ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; പുതുജീവിതം

വയനാട് കളക്ട്രേറ്റിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി സന്ദീപാണ് വരന്‍

ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; പുതുജീവിതം
dot image

തൃശൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി. വയനാട് കളക്ട്രേറ്റിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി സന്ദീപാണ് വരന്‍. ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാജന്‍ വിവാഹത്തില്‍ മുഖ്യ സാന്നിധ്യമായി.

ശ്രുതിയും സന്ദീപും

കോഴിക്കോട്ടെ സ്വകാര്യം ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു ശ്രുതിയുടെ ജീവിതത്തെ ദുരന്തം കവർന്നത്. 2024 ജൂലൈ മുപ്പതിന് നടന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടമായിരുന്നു. കോഴിക്കോടായതിനാല്‍ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവാഹച്ചടങ്ങിൽ കെ രാജൻ എംഎൽഎ

പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയായ ജെന്‍സനായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 2024 ഡിസംബറില്‍ വിവാഹം ലളിതമായി നടത്താനിരിക്കെ ജെൻസനെയും ദുരന്തം കവർന്നു. 2024 സെപ്റ്റബംര്‍ 10 ന് നടന്ന വാഹനാപകടത്തില്‍ ജെന്‍സന്‍ മരിച്ചു. ജെന്‍സനൊപ്പം ശ്രുതിയും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അപകടത്തില്‍ ശ്രുതിക്ക് സാരമായ പരിക്കേറ്റിരുന്നു.

ശ്രുതി

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് അന്നത്തെ മന്ത്രിയായിരുന്ന കെ രാജന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രുതിക്ക് റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കി. 2024 ഡിസംബര്‍ ഒന്‍പതിന് ശ്രുതി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെയാണ് സന്ദീപിനെ പരിചയപ്പെടുന്നതും വിവാഹത്തിലേയ്ക്ക് എത്തുന്നതും.

Content Highlights- Shruthi, a survivor of the devastating Mundakkai Chooralmala landslide in Wayanad, Kerala, has got married. Her wedding marks a new chapter in her life after surviving the disaster.

dot image
To advertise here,contact us
dot image