

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തള്ളി ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനങ്ങളുടെ പേരിൽ സിറാജിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാജിവ് ശുക്ല ആവശ്യപ്പെട്ടു.
മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്‍റെ പേര് (മതം) കാരണമാണെന്നും സെലക്ഷനിൽ വിവേചനമുണ്ടെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജീവ് ശുക്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നും പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നത് ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും പൂർണ്ണ ഉത്തരവാദിത്തമാണെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
വെല്ലിംഗ്ടൺ ടെസ്റ്റിൽ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരടങ്ങുന്ന നാല് പേസർമാരെയാണ് ഇന്ത്യ അണിനിരത്തിയത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചിരുന്ന സിറാജിന് ടെസ്റ്റ് ഇലവനിൽ ഇടം ലഭിച്ചില്ല.
വിദേശ പിച്ചുകളിലെ സ്ഥിരം സാന്നിധ്യമായ സിറാജിനെ ഒഴിവാക്കിയതിനെ മുൻ താരങ്ങളായ സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, രവിചന്ദ്രൻ അശ്വിൻ എന്നിവരും വിമർശിച്ചിരുന്നു.
content highlights:BCCI vice-president Rajeev Shukla dismissed political and communal allegations surrounding Mohammed Siraj's exclusion from the playing XI for the first Test against New Zealand