

മലപ്പുറം: കാലടി സംസ്കൃത സര്‍വകലാശാലയിൽ സമരം ചെയ്തതിന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയിൽ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. റിപ്പോര്‍ട്ടര്‍ പോൾകാസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അച്ചടക്ക നടപടികള്‍ സര്‍വകലാശാലയുടെ വിവേചനാധികാരമാണ്. സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ല. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണോ എന്നത് സര്‍വകലാശാലയുടെ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യണം. സര്‍ക്കാര്‍ ഇടപെടേണ്ട വിഷയമല്ല. സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിന് പറയാനാകില്ല. സമരങ്ങളോട് അസഹിഷ്ണുതയില്ലെന്നും എന്നാല്‍ 'ശവമഞ്ച' സമരരീതി അപരിഷ്കൃതമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുടെ തീരുമാനങ്ങള്‍ ഉചിതമെങ്കില്‍ പിന്തുണയ്ക്കും. തെറ്റാണെങ്കില്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാറിനെതിരെ സമരം ചെയ്യാന്‍ എസ്എഫ്ഐയുടെ ട്യൂഷന് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
മഹാരാജാസിലെ സംഭവത്തില്‍ താന്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളോട് തന്നോട് ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞിട്ടില്ല. പരിപാടി കഴിയുന്നതുവരെ കാത്ത് നില്‍ക്കാനാണ് പറഞ്ഞത്. എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. താന്‍ ബാനര്‍ കാണുമ്പോഴേ പ്രകോപിതനാകും എന്ന ലക്ഷ്യത്തോടെയാകാം അവര്‍ വന്നത്. ഇത് നടക്കാതെ വന്നപ്പോഴാണ് സ്റ്റേജിലേക്ക് എസ്എഫ്ഐക്കാര്‍ എത്തിയതെന്നും റോജി എം ജോണ്‍ പറഞ്ഞു. പിണറായി വിജയന് പ്രസംഗിക്കുന്ന വേദിയില്‍ ഇത്തരത്തില്‍ ഒരു ബാനറുമായി അവര്‍ക്ക് കയറാന്‍ ആകുമോ എന്ന് ചോദിച്ച മന്ത്രി പ്രതിഷേധിക്കാനുള്ള അവരുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. എസ്എഫ്ഐ മാത്രമായി എടുത്ത തീരുമാനമാണ് ഇത് എന്ന് കരുതുന്നില്ല. അവരെ പറഞ്ഞുവിട്ടവരോട് താന്‍ പേടിച്ചു പോയി എന്ന് പറഞ്ഞേക്കെന്നും അദ്ദേഹം പറഞ്ഞു.
കാലടി സര്വകലവാശാലയില് ഉണ്ടായ പ്രശ്നങ്ങല്‍ മുന്‍സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നതാണ്. എന്നാല്‍ സിന്‍ഡിക്കേറ്റ് മാറിയ ഉടനെ സമരവുമായി ഇടിച്ചുകയറിയത് മനഃപ്പൂര്‍വം പ്രശ്നമങ്ങള്‍ ഉണ്ടാക്കാനാണ്. ഉപയോഗശൂന്യമായ ലൈറ്റുകള്‍ വെച്ചാണ് സമരം ചെയ്തതെന്നത് പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യരായപ്പോള്‍ കൊണ്ടുവന്ന കാപ്സ്യൂള്‍ ആണെന്നായിരുന്നു മുന്ത്രിയുടെ ആരോപണം. അവര്‍ സദുദ്ദേശത്തോടെ സമീപിച്ചാല്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നൂറിലധികം ദിവസം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം മുമ്പ് തന്നെ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ സമരം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Higher Education Minister Roji M John has said the government cannot intervene in the suspension of students at Kalady Sanskrit University for participating in protests. Speaking to Reporter during a podcast, he said disciplinary action falls within the university’s discretion and the government has no authority to interfere. He also stated that the decision on whether the suspended students can appear for examinations rests with the university.