

കണ്ണൂർ: രാഷ്ടീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സി വി ധനരാജ് വധക്കേസില്‍ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ മൂന്ന് പ്രതികൾക്കും ജീവിതാവസാനം വരെയുള്ള ജീവപര്യന്തം ശിക്ഷ. ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ പ്രതികള്‍ക്കാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ മൂന്ന് പ്രതികളും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. 20 പേർ അടങ്ങിയ പ്രതിപ്പട്ടികയിൽ 16 പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടിരുന്നു. പ്രന്തണ്ടാം പ്രതി സി ബിജു 2017ൽ കൊല്ലപ്പെട്ടിരുന്നു.
2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്ത്തകന് സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ ബിജെപി,ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ രണ്ടും മൂന്നും സാക്ഷികളായ ധനരാജിൻ്റെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലായിരുന്നു ആക്രമണം. പിഴയായി വിധിച്ച 15 ലക്ഷം രൂപ ധനരാജിൻ്റെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 5 വർഷം ശിക്ഷ വേറെയും അനുഭവിക്കണം. കേസിൽ മറ്റ് കുറ്റകൃത്യങ്ങളിലെ അഞ്ചുവർഷം 4 മാസം തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം അനുഭവിക്കേണ്ടത്.
വീട്ടിൽ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം, അമ്മയെ ആക്രമിച്ചതിന് ഒരു വർഷം, ഭാര്യ അമ്മ എന്നിവരെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം, ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷം, കൊലപാതകത്തിന് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ കാലാവധി. ശിക്ഷിക്കപ്പെട്ടവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രീയവൈരം സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചല്ലെന്നും പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളെ വിമർശിച്ചുക്കൊണ്ടായിരുന്നു കോടതിവിധി. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളാകുന്നത് സാധാരണക്കാരണെന്നും അവരുടെ സ്വപ്നങ്ങളെ ഇത്തരം കൊലപാതകൾ ഇല്ലാതാകുന്നെന്നും കോടതി നിരീക്ഷിച്ചു. വിധിയിൽ പൂർണ തൃപ്തിയെന്നും മറ്റ് പ്രതികളെ വെറുതെ വിട്ടതിന് എതിരെ അപ്പീൽ പോകുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ സികെ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ പറഞ്ഞു.
'ഒരു കുടുംബത്തിൻ്റെയും കണ്ണുനീരും ഈ മണ്ണിൽ ഇനി വീഴരുത്, പുതിയ തലമുറയോട് അതാണ് പറയാനുള്ളത്. പറഞ്ഞു തീർക്കാൻ കഴിയാത്ത ഒരു വിഷയവും ഇല്ല. ശിക്ഷാവിധിയെ അംഗീകരിക്കുന്നു മാനിക്കുന്നു. പാർട്ടി കൂടെ ചേർന്നുനിൽക്കും. ഈ വേദന ഇനിയൊരു കുടുംബത്തിനും അനുഭവിക്കാൻ പാടില്ല. മക്കളും അമ്മയും അനുഭവിക്കുന്ന വേദന ഒരു കുടുംബത്തിനും അനുഭവിക്കാൻ ഇടവരരുത്.' വിധിക്ക് ശേഷം ധനരാജിൻ്റെ ഭാര്യ സജിനി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പലസ്തീന് കവി മഹ്മൂദ് ദാര്‍വിഷിൻ്റെ കവിത ഉദ്ധരിച്ചായിരുന്നു കോടതിയുടെ വിധിന്യായം.
യുദ്ധങ്ങൾ അവസാനിക്കും
നേതാക്കൾ ഹസ്തദാനം ചെയ്യും
ആ വൃദ്ധ തൻ്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും
ആ പെൺകുട്ടി തൻ്റെ പ്രിയപ്പെട്ട ഭർത്താവിനായി കാത്തിരിക്കും
ആ കുട്ടികൾ അവരുടെ പിതാവിനെ നോക്കിയിരിക്കും എന്ന കവിതയാണ് വിധി പ്രസ്താവത്തിൽ ജഡ്ജി ഉയർത്തിയത്.
Content Highlights: Three RSS-BJP workers were sentenced to life imprisonment in the 2016 murder of CPI(M) activist CV Dhanaraj in Payyanur. The court also ordered ₹15 lakh compensation to his family