ഫിദൽ കാസ്ട്രോ: വിപ്ലവത്തിൻ്റെ വിളക്കുമരമണഞ്ഞിട്ട് പത്ത് വർഷങ്ങൾ

ലോകത്തിന് മുഴുവൻ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിൻ്റെയും സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെയും പുതുപാഠങ്ങൾ പഠിപ്പിച്ച് നൽകിയ ധീരനായ ആ വിപ്ലവകാരിയുടെ മരണം ക്യൂബയുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ ഒരു നഷ്ടമായിരുന്നു

ഫിദൽ കാസ്ട്രോ: വിപ്ലവത്തിൻ്റെ വിളക്കുമരമണഞ്ഞിട്ട് പത്ത് വർഷങ്ങൾ
ഫിദൽ കാസ്ട്രോ
dot image

​എം എസ് ഷൈജു2016 നവംബർ 25. ഹവാനയിലെ വിപ്ലവ ചത്വരത്തിലേക്ക് ലക്ഷക്കണക്കിന് വരുന്ന മനുഷ്യർ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ നാല് ഭാഗത്ത് നിന്നും പുഴ പോലെയൊഴുകുകയാണ്. 'യോ സോയ് ഫിദൽ' എന്ന ശബ്ദമാണ് എവിടെയും. ലക്ഷക്കണക്കിന് മനുഷ്യരാണ് അതുരുവിടുന്നത്. 'ഞാനും ഫിദലാണ്' എന്നാണ് സ്പാനിഷ് ഭാഷയിൽ അവർ ഉച്ചരിക്കുന്ന പദങ്ങളുടെ അർത്ഥം. ഒരു മുദ്രാവാക്യം പോലെ ചിലരത് ഉറക്കെ വിളിക്കുന്നു. മറ്റ് ചിലർ ഗദ്ഗദങ്ങളോടെ അതേറ്റു വിളിക്കുന്നു. അത് കേട്ട ചിലർ ഉറക്കെ കരയുന്നു. ചിലർ നിശബ്ദമായി കണ്ണീർ വാർക്കുന്നു. ക്യൂബ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെയും അവിടുത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവിതത്തിൻ്റെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാൻ അവർക്കൊപ്പം നിന്ന് പോരാടിയ ഫിദൽ കാസ്ട്രോയെന്ന അവരുടെ നായകൻ മരണപ്പെട്ട ദിനമാണത്. ആ വാർത്തയറിഞ്ഞാണ് ക്യൂബൻ ജനത ഹവാനയിലെ വിപ്ലവ ചത്വരത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ലോകത്തിന് മുഴുവൻ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിൻ്റെയും സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെയും പുതുപാഠങ്ങൾ പഠിപ്പിച്ച് നൽകിയ ധീരനായ ആ വിപ്ലവകാരിയുടെ മരണം ക്യൂബയുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ ഒരു നഷ്ടമായിരുന്നു.

2016 നവംബർ 25. ഹവാനയിലെ വിപ്ലവ ചത്വരത്തിലേക്ക് ലക്ഷക്കണക്കിന് വരുന്ന മനുഷ്യർ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ നാല് ഭാഗത്ത് നിന്നും പുഴ പോലെയൊഴുകുകയാണ്. 'യോ സോയ് ഫിദൽ' എന്ന ശബ്ദമാണ് എവിടെയും. ലക്ഷക്കണക്കിന് മനുഷ്യരാണ് അതുരുവിടുന്നത്. 'ഞാനും ഫിദലാണ്' എന്നാണ് സ്പാനിഷ് ഭാഷയിൽ അവർ ഉച്ചരിക്കുന്ന പദങ്ങളുടെ അർത്ഥം. ഒരു മുദ്രാവാക്യം പോലെ ചിലരത് ഉറക്കെ വിളിക്കുന്നു. മറ്റ് ചിലർ ഗദ്ഗദങ്ങളോടെ അതേറ്റു വിളിക്കുന്നു. അത് കേട്ട ചിലർ ഉറക്കെ കരയുന്നു. ചിലർ നിശബ്ദമായി കണ്ണീർ വാർക്കുന്നു. ക്യൂബ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെയും അവിടുത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവിതത്തിൻ്റെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാൻ അവർക്കൊപ്പം നിന്ന് പോരാടിയ ഫിദൽ കാസ്ട്രോയെന്ന അവരുടെ നായകൻ മരണപ്പെട്ട ദിനമാണത്. ആ വാർത്തയറിഞ്ഞാണ് ക്യൂബൻ ജനത ഹവാനയിലെ വിപ്ലവ ചത്വരത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ലോകത്തിന് മുഴുവൻ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിൻ്റെയും സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെയും പുതുപാഠങ്ങൾ പഠിപ്പിച്ച് നൽകിയ ധീരനായ ആ വിപ്ലവകാരിയുടെ മരണം ക്യൂബയുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ ഒരു നഷ്ടമായിരുന്നു.

മയക്കുമരുന്നിന് അടിമപ്പെട്ട് മരണത്തോട് മല്ലിട്ടിരുന്ന കാലത്ത് അർജന്റീനയിലെ ആശുപത്രികൾ പോലും കൈവിട്ട തന്നെ ക്യൂബയിലേക്ക് ക്ഷണിക്കുകയും ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത ഫിദലിനെ തൻ്റെ രണ്ടാമത്തെ അച്ഛനെന്നാണ് മറഡോണ വിളിച്ചത്. ക്യൂബയുടെ വാതിലുകൾ തനിക്കായി തുറന്നുതന്ന ആ മനുഷ്യൻ എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും മറഡോണ വികാരാധീനനായി പറഞ്ഞു

ഫിദൽ കാസ്ട്രോ എന്ന വിപ്ലവ ഇതിഹാസം വിടവാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്. 2016 നവംബർ 25ന് അദ്ദേഹം വിടപറയുമ്പോൾ, അത് കേവലം ഒരു രാഷ്ട്രത്തലവന്റെ വിയോഗമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകന്റെ അസ്തമയം കൂടിയായിരുന്നു. ലോകം ഏറെ വൈകാരികമായാണ് ഫിദൽ കാസ്ട്രോയുടെ മരണത്തോട് പ്രതികരിച്ചത്. ഫിദൽ കാസ്ട്രോയുമായി ഏറ്റവും ആഴത്തിലുള്ള വൈകാരിക ബന്ധം പുലർത്തിയിരുന്ന അനേകം വ്യക്തികളിലൊരാളായിരുന്നു അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. ഫിദലിൻ്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ മറഡോണ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Cuban revolutionary leader Fidel Castro and Argentine football legend Diego Maradona shared a close, decades-long friendship rooted in shared anti-imperialist politics and mutual admiration. Maradona frequently called Castro a "second father" and credited him and Cuba with helping save his life during his battles with drug addiction
ഫിദൽ കാസ്ട്രോയും മറഡോണയും

​മയക്കുമരുന്നിന് അടിമപ്പെട്ട് മരണത്തോട് മല്ലിട്ടിരുന്ന കാലത്ത് അർജന്റീനയിലെ ആശുപത്രികൾ പോലും കൈവിട്ട തന്നെ ക്യൂബയിലേക്ക് ക്ഷണിക്കുകയും ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത ഫിദലിനെ തൻ്റെ രണ്ടാമത്തെ അച്ഛനെന്നാണ് മറഡോണ വിളിച്ചത്. ക്യൂബയുടെ വാതിലുകൾ തനിക്കായി തുറന്നുതന്ന ആ മനുഷ്യൻ എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും മറഡോണ വികാരാധീനനായി പറഞ്ഞു. അമേരിക്കയടക്കമുള്ള ലോകത്തെ എല്ലാ രാഷ്ട്ര തലവന്മാരും ഫിദലിൻ്റെ വേർപാടിൽ അനുശോചിച്ചു. ചരിത്രത്തിന്റെ ഗതിയിൽ ഫിദൽ കാസ്ട്രോയെന്ന ഒരൊറ്റ വ്യക്തി ചെലുത്തിയ സ്വാധീനം വിശദീകരിക്കാൻ കഴിയാത്ത വിധം വലുതാണെന്നും അത് ചരിത്രം വിലയിരുത്തട്ടെയെന്നുമാണ് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമ പ്രതികരിച്ചത്.

ജീവിത കാലം മുഴുവൻ അമേരിക്കൻ സാമ്രാജ്യത്വത്തിനും അവരുടെ രാഷ്ട്രീയത്തിനുമെതിരെ അണുകിട പിന്നോട്ട് പോകാതെ നിന്ന് പൊരുതിയ ആ വിപ്ലവകാരിയുടെ ജീവിതത്തെ സത്യസന്ധമായി വിലയിരുത്തുമ്പോൾ ബരാക് ഒബാമയെന്ന പച്ച മനുഷ്യന് അതല്ലാതെ മറ്റൊന്നും പറയാൻ കഴിയുമായിരുന്നില്ല. ലോകത്തെ കലാകാരന്മാരും കായിക താരങ്ങളും രാഷ്ട്ര നേതാക്കളും മത നേതാക്കളുമടക്കം മുഴുവൻ മനുഷ്യരും ഫിദൽ കാസ്ട്രോക്ക് ചാർത്തിയ വിളിപ്പേര് വിപ്ലവത്തിന് മനുഷ്യത്വ മുഖം സമ്മാനിച്ച നീതിമാനായ പോരാളിയെന്നായിരുന്നു.

​അജയ്യമായ പോരാട്ടങ്ങളുടെ ഭൂതകാലം

​മൊൺകാഡ ബാരക് ആക്രമണം മുതൽ സിയറ മാസ്ട്ര മലനിരകളിലെ ഒളിപ്പോര് വരെയും, അവിടെനിന്ന് 1959ലെ ക്യൂബൻ വിപ്ലവവിജയം വരെയും നീളുന്ന ഫിദലിന്റെ ജീവിതം അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിന് താഴെ, വെറും 90 മൈൽ അകലെ, ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുക മാത്രമല്ല ഫിദൽ ചെയ്തത്. ആറു പതിറ്റാണ്ടുകാലം ലോകത്തെ അതിശയിപ്പിച്ച് കൊണ്ട് അമേരിക്കയുടെ അതിശക്തമായ സാമ്പത്തിക ഉപരോധങ്ങളെയും വധശ്രമങ്ങളെയും അതിജീവിച്ച് ക്യൂബയെന്ന സോഷ്യലിസ്റ്റ് രാജ്യത്തെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു എന്നതാണ് ഫിദലിന്റെ ചരിത്രപരമായ പ്രസക്തി.

​ലോകത്തിന് മുന്നിൽ അദ്ദേഹം മുന്നോട്ടുവെച്ചത് കേവലമായ ദേശീയത കൊണ്ട് വരണ്ട രാഷ്ട്രീയ സിദ്ധാന്തങ്ങളായിരുന്നില്ല. പ്രായോഗികമായ മാനവികതയായിരുന്നു ഫിദലിൻ്റെ രാഷ്ട്രീയ ദർശനം. സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായ ഒരു ഭരണാധികാരി സിദ്ധാന്തങ്ങളെ പ്രയോഗവൽക്കരിക്കുന്നത് എങ്ങനെയാണെന്നതിൻ്റെ ഒരു പാഠപുസ്തകമായിരുന്നു ഫിദൽ കാസ്ട്രോ. ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിക്കുക മാത്രമല്ല, സ്വപ്നങ്ങൾ ഓരോന്നും എങ്ങനെയാണ് സഫലീകരിക്കുക എന്ന് കൂടിയാണ് ഫിദൽ ക്യൂബൻ ജനതയെ പഠിപ്പിച്ചത്. സൗജന്യ വിദ്യാഭ്യാസവും ലോകോത്തര നിലവാരമുള്ള ആരോഗ്യ മേഖലയും ഒരു കൊച്ചു ദ്വീപ് രാഷ്ട്രത്തിൽ അദ്ദേഹം യാഥാർത്ഥ്യമാക്കി. സ്വയം പര്യാപ്തതയുടെ അവിശ്വസനീയമായ ഒരു കാഴ്ചയാണ് സോഷ്യലിസ്റ്റ് ക്യൂബ ലോകത്തിന് കാണിച്ച് കൊടുത്തത്. പലരും അതിനെ അനുകരിക്കാൻ ശ്രമിച്ചു. അമേരിക്ക എത്രത്തോളം തടയാൻ ശ്രമിച്ചിട്ടും ലോക വേദികളുടെ നേതൃസ്ഥാനം പലതും ഫിദലിനെ തേടി വന്നു. അതിശക്തരെന്നും വൻ ശക്തികളെന്നും ലോകം വിളിച്ചിരുന്ന വലിയ രാഷ്ട്രങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചത്. നിലപാടുകൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും അവരെയെല്ലാം പിന്നിലാക്കി ക്യൂബയെന്ന ഒരു കൊച്ച് രാഷ്ട്രം ഒരു ബദൽ ശക്തിയായി തലയുയർത്തിപ്പിടിച്ച് നിന്നപ്പോൾ മുതലാളിത്തത്തിന് ബദലായി മറ്റൊരു ലോകം സാധ്യമാണെന്ന് ഫിദൽ കാസ്ട്രോ പ്രായോഗികമായിത്തന്നെ ഈ ലോകത്തിന് മുന്നിൽ തെളിയിക്കുകയായിരുന്നു.

സാമ്രാജ്യത്വ തേട്ടങ്ങളുടെ അന്തരഫലമായി മനുഷ്യ നിർമ്മിതമായ അനേകം ദുരന്തങ്ങൾക്ക് മനുഷ്യർ ഇരകളായി. അമേരിക്കയും ഇസ്രായേലും പശ്ചിമേഷ്യയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും മനുഷ്യക്കശാപ്പ് നടത്തി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരതകൾ അന്തരാഷ്ട്രാ വേദികളിൽ ഗൗരവമായി മുഴങ്ങിക്കേൾക്കാതിരുന്ന പല ഘട്ടങ്ങളിലും മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർ ഫിദൽ കാസ്ട്രോയെന്ന ഭരണാധികാരിയുടെ ശൂന്യത തിരിച്ചറിഞ്ഞു. അനേകം തവണ ലോക വേദികളിൽ വെച്ച് അമേരിക്കയുടെയും ഇസ്രായേലിൻ്റെയും മുഖത്ത് നോക്കി ന്യായങ്ങൾ നിരത്തി വിരൽ ചൂണ്ടിയ ആ പച്ചക്കുപ്പായക്കാരനെ ലോകം ഓർത്തെടുത്തു

​കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സാമ്രാജ്യത്വ - സയണിസ്റ്റ് ചേരി ലോകത്തിൻ്റെ രാഷ്ട്രീയ സന്തുലിതാവസ്ഥക്ക് ഏല്പിച്ച പരിക്ക് കടുത്തതായിരുന്നു. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന നയങ്ങളും നിലപാടുകളും നീതി എന്ന സങ്കല്പത്തെ തന്നെ തകർത്ത് കളയാൻ പോന്നതായിരുന്നു. മനുഷ്യരാശിക്ക് മേൽ അനേകം യുദ്ധങ്ങളും സംഘർഷങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടു. പല മുൻ ധാരണകളും തത്വങ്ങളും ലംഘിക്കപ്പെട്ടു. സാമ്രാജ്യത്വ തേട്ടങ്ങളുടെ അന്തരഫലമായി മനുഷ്യ നിർമ്മിതമായ അനേകം ദുരന്തങ്ങൾക്ക് മനുഷ്യർ ഇരകളായി. അമേരിക്കയും ഇസ്രായേലും പശ്ചിമേഷ്യയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും മനുഷ്യക്കശാപ്പ് നടത്തി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരതകൾ അന്തരാഷ്ട്രാ വേദികളിൽ ഗൗരവമായി മുഴങ്ങിക്കേൾക്കാതിരുന്ന പല ഘട്ടങ്ങളിലും മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർ ഫിദൽ കാസ്ട്രോയെന്ന ഭരണാധികാരിയുടെ ശൂന്യത തിരിച്ചറിഞ്ഞു. അനേകം തവണ ലോക വേദികളിൽ വെച്ച് അമേരിക്കയുടെയും ഇസ്രായേലിൻ്റെയും മുഖത്ത് നോക്കി ന്യായങ്ങൾ നിരത്തി വിരൽ ചൂണ്ടിയ ആ പച്ചക്കുപ്പായക്കാരനെ ലോകം ഓർത്തെടുത്തു. പക്ഷേ അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാളുമുണ്ടായില്ല. ലോകം സാക്ഷ്യം വഹിച്ച പല ദുരന്തങ്ങളിലും, സാമ്രാജ്യത്വ കടന്നു കയറ്റങ്ങളിലും കഴിഞ്ഞ പത്ത് വർഷമായി ലോകം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഫിദലിന്റെ ഗർജ്ജിക്കുന്ന ശബ്ദമായിരുന്നു.

The Vision of a New International Order: Fidel Castro’s 1979 Speech to the U.N.
ഐക്യ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുന്ന ഫിദൽ കാസ്ട്രോ

സോഷ്യലിസ്റ്റ് ധാരയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും

​ഫിദൽ കാസ്ട്രോയുടെ വിയോഗം ആഗോള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കും ഏൽപ്പിച്ച ആഘാതം ചെറുതല്ല. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നിരാശയിലാണ്ടു. അന്ന് 'സോഷ്യലിസം അല്ലെങ്കിൽ മനുഷ്യ രാശിയുടെ മരണം' എന്ന പ്രഖ്യാപനവുമായി ക്യൂബയെ നയിച്ച ഫിദൽ, ലോകത്തിലെ മുഴുവൻ ഇടതുപക്ഷക്കാർക്കും പ്രതീക്ഷയുടെ അവസാന തുരുത്തായി മാറി. ​ലാറ്റിനമേരിക്കയിലെ പിങ്ക് ടൈഡ് എന്ന ഇടതുപക്ഷ മുന്നേറ്റം കെട്ടിപ്പടുക്കുന്നതിൽ ഹ്യൂഗോ ഷാവേസിനും ഇവോ മൊറാലസിനും ലുല ഡ സിൽവയ്ക്കും വഴികാട്ടിയായത് ഫിദലായിരുന്നു. ഇന്ന് ലാറ്റിനമേരിക്കയിലും ആഗോളതലത്തിലും തീവ്രവലതുപക്ഷം വീണ്ടും തലപൊക്കുമ്പോൾ, ഇടതുപക്ഷ ചേരിയെ ഒന്നിപ്പിച്ചു നിർത്താനും, ആശയപരമായ വ്യക്തത നൽകാനും കഴിയുന്ന ഒരു വല്യേട്ടൻ്റെ അഭാവം പ്രകടമാണ്. ലാറ്റിനമേരിക്കയുടെ പൊതുവായ ​സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ കരുത്ത് ചോർന്നുപോകുന്നതിനും ഈ അഭാവം കാരണമായിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിനും ഗ്ലോബൽ സൗത്തിനും സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ തലകുനിക്കാതെ നിൽക്കാനുള്ള ആത്മവിശ്വാസം നൽകിയിരുന്നത് ഫിദലിന്റെ സാന്നിധ്യമായിരുന്നു. അമേരിക്കയുടെ ഏകധ്രുവ ലോകക്രമത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെ ഒരു കോട്ടയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തോടെ, ആ പ്രതിരോധ നിരയിലെ ഏറ്റവും മൂർച്ചയുള്ള ആയുധമാണ് നഷ്ടമായത്.

​പലസ്തീനും പശ്ചിമേഷ്യൻ പ്രതിസന്ധിയും

ഗാസയിലും പലസ്തീനിലും അരങ്ങേറുന്ന വംശഹത്യകൾക്ക് മുന്നിൽ ലോകരാജ്യങ്ങൾ നിസ്സംഗത പാലിച്ചപ്പോൾ ഫിദൽ കാസ്ട്രോ പലസ്തീനികളുടെ നീതിക്ക് വേണ്ടി ലോക വേദികളിൽ ഗർജിച്ചു. അതിശക്തമായ ഒരു നയതന്ത്ര സമ്മർദ്ദമായിരുന്നു ഫിദൽ ഉയർത്തിയത്. പക്ഷേ പിന്നീട് ഐക്യരാഷ്ട്രസഭയുടെ വേദികളിൽ ഇസ്രായേൽ-അമേരിക്കൻ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാതെ അങ്ങനെയൊരു ശബ്ദമുയർത്താൻ ഫിദലിനെപ്പോലൊരു നേതാവില്ലാതെ പോയി. പലസ്തീൻ ജനതയുടെ വിമോചനത്തിനായി എക്കാലവും ഉറച്ചുനിന്ന അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ, ആഗോളതലത്തിൽ പലസ്തീൻ അനുകൂല ചേരിക്ക് അത് വലിയൊരു കരുത്തായിരുന്നേനെ.

Cuban leader Fidel Castro was also a pro-Palestine president
പിഎൽഒ നേതാവ് യാസർ അരാഫത്തും ഫിദൽ കാസ്ട്രോയും

​കാലാവസ്ഥാ വ്യതിയാനവും ആഗോള അസമത്വവും

1992ലെ റിയോ ഭൗമ ഉച്ചകോടിയിൽ തൻ്റെ പ്രസംഗ മധ്യേ ഫിദൽ നടത്തിയ ഒരു പരാമർശത്തെ ലോകം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തു. അതിങ്ങനെയായിരുന്നു. "ഒരു സുപ്രധാന ജീവിവർഗ്ഗം വംശനാശ ഭീഷണി നേരിടുകയാണ് — അത് മനുഷ്യനാണ്" കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആഗോളതാപനവും പാരിസ്ഥിതിക തകർച്ചയും രൂക്ഷമായപ്പോൾ, കോർപ്പറേറ്റ് ലാഭക്കൊതിക്കെതിരെ പ്രകൃതിയെ സംരക്ഷിക്കാൻ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഇടപെടാൻ ഒരു ഫിദൽ കാസ്ട്രോ ഇന്നില്ല എന്നത് ഒരു ശൂന്യതയായി തന്നെ അവശേഷിക്കുന്നു.

​കോവിഡ്19 മഹാമാരിയും ആരോഗ്യ നയതന്ത്രവും

കോവിഡ് മഹാമാരിയുടെ കാലത്ത് സമ്പന്ന രാജ്യങ്ങൾ വാക്സിനുകൾ പൂഴ്ത്തിവെച്ചപ്പോൾ, ക്യൂബൻ ഡോക്ടർമാരുടെ 'ഹെൻറി റീവ് ബ്രിഗേഡ്' ലോകമെമ്പാടും ഓടിയെത്തി. ഫിദൽ കെട്ടിപ്പടുത്ത ആരോഗ്യ സംവിധാനത്തിന്റെ വിജയമായിരുന്നു അത്. വിപ്ലവാനന്തരം അമേരിക്ക ക്യൂബയിലെ ഡോക്ടർമാരെ മുഴുവൻ വൻ ആനുകൂല്യങ്ങൾ നൽകി അമേരിക്കയിലേക്ക് ഒഴുക്കി ക്യൂബയെ ആരോഗ്യപരമായി തകർക്കാൻ ശ്രമിച്ച കാലത്ത് ഫിദൽ ആവിഷ്കരിച്ച ആതുര നയത്തിൻ്റെ പ്രതിഫലനമായിരുന്നു ലോകം മാതൃകയാക്കിയ ക്യൂബൻ ആരോഗ്യ മോഡൽ. പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളും ലോകത്തെ വിറപ്പിച്ച അനേകം സന്ദർഭങ്ങളിൽ ഫിദലിൻ്റെ വെള്ളക്കുപ്പായക്കാർ ലാഭേച്ഛയില്ലാതെ ലോകത്തിൻ്റെ മുക്ക് മൂലകളിൽ പറന്നെത്തി. ആഗോള ആരോഗ്യ മേഖലയെ ലാഭക്കൊതിയന്മാരിൽ നിന്ന് മോചിപ്പിക്കാനുള്ള വലിയൊരു അന്താരാഷ്ട്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകാനുള്ള ആദ്യ ചുവടും പൂർത്തിയാക്കിയാണ് ഫിദൽ വിട വാങ്ങിയത്.

​ഭാവിയിലേക്കുള്ള വെളിച്ചം

​അമേരിക്കൻ ഉപരോധങ്ങൾ ക്യൂബൻ ജനതയെ ഇന്നും ശ്വാസം മുട്ടിക്കുന്നുണ്ട്. അത് പൂർണമായും അവസാനിച്ചിട്ടില്ല. പക്ഷേ ഫിദൽ കൊളുത്തിവെച്ച വിപ്ലവത്തിന്റെ അഗ്നി ഇന്നും അണഞ്ഞിട്ടില്ല. സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയധാരകളോട് ശത്രുതാപരമായ അകൽച്ച വെച്ച് പുലർത്തുന്നവർ ഫിദൽ കാസ്ട്രോക്കെതിരെ അമേരിക്കയും സാമ്രാജ്യത്വ കക്ഷികളും പ്രചരിപ്പിക്കാൻ ശ്രമിച്ച വ്യാജങ്ങളെ മുൻ നിർത്തി അദ്ദേഹത്തെ വിമർശിക്കാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ചില നേതാക്കൾ അദ്ദേഹത്തിന്റെ ഭരണരീതികളെ വിമർശിച്ചുകൊണ്ട് പ്രതികരിച്ചപ്പോൾ, ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും നേതാക്കൾക്കും ജനങ്ങൾക്കും അദ്ദേഹം തങ്ങളുടെ വിമോചകനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ചരിത്രം തന്നെ കുറ്റവിമുക്തനാക്കുമെന്ന് 1953ൽ വിചാരണ വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ അത് കേവലം വാക്കുകളായിരുന്നില്ല. അതൊരു പ്രവചനമായിരുന്നു. കള്ള ന്യായങ്ങളും ആരോപണങ്ങളും തന്നെ വേട്ടയാടിയ സന്ദർഭത്തിലാണ് താനുയർത്തിയ മുന്നേറ്റം മനുഷ്യ പക്ഷത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് ലോകം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. ലോകം അത് തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻ്റെ പ്രത്യാശ സഫലമായി.

മുൻ ധാരണകളും പക്ഷപാതിത്വങ്ങളുമില്ലാതെ ഫിദൽ കാസ്ട്രോയെന്ന ഭരണാധികാരിയെ വിശകലനം ചെയ്യാൻ ശ്രമിച്ചാൽ 'മനുഷ്യത്വത്തിന് വേണ്ടി പോരാടിയ മനുഷ്യ സ്നേഹിയായ ഒരു വിപ്ലവകാരി' എന്നതിൽ കുറച്ച് ഒരു വിശേഷണവും അദ്ദേഹത്തിന് നൽകാൻ ധാർമിക സത്യസന്ധത നമ്മെ അനുവദിക്കില്ല.​ലോകത്ത് എവിടെയൊക്കെ അനീതിക്കെതിരെ ശബ്ദമുയരുന്നുവോ, എവിടെയൊക്കെ മനുഷ്യൻ തന്റെ അന്തസ്സിനായി പോരാടുന്നുവോ, അവിടെയെല്ലാം ഫിദൽ കാസ്ട്രോ ജീവിക്കുന്നു.

ജനാധിപത്യം ആരെയും വിമർശനാതീതരാക്കുന്നില്ല. ആ അർത്ഥത്തിൽ ഫിദൽ കാസ്ട്രോയും വിമർശനാതീതനല്ല. പക്ഷെ മുൻ ധാരണകളും പക്ഷപാതിത്വങ്ങളുമില്ലാതെ ഫിദൽ കാസ്ട്രോയെന്ന ഭരണാധികാരിയെ വിശകലനം ചെയ്യാൻ ശ്രമിച്ചാൽ 'മനുഷ്യത്വത്തിന് വേണ്ടി പോരാടിയ മനുഷ്യ സ്നേഹിയായ ഒരു വിപ്ലവകാരി' എന്നതിൽ കുറച്ച് ഒരു വിശേഷണവും അദ്ദേഹത്തിന് നൽകാൻ ധാർമിക സത്യസന്ധത നമ്മെ അനുവദിക്കില്ല.​ലോകത്ത് എവിടെയൊക്കെ അനീതിക്കെതിരെ ശബ്ദമുയരുന്നുവോ, എവിടെയൊക്കെ മനുഷ്യൻ തന്റെ അന്തസ്സിനായി പോരാടുന്നുവോ, അവിടെയെല്ലാം ഫിദൽ കാസ്ട്രോ ജീവിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത നികത്താൻ നമുക്ക് സാധിക്കുന്നത്, അദ്ദേഹം ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധതയുടെയും മാനവികതയുടെയും രാഷ്ട്രീയം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ മാത്രമാണ്.

(ഫിദൽ കാസ്ട്രോയുടെ ജീവിതവും പോരാട്ടങ്ങളും പ്രമേയമാക്കി എഴുതിയ 'ബിരാനിലെ ചുവന്ന നക്ഷത്രം' എന്ന പുസ്തകത്തിൻ്റെ രചയിതാവാണ് ലേഖകൻ)

Content Highlights: Ten years after the death of Fidel Castro, the iconic Cuban revolutionary leader, his legacy, political ideology and role in shaping modern Cuba continue to influence global political discourse.

dot image
To advertise here,contact us
dot image