

കൊച്ചി: ദുരന്തമുഖങ്ങളില്‍ കൈത്താങ്ങാകാന്‍ ചുമട്ടുതൊഴിലാളി യൂണിയന് (സിഐടിയു) രൂപീകരിച്ച സന്നദ്ധ സേനയായ റെഡ് ബ്രിഗേഡിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് നിര്‍വഹിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച അയ്യായിരം സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു.
സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളില്‍ കണ്ടറിഞ്ഞ് പ്രതികരിക്കുന്നവരാണ് ചുമട്ടുതൊഴിലാളികളെന്ന് റെഡ് ബ്രിഗേഡിന്റെ സംസ്ഥാനതല ഉദഘാടനം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം ജീവിതം പോലും പരിഗണിക്കാതെ ഇടപെടുന്ന തൊഴിലാളികളെയാണ് നാം കണ്ടിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൊവിഡ് കാലം. തൊഴിലാളികളുടെ ഭാഗത്തുനിന്ന് അന്ന് നല്ല ഇടപെടലാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ ക്ഷാമമുണ്ടായ സമയത്തും ചുമട്ടുതൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായി. അവരുടെ ഇടപെടല്‍ വലിയ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ചു. വിവിധ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അവിടങ്ങളിലെല്ലാം ചുമട്ടുതൊഴിലാളികളുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്, മുന്‍ മന്ത്രി വി ശിവന്‍കുട്ടി, സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എറണാകുളത്ത് ആരംഭിച്ച കനിവ്, തിരുവനന്തപുരത്ത് രൂപീകരിച്ച ബ്രൂ ബ്രിഗേഡ് എന്നിവയുടെ ചുവടുപിടിച്ചാണ് സംസ്ഥാന സേനയായി റെഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനായിരുന്നു സേനയ്ക്ക് ബ്ലൂ ബ്രിഗേഡ് എന്ന പേര് നല്‍കിയത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും ആദ്യം രക്ഷകരാകുന്നത് ചുമട്ടുതൊഴിലാളികളാണ്. അപകടം, തീപിടിത്തം, പ്രകൃതി ദുരന്തം അടക്കമുള്ളയില് ഇവരുടെ സേവനം ഉറപ്പാക്കാന്‍ സംഘടനയ്ക്ക് സാധിക്കാറുണ്ട്. പ്രളയകാലത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രദേശങ്ങളില്‍ ഇവര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നു. കൊവിഡ് കാലത്തും ഇവരുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കിയായിരുന്നു ഇടപെടല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ തീര്‍ന്നപ്പോള്‍ പെരുമഴ പോലും വകവെയ്ക്കാതെ ഓക്സിജന്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത് ചുമട്ടുതൊഴിലാളികളുടെ സേനയായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങളിലുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായിരുന്നു. തിരുവനന്തപുരം നഗരത്തിലുണ്ടായ തീപിടിത്തം, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഉഡുപ്പി ലോഡ്ജ് തകര്‍ന്നുവീഴല്‍ തുടങ്ങിയ വന്‍ ദുരന്തങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും ചുമട്ടുതൊഴിലാളികള്‍ മുന്നിലുണ്ടായിരുന്നു.
Content Highlights- Pinarayi Vijayan inaugurated the state-level launch of the CITU Red Brigade initiative. The programme is intended to expand support and care for people facing challenges in their journey towards survival and recovery.