'കോണ്‍ഗ്രസ് യാദവകുലത്തിന്റെ അവസ്ഥയിലേക്ക് എത്തരുതേ എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളു': അഡ്വ. വസന്ത് സിറിയക്

കോണ്‍ഗ്രസിനെ ഒരുകാലത്തും ജനങ്ങള്‍ വെറുത്തിട്ടില്ലെന്നും കോണ്‍ഗ്രസുകാരനെ എന്നും വെറുത്തിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

'കോണ്‍ഗ്രസ് യാദവകുലത്തിന്റെ അവസ്ഥയിലേക്ക് എത്തരുതേ എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളു': അഡ്വ. വസന്ത് സിറിയക്
National Spokesperson, Indian Youth Congress
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ പോരുകള്‍ മുറുകുന്നതിനിടെ നേതാക്കളെ വിമര്‍ശിച്ച് ദേശീയ വക്താവ് അഡ്വ. വസന്ത് സിറിയക്. വിഴുപ്പലക്കാന്‍ നാക്കെടുക്കുന്ന നേതാക്കള്‍ക്ക് നേതാക്കന്മാരായി വിലസാന്‍ കഴിയുന്നത് സാധാരണ പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുന്നത് കൊണ്ടാണെന്നും പ്രതിപക്ഷം ഗാലറിയിലിരുന്ന് കളി കാണുകയാണെന്നും വസന്ത് സിറിയക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.


പരസ്പരം തല്ലിയും പോരടിച്ചും നശിച്ചുപോയ യാദവകുലത്തിന്റെ അവസ്ഥയിലേക്ക് തന്റെ പ്രസ്ഥാനം എത്തരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ തനിക്കുള്ളുവെന്നും അദ്ദേഹം പറയുന്നു. സാധാരണ പ്രവര്‍ത്തകരുടെ അധ്വാനവും ആത്മാഭിമാനവും മറന്ന് നേതാക്കള്‍ അവരെ വീണ്ടും അപമാനിക്കാനും അധിക്ഷേപിക്കാനും മുതിര്‍ന്നാല്‍ അതിനെ പ്രവര്‍ത്തകര്‍ തന്നെ നേരിടേണ്ടി വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


ജയരാജന്മാരുടെയും യമരാജന്മാരുടെയും റിസോര്‍ട്ട് കച്ചവടം മുതല്‍ മറ്റു പല ഇടപാടുകളുടെയും കഥകള്‍ ഓരോന്നായി പുറത്തുവരുന്നുണ്ട്. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ നിരവധി അവസരങ്ങളാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ കുന്തമുന തിരിക്കേണ്ടത് സ്വന്തം നെഞ്ചിലേക്കാണോ അതോ ശത്രുപക്ഷത്തേക്കാണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ഒരുകാലത്തും ജനങ്ങള്‍ വെറുത്തിട്ടില്ലെന്നും കോണ്‍ഗ്രസുകാരനെ എന്നും വെറുത്തിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യാദവകുലത്തെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്പരം തല്ലിയും പോരടിച്ചും സ്വയം നശിച്ചുപോയ ഒരു കുലം. എന്റെ പ്രസ്ഥാനത്തിന്റെ അവസ്ഥ അത്തരത്തിലേക്ക് എത്തരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ.


വിഴുപ്പലക്കാന്‍ നാക്കെടുക്കുന്ന നേതാക്കള്‍ ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്ന്. നിങ്ങളുടെ നാക്കില്‍ ഉമിനീര്‍ വറ്റാതെ, നിങ്ങള്‍ക്ക് നേതാക്കളായി വിലസാന്‍ കഴിയുന്നത് തെരുവില്‍ പോസ്റ്റര്‍ ഒട്ടിച്ചും കൊടി പിടിച്ചും ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുന്നതുകൊണ്ടാണ്. അവരുടെ അധ്വാനവും ആത്മാഭിമാനവും ഒരിക്കലും മറക്കരുത്.


കെപിസിസിയുടെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ശിരസാവഹിക്കുകയാണ്. എന്നാല്‍ അതിനിടയിലും ഏതെങ്കിലും നേതാക്കള്‍ വീണ്ടും പ്രവര്‍ത്തകരെ അപമാനിക്കാനും അധിക്ഷേപിക്കാനും മുതിര്‍ന്നാല്‍, അതിനെ പ്രവര്‍ത്തകര്‍ തന്നെ നേരിടേണ്ടിവരുന്ന ഒരു കാലം വിദൂരമല്ല.
ഇവിടെ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയണം. പ്രതിപക്ഷം ഗാലറിയിലിരുന്ന് കളി കാണുകയാണ്. മറുവശത്ത്, ജയരാജന്മാരുടെയും യമരാജന്മാരുടെയും റിസോര്‍ട്ട് കച്ചവടം മുതല്‍ മറ്റു പല ഇടപാടുകളുടെയും കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.


അവരെ പ്രതിരോധത്തിലാക്കാന്‍ ലഭിച്ചിരിക്കുന്ന രാഷ്ട്രീയ അവസരങ്ങള്‍ അനവധിയാണ്. ഈ സാഹചര്യത്തില്‍ കുന്തമുന തിരിക്കേണ്ടത് സ്വന്തം നെഞ്ചിലേക്കാണോ അതോ ശത്രുപക്ഷത്തേക്കാണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. സ്വന്തം അണികളെ വേട്ടയാടിയും പരസ്പരം ചെളിവാരിയെറിഞ്ഞും ശത്രുപക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുക്കരുത്. ഒരു കാര്യം കൂടി ഓര്‍ക്കുക: കോണ്‍ഗ്രസിനെ ഒരു കാലത്തും ജനങ്ങള്‍ വെറുത്തിട്ടില്ല. കോണ്‍ഗ്രസുകാരനെ എന്നും വെറുത്തിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.


??അഡ്വ വസന്ത് സിറിയക്


ദുബായ് ഇന്‍കാസിന്റെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഉല്‍ഘാടനം ചെയ്തു സംസാരിക്കുന്ന വീഡിയോ ആണ് ഒപ്പം ഉള്ളത്

Content Highlights: Advocate Vasanth Syriac has expressed his hope that the Congress party does not reach a situation similar to that of the Yadava clan. His remark reflects his concern about the party's future

dot image
To advertise here,contact us
dot image