കരിപ്പൂർ സ്വർണം പൊട്ടിക്കൽ: ആസൂത്രണം ചെയ്തത് പ്രിയങ്ക, ഭർത്താവിനെയും മക്കളെയും ഇരകളാക്കി സ്വർണ്ണക്കടത്ത്

യുവതിയുടെ ഭർത്താവ് നിരപരാധിയെന്ന് സ്ഥിരീകരിച്ച് പൊലീസ്‌

കരിപ്പൂർ സ്വർണം പൊട്ടിക്കൽ: ആസൂത്രണം ചെയ്തത് പ്രിയങ്ക, ഭർത്താവിനെയും മക്കളെയും ഇരകളാക്കി സ്വർണ്ണക്കടത്ത്
dot image

കണ്ണൂർ: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ പുതിയ വഴിത്തിരിവ്. സ്വർണം പൊട്ടിക്കലടക്കം ആസൂത്രണം ചെയ്തത് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു പ്രിയങ്ക ലക്ഷ്യമിട്ടത് ഭർത്താവിനെയും മക്കളെയും ഇരകളാക്കിയുള്ള സ്വർണ്ണക്കടത്താണ്. ഗൂഢാലോചന നടത്തിയതും സ്വർണം കടത്തിയതും പ്രിയങ്ക തന്നെ. കുടുംബത്തെ മറയാക്കി അറസ്റ്റിലായ പ്രതികൾക്ക് ഒപ്പം സ്വർണം കവർച്ച നടത്താനായിരുന്നു ലക്ഷ്യം.

യുവതിയുടെ ഭർത്താവ് നിരപരാധിയെന്ന് പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഭർത്താവിനെ പ്രതിചേർക്കാതെ വിട്ടയച്ചു. കവർച്ചയുടെ ഗൂഢാലോചന ദുബായിൽ വെച്ചായിരുന്നു നടന്നത്. ദുബായിൽ വെച്ച് സഫ്വാൻ എന്നായാളാണ് സ്വർണം നൽകിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. ശ്രീലാലിന് എതിരെ നെടുമ്പാശ്ശേരിയിലും കവർച്ചാ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. ശ്രീലാൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ സജീവ അംഗമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽ നിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക സ്വർണം യഥാർത്ഥത്തിൽ കൈമാറേണ്ട വ്യക്തിക്ക് നൽകാതെ കടന്നു കളഞ്ഞു. തുടർന്ന് ഇയാൾ പൊലിസിനെ വിവരമറിയിച്ചു. ഉടനെ പൊലീസ്‌ പട്രോളിങ് സംഘം കാറിലും ബൈക്കുകളിലുമായി ഇവരെ പിന്തുടര്‍ന്നു. പുളിക്കൽ ആന്തിയൂർകുന്ന് റോഡിലേക്ക് കയറിയ കവർച്ചാ സംഘത്തെ സാഹസികമായാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.

എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യം ചെയ്തതോടെ തട്ടിക്കൊണ്ടുപോകൽ നാടകമാണ് അരങ്ങേറിയതെന്ന് വ്യക്തമായി.18 പവൻ സ്വർണവുമായാണ് യുവതി എത്തിയത്. ഇതേ കാറിൽ പ്രിയങ്കയുടെ ഭർത്താവും ഉണ്ടായിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ശേഷം ഭർത്താവിന് പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights: Police say Priyanka, arrested in the Karipur gold robbery case, planned the alleged gold smuggling and robbery using her husband and children as cover. Her husband has been cleared of involvement.

dot image
To advertise here,contact us
dot image