

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ആവശ്യമായ ലൈസൻസ് നിബന്ധനകൾ പാലിക്കാതെ ആരും വാഹനമോടിക്കരുതെന്നും അധികൃതർ നിർദേശിച്ചു. ലൈസൻസില്ലാത്ത ഡ്രൈവിങിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും വാഹനാപകടങ്ങൾ തടയാനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അജ്മാൻ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ‘ഡ്രൈവിങ് വിത്തൗട്ട് എ ലൈസൻസ്’ എന്ന പേരിൽ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ചു.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ പറഞ്ഞു. ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കൃത്യമായി പരിശോധിക്കുകയും അവസാനിക്കുന്നതിന് മുൻപ് പുതുക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓടിക്കുന്ന വാഹനത്തിന്റെ വിഭാഗത്തിന് അനുയോജ്യമായ ലൈസൻസാണെന്ന് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നതിന് മുൻപ് അംഗീകൃത ലൈസൻസിങ് വ്യവസ്ഥകളും ആവശ്യമായ നിബന്ധനകളും മനസ്സിലാക്കി പാലിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും അധികൃതർ നിർദേശിച്ചു.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും വിശദീകരിക്കുന്ന അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ബോധവത്കരണ സന്ദേശങ്ങളും ക്യാംപെയ്നിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളെ ചെറുപ്പം മുതൽ തന്നെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിൽ കുടുംബങ്ങൾക്കും പ്രധാന പങ്കുണ്ടെന്ന് അധികൃതർ പറഞ്ഞു. റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കാൻ വ്യക്തികളും കുടുംബങ്ങളും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അജ്മാൻ പൊലീസ് വ്യക്തമാക്കി.
Content Highlights: Ajman Police has launched an awareness campaign warning motorists that driving without a valid licence can lead to legal action, urging residents and visitors to follow UAE licensing requirements.