

തിരുവനന്തപുരം: മാനവീയം വീഥി നിയന്ത്രിക്കാനോ കലാ-സാംസ്‌കാരിക പരിപാടികള്‍ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരം ഇല്ലെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ആണ്. നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാന നിവാസികള്‍ക്ക് അറിവില്ല. മാനവീയം വീഥിയില്‍ എല്ലാവര്‍ക്കും കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ അവകാശം ഉണ്ട്. എന്നാല്‍ അവിടുത്തെ അടിസ്ഥാന സങ്കല്‍പ്പത്തിന് കോട്ടം വരാത്ത രീതിയില്‍ ആയിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് എന്നും ശിവന്‍കുട്ടി പറഞ്ഞു.
അവിടുത്തെ സ്ഥലങ്ങള്‍ അനധികൃതമായി കയ്യേറി വെയ്ക്കുന്നത് മാനവീയത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്നും അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്‍ പ്രകാശ് രാജ് പങ്കെടുത്ത മാനവീയം വീഥിയിലെ പ്രതിഷേധത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഫുട്പാത്ത് കയ്യേറി, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു പ്രതിഷേധം. പരിപാടിക്കിടെ പൊലീസ് എത്തി മൈക്ക് സെറ്റും ബോക്‌സും പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
Content Highlights: Corporation Has No Authority to Restrict Manaveeyam Veethi, Said V Sivankutty