

തൃശ്ശൂര്‍: വിചാരണ കൂടാതെ കൊലക്കേസ് പ്രതിയെ കുറ്റവിമുക്തമാക്കി സിബിഐ കോടതി. 20 വര്‍ഷം പഴക്കമുള്ള എറണാകുളം മിഥില മോഹന്‍ കൊലക്കേസിലാണ് വിചിത്ര നടപടി ഉണ്ടായത്. തൃശ്ശൂര്‍ സ്വദേശി സന്തോഷ് കുമാര്‍ എന്ന കണ്ണനെ വിചാരണ കൂടാതെ വിട്ടയക്കാന്‍ എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
2006 ഏപ്രില്‍ അഞ്ചിനാണ് എറണാകുളം വെണ്ണലയില്‍ സ്പിരിറ്റ് വ്യാപാരിയായിരുന്ന മിഥില മോഹന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന് ആരോപണം. കേരള പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കുറ്റപത്രം പരിശോധിച്ച കോടതി പ്രതിക്കെതിരെ വിചാരണ തുടരാന്‍ മതിയായ അടിസ്ഥാനം ഇല്ലെന്ന് കണ്ടെത്തി. അനുബന്ധ രേഖകളും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ എന്‍ കെ ഉണ്ണികൃഷ്ണന്, എന്‍ യു ഹരികൃഷ്ണ, സഈര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.
Content Highlights: An Ernakulam CBI special court has acquitted Santhosh Kumar, alias Kannan, a native of Thrissur, without conducting a trial in the 20-year-old Mithila Mohan murder case. The court issued the order in the long-pending case, bringing an unusual turn to the proceedings.