

രജനീകാന്ത് നായകനായെത്തിയ ഹിറ്റ് ചിത്രം 'ജയിലറി'ൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ആക്ഷൻ രംഗങ്ങളും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ ചില ആക്ഷൻ സീക്വൻസുകളിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ചർച്ചകളും വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു. ഈ വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ചേതൻ ഡിസൂസ. ചിത്രത്തിലെ കാറിന്റെ വേഗത്തിലുള്ള രംഗങ്ങളും ഡ്രിഫ്റ്റിങ് പോലുള്ള പ്രധാന ആക്ഷൻ സീനുകളും മോഹൻലാൽ തന്നെയാണ് ചെയ്തത് എന്ന് ചേതൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘നിങ്ങളെല്ലാവരും ചിത്രം കണ്ടതല്ലേ, അത് അദ്ദേഹം തന്നെയാണ്. ഞാനവിടെ ഉണ്ടായിരുന്നു ലാല്‍ സാറും അവിടെയുണ്ടായിരുന്നു. സീനിലുള്ളത് ലാല്‍ സാര്‍ അല്ല എന്നുള്ള പോസ്റ്റുകള്‍ ഞാനും കണ്ടിരുന്നു. അത് കണ്ടപ്പോള്‍ കണ്‍ഫ്യൂഷനായി. സാര്‍ അവിടെയുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം മികച്ച സമയമാണ് ഞാന്‍ ചെലവിട്ടത്. ആദ്യം കാണുമ്പോള്‍ സാറിന് എന്നെ അറിയില്ലെന്നാണ് ഞാന്‍ കരുതിയത്.
ഞാന്‍ അങ്ങോട്ട് ചെന്ന് ആവേശം ചെയ്ത ആളാണെന്ന് പറഞ്ഞപ്പോള്‍ എനിക്കറിയാം എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. ചിത്രത്തിലെ കാറിന്റെ വേഗത്തിലുള്ള രംഗങ്ങളും ഡ്രിഫ്റ്റിങ്ങും എല്ലാം അദ്ദേഹം തന്നെയാണ് ചെയ്തത്. ചില മൂവ്‌മെന്റ്‌സ് എല്ലാം ടെക്‌നോളജിയാണ്. കാരണം അതിന് വേണ്ടി ആരുടെയും ജീവന്‍ പണയം വെക്കാന്‍ പറ്റില്ല. കാലിന്റെ ചില ഷോട്ടുകള്‍ക്ക് വേണ്ടി മറ്റൊരാളെ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഷോട്ടുകള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ സാധിക്കില്ല.
മറ്റൊന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലെങ്ത് കുറഞ്ഞുപോയത്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അതുപോലെ ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഉണ്ടായിരുന്നു, പക്ഷേ ഫൈനല്‍ കട്ട് വരുമ്പോള്‍ പലരും അതിലില്ല. അത് സംവിധായകന്റെയും നിര്‍മാതാവിന്റെയും തീരുമാനമാണ്. അവരാണ് ഡിസിഷന്‍ മേക്കേഴ്‌സ്,’ ചേതന്‍ പറഞ്ഞു.
Content Highlights: Action choreographer Chethan D'Souza has put an end to rumours surrounding Mohanlal's action sequences in the film 'Jailer'. His clarification addresses the speculation about the actor's action scenes in the Rajinikanth-starrer.