വാതിൽ പൊളിച്ച് കയറുമെന്ന് വീടുമാറിക്കയറിയ EXCISE; കള്ളന്മാരെന്ന് കരുതി നിലവിളിച്ച് വീട്ടമ്മ, ഒടുവിൽ തടിതപ്പി

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ എടപ്പാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഘമെത്തിയത്

വാതിൽ പൊളിച്ച് കയറുമെന്ന് വീടുമാറിക്കയറിയ EXCISE; കള്ളന്മാരെന്ന് കരുതി നിലവിളിച്ച് വീട്ടമ്മ, ഒടുവിൽ തടിതപ്പി
dot image

കൊച്ചി: പ്രതിയെ തപ്പിയെത്തിയ എക്‌സൈസ് സംഘം വീടുമാറിക്കയറിയതോടെ പരിഭ്രാന്തിയിലായി വീട്ടമ്മ. ഫോര്‍ട്ട് കൊച്ചി അധികാരി വളപ്പിന് സമീപം ഫെര്‍ണാണ്ടസ് ഗാര്‍ഡനിലാണ് സംഭവം. വാറന്റ് പ്രതിയെ പിടിക്കാന്‍ കട്ടപ്പനയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലെത്തിയ സംഘമാണ് വീട് മാറിക്കയറിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ എടപ്പാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഘമെത്തിയത്. ഇവരുടെ വീടിനടുത്തായിരുന്നു വാറന്റ് പ്രതി താമസിച്ചിരുന്നത്. ദമ്പതിമാരില്‍ ഭാര്യ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നു.

വീട്ടിലെത്തിയ എക്‌സൈസ് സംഘം ജനാലവഴി ഉള്ളിലേക്ക് ടോര്‍ച്ചടിച്ചു. വാതില്‍ തുറന്നില്ലെങ്കില്‍ വാതില്‍ പൊളിച്ച് ഉള്ളില്‍ കയറുമെന്നും സംഘം പറഞ്ഞു. കള്ളന്മാരാണ് പുറത്തുള്ളതെന്നാണ് വീട്ടമ്മ കരുതിയത്. ഉടന്‍ തന്നെ വീട്ടമ്മ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവിനെ വിളിച്ചു. അപ്പോഴേക്കും ബഹളം കേട്ട് സമീപവാസി എത്തുകയും ഒരു സ്ത്രീ മാത്രമാണ് അവിടെ നിലവിലുള്ളതെന്നും എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ വാതില്‍ തുറന്നാലേ പോകൂവെന്ന വാശിയിലായിരുന്നു സംഘം.

ഇതിനിടെ ജോലി സ്ഥലത്തുനിന്ന് ഭര്‍ത്താവെത്തുകയും എക്സൈസ് അധികൃതരോട് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘം അതിന് തയ്യാറായില്ലെന്നും പറയുന്നു. താന്‍ എത്തിയപ്പോഴേക്കും എക്സൈസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും ഒരു വനിതാ ഓഫീസറുണ്ടായിരുന്നുവെങ്കിലും അവര്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എക്‌സൈസ് സംഘത്തിന് യൂണിഫോമുണ്ടായിരുന്നില്ല.

ആളുകള്‍ കൂടിത്തുടങ്ങിയതോടെ സംഘം സ്ഥലം കാലിയാക്കി. ഇതിനിടെ വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫോര്‍ട്ട് കൊച്ചി പൊലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും അവര്‍ ആദ്യം പരാതി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.

Content Highlights:Excise team arriving to apprehend a suspect entered the wrong house at kochi

dot image
To advertise here,contact us
dot image