

കൊച്ചി: വിദ്വേഷ യൂട്യൂബര്‍ ഷാജന് സ്കറിയയോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത. മുസ്ലിങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന വിവാദങ്ങളൊഴിയാത്ത യൂട്യൂബര്‍ കൂടിയായ ഷാജന് സ്കറിയയുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം മന്ത്രിസഭയുടെ ഭൂരിഭാഗവും പോയതിലാണ് മുസ്ലിം ലീഗില്‍ കടുത്ത അതൃപ്തി പുകയുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്, മന്ത്രിമാരായ സി പി ജോണ്‍, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരായിരുന്നു ഷാജന് സ്കറിയയുടെ പിതാവ് അന്തരിച്ച വേളയില്‍ വീട്ടിലെത്തിയത്. ഇതില്‍ മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ ആരും ഉണ്ടായിരുന്നില്ല.
പിഎംശ്രീ വിഷയത്തിലടക്കമുള്ള സര്‍ക്കാറിന്റെ മലക്കം മറിച്ചിലില്‍ ഇതിനകം പ്രയാസപ്പെട്ടിരിക്കുന്ന ലീഗിന് വീണ്ടും പ്രഹരമാവുകയാണ് വി ഡി സതീശന്റെയും മറ്റ് മന്ത്രിമാരുടെയും ഈ സമീപനം. എന്നാല്‍ വിഷയത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടും അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പി കെ നവാസ്, മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ബഷീര്‍, പിഎംഎ സലാം, പി കെ ഫിറോസ്, ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെ മുസ്ലിം ലിഗ് നേതൃത്വത്തിലോ മുന്‍നിരയിലോ ഉള്ള ഒരാള്‍ പോലും വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മറുനാടന്‍ മലയാളി വിദ്വേഷം വളര്‍ത്തുന്ന യൂട്യൂബ് ചാനല്‍ ആണെന്നും അതൊരു മാധ്യമം ആണെന്ന് പോലും ആരും കരുതുന്നില്ലെന്നും മറുനാടനെ സംരക്ഷിക്കേണ്ട ബാധ്യത ലീഗിനില്ലെന്നും സംഘടനാ ജനറല്‍ സെക്രട്ടറി പി എംഎ സലാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടത്തിയ പ്രതികരണവും മുന്നിലുണ്ട്. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ 'വിദ്വേഷം ചീറ്റുന്ന മറുനാടന്‍ മലയാളി' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഷാജന് സ്കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീന് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സാഹചര്യം എന്തുതന്നെയായാലും വിദ്വേഷ പ്രചാരകരെ കാറില്‍ കയറ്റുന്നത് പോലെ തന്നെ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുന്നതും അപരാദമാണെന്നായിരുന്നു ഷറഫുദ്ദീന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചത്. മാധ്യമപ്രവര്‍ത്തകരെയും വിദ്വേഷ പ്രചാരകരെയും വേര്‍തിരിച്ചറിയാനും അതിന് അനുസരിച്ച് സമീപനം സ്വീകരിക്കാനും രാഷ്ട്രീയ ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് ഷാജന് സ്കറിയയുടെ 261 വിദ്വേഷ പരാമര്‍ശങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ പരസ്യപ്രതികരണം. ഷാജന് സ്കറിയ 2021 ഡിസംബര്‍ എട്ട് മുതല്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് 261 എണ്ണം സമാഹരിച്ചായിരുന്നു ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: Differences emerge within the UDF over the approach adopted by Congress leaders towards controversial YouTuber Shajan Skaria