

തിരുവനന്തപുരം: സത്യസായി ബാവയുടെ 101-ാം ജന്മദിനാഘോഷത്തില് മുഖ്യാതിഥിയായി പങ്കെടുക്കാനായി മുഖ്യമന്ത്രി വി ഡി സതീശന് നടത്തിയ പുട്ടപര്‍ത്തി വിമാന യാത്രയ്ക്കെതിരെ പി രാജീവ്. മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണെന്ന് പി രാജീവ് പറഞ്ഞു.
സായി ട്രസ്റ്റ് ആണ് യാത്ര സ്പോണ്സര് ചെയ്തതെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിക്കരുത്. സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്യണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണ്. ആരാണ് യാത്ര സ്പോണ്സര് ചെയ്തത്.
ഓരോ കമ്പനികള്‍ പ്രത്യേകമായുള്ള വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നു. അതാരാണെന്ന് പറയാതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.
ആരുടെയെങ്കിലും സ്പോണ്സര്ഷിപ്പില് അല്ല ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള യാത്ര അങ്ങേയറ്റം നിഗൂഢമാണ്. ജനങ്ങളുടെ മുന്പില് വസ്തുതകള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി ഡി സതീശന് പുട്ടപര്‍ത്തിയിലെത്തിയത് ചാര്‍ട്ടേഡ് വിമാനത്തിലാണെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുവിട്ടത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ദുബായിലെ മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയായ ട്രാന്‍സ് വേള്‍ഡിന്റെ ആഡംബര വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇടനിലക്കാരനാണ് വിമാനം ബുക്ക് ചെയ്തതെന്നാണ് വിവരം. ചാര്‍ട്ടേഡ് വിമാനത്തിന് പിന്നിലാര്? സ്വകാര്യ യാത്രകള്‍ക്ക് സ്പോണ്സര് ആര്? മുന്‍ യാത്രകളുടെ സ്പോണ്സര് ആര്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ വിമാന യാത്രയെ സംബന്ധിച്ച് ഉയരുന്നത്.
സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണോ വിമാനം എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ ഇതേ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇതിലെ ചെലവ് ആരാണ് വഹിച്ചത് എന്ന് കാര്യത്തിലും ആരാണ് ആ ഇടനിലക്കാരന് എന്ന് കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കൊച്ചിയിലെത്തിയ ശേഷം കോട്ടയത്ത് ചാവറ കുര്യാക്കോസ് വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷികം ഉദ്ഘാടനം ചെയ്തശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി പത്തനാപുരത്തേക്ക് പോയത്.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലല്ലാതെ സ്വകാര്യ വ്യക്തികള്‍ നല്കുന്ന സൗജന്യവും ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഒന്നിന് പുറകേ ഒന്നായി സ്പോണ്സര് യാത്രകള്‍ നടത്തുന്നത്. അഴിമതിക്ക് സമാനമാണ് ഇത്തരം യ്രാത്രകള് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. നേരത്തെയും മുഖ്യമന്ത്രി വി ഡി സതീശന് നടത്തുന്ന ചാര്‍ട്ടേഡ് വിമാന യാത്രകള്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കൊച്ചിയിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്രയായിരുന്നു ഇതില്‍ ആദ്യം. ഒരു നിക്ഷേപകനെ കാണാന്‍ എന്നായിരുന്നു അന്ന് സതീശന് പറഞ്ഞിരുന്നത്. എന്നാല്‍ ആരാണ് ആ നിക്ഷേപകന് എന്ന ചോദ്യത്തിന് ഇന്നുവരെയും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.
Content Highlights: p rajeev criticises vd satheesan puttaparthi visit political controversy