ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ആധാർ; ഡിസംബർ മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന 6 പ്രധാന മാറ്റങ്ങൾ ഇങ്ങനെ

ചില ഉയർന്ന തുകയുള്ള ഇടപാടുകൾക്ക് SBI Card 1% അധിക ഫീസ് ഈടാക്കും

ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ആധാർ; ഡിസംബർ  മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന 6 പ്രധാന മാറ്റങ്ങൾ ഇങ്ങനെ
financial changes december
dot image

പുതിയ മാസം തുടങ്ങുമ്പോൾ നിങ്ങളുടെ പോക്കറ്റിനെയും ബാങ്ക് ഇടപാടുകളെയും നിക്ഷേപങ്ങളെയും ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങൾ കൂടി വരികയാണ്. SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ, വായ്പയെടുത്തവർ, നിക്ഷേപകർ, പെൻഷൻകാർ തുടങ്ങി നിരവധി പേർ ശ്രദ്ധിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണ് 2026 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുന്നത്. പ്രധാനപ്പെട്ട 6 മാറ്റങ്ങൾ ഇങ്ങനെയാണ്,

SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ഡിസംബർ 1 മുതൽ ചില ഉയർന്ന തുകയുള്ള ഇടപാടുകൾക്ക് SBI Card 1% അധിക ഫീസ് ഈടാക്കും. 30,000 രൂപയ്ക്ക് മുകളിലുള്ള ഗതാഗത ചെലവുകൾക്ക് ഈ നിരക്ക് ബാധകമാണ്. ഒരു ബില്ലിങ് സൈക്കിളിൽ ഇന്ധനച്ചെലവ് 50,000 രൂപ കടന്നാൽ ആ സൈക്കിളിലെ മുഴുവൻ ഇന്ധനച്ചെലവിനും 1% ഫീസ് ബാധകമാകും. ഇതിന് പുറമെ നികുതികളും നൽകേണ്ടിവരും.

വായ്പകളുടെ EMI കൂടുമോ?

ഡിസംബർ 2 മുതൽ 4 വരെ റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരും. റിപ്പോ നിരക്കിൽ മാറ്റമുണ്ടായാൽ ഭവനവായ്പ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് പലിശനിരക്കിലുള്ള വായ്പകളുടെ EMI-യെ ബാധിച്ചേക്കാം. അതിനാൽ വായ്പയെടുത്തവർ ആർബിഐയുടെ തീരുമാനത്തിൽ ശ്രദ്ധിക്കണം.

SEBIയുടെ പുതിയ മാർജിൻ നിയമങ്ങൾ

അടുത്ത മാസം മുതൽ കമ്മോഡിറ്റി ഡെറിവേറ്റീവ് ട്രേഡിങ്ങിൽ പുതിയ മാർജിൻ വ്യവസ്ഥകൾ നടപ്പിലാകും. ഉൽപ്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം അനുസരിച്ച് 6%, 8%, 10% എന്നിങ്ങനെ മിനിമം ഇൻഷ്യൽ മാർജിൻ ആവശ്യമായി വരും. ട്രേഡർമാർക്ക് ആവശ്യമായ നിക്ഷേപത്തിലും ഇതിലൂടെ മാറ്റമുണ്ടാകും.

പ്രവാസികൾക്ക് ഡിജിറ്റൽ KYC സൗകര്യം

ഡിസംബർ 3 മുതൽ യോഗ്യരായ പ്രവാസികൾക്കും NRI, OCI കാർഡ് ഉടമകൾക്കും വിദേശ പൗരന്മാർക്കും ഇന്ത്യയിലെത്താതെ ഓൺലൈനായി KYC പൂർത്തിയാക്കാം. SEBI രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വഴിയാണ് ഈ സൗകര്യം ലഭിക്കുക. എന്നാൽ താമസിക്കുന്ന രാജ്യവും മറ്റ് യോഗ്യതാ നിബന്ധനകളും പാലിക്കണം.

പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോ?

പെൻഷൻ തടസ്സമില്ലാതെ ലഭിക്കാൻ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30-നകം സമർപ്പിക്കണം. സമയപരിധി പാലിക്കാത്തവർക്ക് ഡിസംബർ മുതലുള്ള പെൻഷൻ വിതരണത്തിൽ തടസ്സങ്ങളോ കാലതാമസമോ നേരിടാം.

ആധാർ ഇമെയിൽ അപ്ഡേറ്റ് സൗജന്യം

UIDAIയുടെ ഔദ്യോഗിക ആധാർ മൊബൈൽ ആപ്പ് വഴി ഇമെയിൽ വിലാസം ചേർക്കുന്നതിനും പുതുക്കുന്നതിനുമുള്ള 75 രൂപ ഫീസ് ഡിസംബർ 31 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ ഇളവ് ആപ്പിലൂടെയുള്ള ഇമെയിൽ അപ്ഡേറ്റിന് മാത്രമാണ് ബാധകം.

ക്രെഡിറ്റ് കാർഡ് ബില്ലുകൾ, വായ്പകൾ, നിക്ഷേപങ്ങൾ, പെൻഷൻ നടപടികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുക. ചെറിയ അശ്രദ്ധ പോലും അനാവശ്യ ചെലവുകൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും വഴിവെച്ചേക്കാം. അതിനാൽ ഡിസംബർ മാസത്തിലെ ഈ മാറ്റങ്ങൾ മുൻകൂട്ടി അറിഞ്ഞ് സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ക്രമീകരിക്കുക.

Content Highlights: 6 Major Financial Changes Coming in December 2026: SBI Credit Card Charges, SEBI Margin Rules, Aadhaar Updates & More – What You Need to Know

dot image
To advertise here,contact us
dot image