

ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് ആശ്വാസവുമായി സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ഭാഗത്ത് സുരക്ഷാ വീഴ്ചയോ ആവശ്യമായ പരിശോധനകളിലെ പോരായ്മയോ ബോധ്യപ്പെട്ടാൽ, തട്ടിപ്പിനിരയായ ഉപഭോക്താക്കൾക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഡിജിറ്റൽ അറസ്റ്റ് പോലുള്ള വൻകിട തട്ടിപ്പുകളിൽ ബാങ്കുകളുടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കാനിരിക്കുന്ന പുതിയ കെവൈസി ഭേദഗതി നിർദ്ദേശങ്ങൾ നവംബർ 30-നകം വിജ്ഞാപനം ചെയ്യുമെന്നും ഡിസംബർ 31-ഓടെ നിലവിൽ വരുമെന്നും കോടതി അറിയിച്ചു. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള കൃത്യമായ ഒരു സംവിധാനം ഈ പുതിയ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തണമെന്ന് ആർബിഐയോട് കോടതി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ സുരക്ഷാ വീഴ്ചകൾ മൂലം ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടില്ല എന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തട്ടിപ്പുകൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ബാങ്കുകൾ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു അക്കൗണ്ട് ഉടമയുടെ സാധാരണ ഇടപാടുകളിൽ നിന്നും വ്യത്യസ്തമായി സംശയാസ്പദമായ രീതിയിൽ വലിയ തുകകളുടെ കൈമാറ്റം നടക്കുകയാണെങ്കിൽ ആ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കണം. കൂടാതെ, ഇത്തരം അസ്വാഭാവിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ബാങ്കുകൾ നേരിട്ട് വിവരം അറിയിക്കണമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് കേസുകൾ 50 ശതമാനത്തോളം കുറഞ്ഞതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. എന്നാൽ കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഈ വർഷം മാത്രം ഇത്തരം തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് ഏകദേശം 800 കോടി രൂപയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സൈബർ കുറ്റവാളികൾ പണം കടത്താൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ തടയുന്നതിൽ ബാങ്കുകൾ കടുത്ത ജാഗ്രത പുലർത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Content Highlights: The Supreme Court has called for banks and financial institutions to compensate victims of digital fraud when the loss is found to have resulted from failures in due diligence.The court said the RBI’s proposed KYC Amendment Directions, 2026, should include provisions for compensation.