ശുചിമുറിയില്‍ രോഗി മരിച്ചുകിടന്ന സംഭവം: തൃശൂർ മെഡിക്കൽ കോളേജിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയത്തിനിടയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു

ശുചിമുറിയില്‍ രോഗി മരിച്ചുകിടന്ന സംഭവം: തൃശൂർ മെഡിക്കൽ കോളേജിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
തൃശൂർ മെഡിക്കൽ കോളേജ് ബിൽഡിങ്/ ചിത്രം PTI
dot image

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ രോഗി മരിച്ചുകിടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയത്തിനിടയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിലെത്തി എന്നായിരുന്നു മെഡിക്കല്‍ കോളേജിന്റെ വാദം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മെഡിക്കല്‍ കോളേജിന്റെ വാദം അടിസ്ഥാനരഹിതമാകുകയാണ്. രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം 36 മണിക്കൂറിന് മുകളില്‍ ശുചിമുറിയില്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശൂർ മെഡിക്കൽ കോളേജ്

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ രോഗി മരിച്ചുകിടന്ന സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തുവന്നു. സംഭവം കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകര്‍ച്ചയുടെ നേര്‍ചിത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ശുചിമുറി വൃത്തിയാക്കാന്‍ പോലും ആ 36 മണിക്കൂറിനിടെ ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം താളംതെറ്റിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേവലം ആറു മാസം കൊണ്ട് കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ യുഡിഎഫ് സര്‍ക്കാര്‍ ഈ നിലയിലെത്തിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

ഈ മാസം 19-ാം തീയതിയാണ് കാണാതായ വയോധികനെ മൂന്ന് ദിവസത്തിനുശേഷം മരിച്ചനിലയില്‍ ആശുപത്രിയുടെ ശുചിമുറിയില്‍ കണ്ടെത്തിയത്. രോഗിയെ കാണാനില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഈ മാസം 16ന് രോഗിയെ അഡ്മിറ്റ് ചെയ്തത്. 19ന് രാത്രിയോടെ ഇയാളെ കാണാതാകുകയായിരുന്നു. രോഗിയുടെ കൂടെ കൂട്ടിരുപ്പുകാർ ഇല്ലായിരുന്നതിനാൽ ആശുപത്രി അധികൃതർ തന്നെയാണ് പരിചരിച്ചത്. 21നാണ് മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. വാര്‍ഡിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലായിരുന്നു ഇയാള്‍ മരിച്ച് കിടന്നിരുന്നത്. ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയതിനാല്‍ ആളുണ്ടെന്ന് കരുതി ക്ലീനിങ് സ്റ്റാഫ് തുറന്ന് നോക്കിയിരുന്നുമില്ല. പിന്നീട് 21-ാം തീയതി സംശയത്തെ തുടര്‍ന്ന് ശുചിമുറി തുറന്ന് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Content Highlights: The postmortem report has reportedly contradicted the claims made by Thrissur Medical College authorities regarding the patient found dead in a hospital washroom.

dot image
To advertise here,contact us
dot image