. ആരുടെ പെട്ടി താങ്ങി ആണ് ഷജീര്‍ വളരെ പെട്ടെന്ന് ജില്ലാ പ്രസിഡന്റ് ആയതെന്ന് ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവര്‍ക്ക് നന്നായി അറിയാമെന്ന രൂക്ഷ വിമര്‍ശനവും അഖില്‍ ഉന്നയിച്ചു. സമരങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കൂടി പങ്കുവെച്ചിരുന്ന പോസ്റ്റില്‍ വിവരാവകാശം നല്‍കിയാല്‍ താന്‍ ജയിലില്‍ കിടന്നതിന്റെയും കേസുകളുടെയും വിവരങ്ങള്‍ കിട്ടുമെന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.

ജെ എസ് അഖിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടി നല്‍കിയ കുറിപ്പടി വലിച്ചുകീറിക്കളഞ്ഞാണ് ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് ആക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഇതില്‍ പ്രതികരിച്ച നേമം ഷജീര്‍ ജെ എസ് അഖിലിന്റെ യോഗ്യത എന്താണെന്ന് ചോദിച്ചിരുന്നു. ഒരു സമരത്തില്‍ പോലും അയാളെ കണ്ടിട്ടില്ലെന്നും അഖിലിനെ പോലുള്ള യൂസ്‌ലെസുകളെ പ്രസിഡന്റ് ആക്കാതിരുന്നതാണ് ഷാഫി എടുത്ത മികച്ച നടപടി എന്നും ഷജീര്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു.

Content Highlights: JS Akhil has responded to criticism from Nemom Shajir following Rajmohan Unnithan's remarks on the Youth Congress president position. In a Facebook post, Akhil said he reached his current position by mobilising people, facing police action and enduring water-cannon attacks during protests. He challenged his critics to verify his protest participation, police cases and jail experience, asking whether those making the allegations and supporting them would quit public life if his claims were proven.

dot image
To advertise here,contact us
dot image