

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥര്‍ക്ക് നാടുകടത്തലുമാണ് വി ഡി സതീശന്‍ മന്ത്രിസഭയുടെ രീതിയെന്ന വിമര്‍ശനവുമായി എ എ റഹീം എംപി. 12 ദിവസമായി തുടര്‍ച്ചയായി വളര്‍മതി നിരാഹാര സത്യാഗ്രഹം തുടരുകയാണെന്നും സമരപന്തലിലെത്തി എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥര്‍ക്ക് നാടുകടത്തലുമാണ് വി ഡി സതീശന്‍ മന്ത്രിസഭയുടെ രീതി. 125 ദിവസമായി എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്. 12 ദിവസമായി തുടര്‍ച്ചയായി വളര്‍മതി നിരാഹാര സത്യാഗ്രഹം തുടരുകയാണ്. വിശദമായി ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചു. അവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു. ഈ സമരം ജനാധിപത്യ വിരുദ്ധമായ, നിഷേധാത്മകമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ പറയാനുള്ള ഗൗരവതരമായ വിഷയം. സമരം ചെയ്യുന്ന വളര്‍മതി അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ്. 12 ദിവസമായി പൂര്‍ണ നിരാഹാര സത്യാഗ്രഹം നടത്തുന്ന വളര്‍മതി എന്നോട് പറഞ്ഞത്, ശാരീരിക ക്ഷമത കൊണ്ടല്ല മറിച്ച് മാനസിക ക്ഷമത കൊണ്ടാണ് ഇങ്ങനെ കിടക്കുന്നതെന്നാണ്. അത് മരണം വരെയും തുടരുമെന്നും അവർ പറഞ്ഞു. ഒരു രക്തസാക്ഷി ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിന്റെ കണ്ണുതുറക്കുകയുള്ളു എങ്കില്‍ അതിനും തയ്യാറാണെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്.'- എ എ റഹീം വിശദീകരിച്ചു.
'സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുമ്പോൾ, നിരാഹാരം കിടക്കുന്ന വളർമതിയുടെ ആരോഗ്യനിലയിലുള്ള ആശങ്ക ഡിവൈഎഫ്‌ഐ പൊതുസമൂഹത്തോട് വിശദീകരിക്കുകയാണ്. അതിനാല്‍ സര്‍ക്കാര്‍ ദുരഭിമാനവും നിഷേധ സമീപനവും വെടിയണം. വളർമതിയുടെ ജീവന്‍ രക്ഷിക്കണം. അവരുടെ ജീവന്‍രക്ഷിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പകരം അവരുടെ മുകളില്‍ കേസ് വെച്ചുകൊടുക്കുകയാണ്. കേസ് കൊണ്ട് അവരെ പിന്‍മാറ്റാന്‍ കഴിയുമെന്ന് കരുതരുത്. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ച് സര്‍ക്കാരിന് സമരത്തെ സമീപിക്കാവുന്നതാണ്. നിഷേധാത്മക സമീപത്തിലൂടെ സമരത്തെ അടിച്ചമര്‍ത്താനും ഉദ്യോഗാര്‍ത്ഥികളുടെ ജീവന്‍വച്ച് കളിക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കിൽ വലിയ പ്രത്യാഘതങ്ങളും വലിയ സമരങ്ങളും കാണേണ്ടി വരുമെന്നാണ് പറയാനുള്ളത്'- എഎ റഹീം പറഞ്ഞു.
എല്ലാം പരിഹരിക്കാമെന്ന് വാക്കുകൊടുത്തവര്‍ അധികാര കസേരകളിലുണ്ടെന്നും സമാധാനപരമായ സമരം നടത്തുന്നവരോട് ജനാധിപത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തി എന്താണെന്ന് വിശദീകരണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. വാക്ക് കൊടുത്തവര്‍ ജീവനോടെ അധികാര കസേരയിലിരിപ്പുണ്ടെന്നും എന്താണ് നിലപാടെന്ന് സത്യസന്ധമായി ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A A Rahim criticises the V D Satheesan cabinet