

വയനാട്: വയനാട് പഠനയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റം. പഠനയാത്രയില് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡന്റിനെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ആര്ആര്ഡിയില് നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് മദ്യപിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ അധ്യാപകന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന സാഹചര്യമുണ്ടായതോടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് താന്‍ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. തനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ ഒരാളെ മാനസികമായി തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് താനെന്നും ഷിവി കൃഷ്ണ പറഞ്ഞു.
തനിക്കെതിരെ പൊലീസില്‍ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകള്‍ ഉണ്ടായി. എങ്കിലും താന്‍ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവര്‍ക്ക് അത്രയേ അറിവുള്ളൂ. തന്റെ സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് വന്നത്. എന്നാല്‍ വന്നവരില്‍ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികള്‍ ഒന്നുമില്ലാത്തതിനാല്‍ താന്‍ യാതൊരുവിധ പരിശോധനകള്‍ക്കും വിധേയനാകാന്‍ ബാധ്യസ്ഥനല്ല. എന്നാല്‍ യൂറിന്‍ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടികളും ഇപ്പോള്‍ വലിയ പ്രയാസത്തിലാണ്. എനിക്കെതിരെ നടന്ന ഈ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് താന്‍ ആലോചിക്കുമെന്നും ഷിവി കൃഷ്ണ പറഞ്ഞു.
Content Highlights: The Kerala Education Department has transferred Shivi Krishnan, principal of Meenangadi Government Higher Secondary School, following a controversy over a study tour to Wayanad. She has been shifted to Vaduvanchal GHSS after the department found serious lapses in following government guidelines. The report reportedly noted that approval was not sought from the RRD and that a trip originally planned for three days was extended to five days. The Deputy Secretary of General Education has been assigned a further inquiry, and a decision has also been taken to replace the PTA president.