

ദുബായ് റണ്ണിൽ മാതാപിതാക്കൾക്കൊപ്പം പങ്കെടുത്തപ്പോൾ, നാല് വയസ്സുകാരി മോണയുടെ കൈയിൽ കുഞ്ഞനുജത്തിയുടെ ചിത്രമുണ്ടായിരുന്നു. കുടുംബത്തിലെ പുതിയ അംഗത്തിനൊപ്പം ദുബയുടെ വാർഷിക ആഘോഷത്തിൽ പങ്കുചേരണമെന്ന് മാസങ്ങളായി അവർ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ ആ ദിവസം എത്തിയപ്പോഴേക്കും ഷിയാന എറിക് ഗ്രേസ് എന്ന കുഞ്ഞ് അവരോടൊപ്പമില്ലായിരുന്നു.
സെപ്റ്റംബർ 23-നാണ് അഞ്ച് മാസം പ്രായമുള്ള മകളെ ഫിലിപ്പൈൻ സ്വദേശികളായ ഷീലാ ജോസിനും ഭർത്താവ് റിച്ചാർഡിനും നഷ്ടപ്പെട്ടത്. എങ്കിലും മകളുടെ ചിത്രം കൈയിൽ കരുതി ദുബായ് കൂട്ടയോട്ടത്തിൽ അവർ പങ്കെടുത്തു.
ഈ വർഷത്തെ ദുബായ് റണ്ണിൽ പങ്കെടുത്ത ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഈ കുടുംബത്തിന് അത് ഓർമ്മകളുടെയും സന്തോഷത്തിന്റെ നിമിഷങ്ങളെ വീണ്ടും ചേർത്തുപിടിക്കാനുള്ള കരുത്ത് തേടുന്നതിന്റെയും യാത്രയായിരുന്നു.
പ്രതീക്ഷിക്കാത്ത വിടവാങ്ങൽ
2026 ഏപ്രിലിൽ ജനിച്ച ഷിയാന എറിക് കുടുംബത്തിന് വലിയ സന്തോഷമാണ് നൽകിയത്. അഞ്ച് മക്കളിൽ ഏറ്റവും ഇളയവളായിരുന്നു ഷിയാന. നാല് വയസ്സുകാരിയായ മോണ മാതാപിതാക്കൾക്കൊപ്പം ദുബായിലാണുള്ളത്. മൂത്ത മക്കളായ ജസ്റ്റിൻ, ജാവെ, ജാസ്മിൻ എന്നിവർ ഫിലിപ്പൈൻസിലാണ്. രണ്ട് മാസം കുടുംബത്തോടൊപ്പം താമസിച്ച് കുഞ്ഞനുജത്തിയോടൊപ്പം സ്നേഹം പങ്കിടാൻ ജസ്റ്റിന് സാധിച്ചെങ്കിലും ജാവെയ്ക്കും ജാസ്മിനും ഷിയാനെയെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല.
മകളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഓർമ്മിക്കാൻ ഓരോ മാസവും ചിത്രങ്ങൾ എടുക്കാറുണ്ടായിരുന്നെന്ന് ഷീല സ്നേഹത്തോടെ ഓർക്കുന്നു. ആ ചിത്രങ്ങളിലെല്ലാം അവൾ എപ്പോഴും ചിരിച്ചുകൊണ്ടാണ് ഇരുന്നതെന്നും അവർ പറഞ്ഞു.
ഷീലയും റിച്ചാർഡും മുഴുവൻ സമയ ജോലിക്കാരായതിനാൽ, ഷിയാനയെ പരിപാലിച്ചിരുന്നത് ഒരു ആയയായിരുന്നു. ഒരു ദിവസം ജോലിക്ക് പോകുന്നതിന് മുമ്പ് കുഞ്ഞിനെ നോക്കി ഷീല കൈവീശി യാത്ര പറഞ്ഞിരുന്നു. അത് അവളെ ജീവനോടെ കണ്ട അവസാന നിമിഷമായിരിക്കുമെന്ന് പക്ഷേ അന്ന് ഷീല അറിഞ്ഞിരുന്നില്ല.
പിന്നീട് ഷിയാനയെ ശ്വാസം നിലച്ചെന്ന് അറിയിച്ച് ആയയുടെ ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന നഴ്സായ സഹോദരൻ ഗ്ലെനെ ഷീല ഉടൻ വിളിച്ചു. അദ്ദേഹം എത്തിയപ്പോഴേക്കും കുഞ്ഞിന് ശ്വാസമുണ്ടായിരുന്നില്ല. ആംബുലൻസ് വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാൽ ശ്വാസനാളത്തിലോ ശ്വാസകോശത്തിലോ പ്രവേശിച്ചതാണ് മരണകാരണമെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞതായി ഷീല വ്യക്തമാക്കി.
സംഭവിച്ചത് ഉൾക്കൊള്ളാൻ ആഴ്ചകളോളം കുടുംബം ബുദ്ധിമുട്ടി. കടുത്ത ദുഃഖത്തിനിടയിലും ആയയോട് ക്ഷമിക്കാനും കുടുംബം തീരുമാനിച്ചു. ആയയും ഒരു അമ്മയായതിനാൽ കേസ് കൊടുത്ത് അവളെ മക്കളിൽ നിന്ന് അകറ്റാൻ താൻ ആഗ്രഹിച്ചില്ലെന്ന് ഷീല പറഞ്ഞു. മാപ്പ് നൽകുന്നത് നീതിയെ ഇല്ലാതാക്കുന്നതല്ലെന്നും തനിക്ക് വേദനയുണ്ടെങ്കിലും മകൾക്ക് വേണ്ടി ദൈവകൃപയാൽ താൻ ക്ഷമിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ദൈനംദിന ജീവിതത്തിൽ ഷിയാനയുടെ സാന്നിധ്യം
വീടിനുള്ളിൽ ഷിയാനയുടെ കട്ടിലും കളിപ്പാട്ടങ്ങളും ചിത്രങ്ങളും ഇപ്പോഴും അതേപടി സൂക്ഷിച്ചിട്ടുണ്ട്. കുഞ്ഞനുജത്തിയെ ഓർമ്മിക്കുന്നത് മോണയുടെ ദിനചര്യയുടെ ഭാഗമായി മാറി. സംഭവിച്ചതെന്തെന്ന് മനസ്സിലാക്കാൻ മോണ ചെറിയ കുട്ടിയായതിനാൽ, അവൾ ഒരു മാലാഖയാണെന്നും നമ്മോടൊപ്പമുണ്ടെന്നുമാണ് ഷീല പറയുന്നത്.
എല്ലാ രാത്രിയിലും മോണ കുഞ്ഞനുജത്തിയോട് ഗുഡ് നൈറ്റ് പറയാറുണ്ട്. എല്ലാ ഞായറാഴ്ചയും കുടുംബം പള്ളിയിൽ പോകാറുണ്ട്. ഷിയാന തങ്ങളുടെ ജീവിതത്തിൽ ഇപ്പോഴും സാന്നിധ്യമായി ഉണ്ടെന്ന വിശ്വാസമാണ് അവർക്ക് ആശ്വാസമാകുന്നത്.
കുടുംബത്തിലെ വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലും ഷിയാനയുടെ ചിത്രം അവർ ഒപ്പം കൊണ്ടുപോകാറുണ്ട്. ഒത്തുചേരുന്ന ഓർമ്മകളിൽ അവളും എപ്പോഴും ഉണ്ടെന്ന് ഉറപ്പാക്കാനാണിത്.
പുതിയ അർത്ഥമുള്ള വാർഷിക ആഘോഷം
കുടുംബത്തിന്റെ കലണ്ടറിലെ പ്രധാന ദിവസമായിരുന്നു എപ്പോഴും ദുബായ് റൺ. ആദ്യ വർഷം മുതൽ അവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. മോണ കുഞ്ഞായിരുന്നപ്പോൾ മുതൽ ഒപ്പമുണ്ട്. ഷിയാനക്കൊപ്പം ആ സന്തോഷം പങ്കിടണമെന്ന് ആഗ്രഹിച്ചിരുന്നു.
പതിവ് ഉപേക്ഷിക്കുന്നതിന് പകരം, ഷിയാനയുടെ വിയോഗത്തിന് മുമ്പ് തയ്യാറാക്കിയ പദ്ധതികൾ മാനിക്കാൻ കുടുംബം തീരുമാനിച്ചു. ദുബായ് ഓട്ടത്തിനിടയിൽ പലതരം വികാരങ്ങളുണ്ടായിരുന്നുവെങ്കിലും പങ്കെടുത്തത് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സഹായിച്ചു. ഇപ്പോഴും വേദനയുണ്ട്, കരയാറുണ്ട്, എങ്കിലും എല്ലാ കുടുംബാഘോഷങ്ങളിലും എറിക്കിനെ ഓർമ്മിക്കാനാണ് ആഗ്രഹിക്കുന്നത്.
മകളെ നഷ്ടപ്പെട്ട വേദന മാഞ്ഞിട്ടില്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള സന്തോഷങ്ങളിൽ പങ്കുചേരാനും മകളുടെ ഓർമ്മകൾ നിലനിർത്താനും ഷീല പഠിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരികമായി ഒപ്പമില്ലെങ്കിലും ആത്മാവുകൊണ്ട് അവൾ ഒപ്പമുണ്ടെന്നും കുടുംബത്തിനായി കരുത്തോടെ ഇരിക്കണമെന്നും വേദനയെ മകളുടെ ഓർമ്മയ്ക്കായി മാറ്റണമെന്നും ഷീല പറഞ്ഞു. ഇപ്പോൾ അവൾ ഒരു മാലാഖയാണെന്നും തങ്ങൾ സന്തോഷത്തോടെയിരിക്കണമെന്നും അവളുടെ ജീവിതം ആഘോഷിക്കണമെന്നുമാണ് അവൾ ആഗ്രഹിക്കുന്നതെന്നും ഷീല വ്യക്തമാക്കി.
Content Highlights: A Filipino family brought an emotional touch to Dubai Run 2026 as four-year-old Mona participated with her parents, holding a photograph of her late baby sister, Erich Grace. The five-month-old baby passed away on September 23, 2026. The family, which has participated in Dubai Run every year, decided to continue the tradition in her memory. Walking along Sheikh Zayed Road with the baby's photograph, they honoured her memory while finding strength to move forward together.