ദുബായിൽ കാൽനടയാത്രക്കാർക്ക് ആശ്വാസം; പാം ജുമൈറയിൽ രണ്ട് പുതിയ നടപ്പാലങ്ങൾ കൂടി നിർമ്മാണം ആരംഭിച്ചു

2027 ഓടെ പാലങ്ങളുടെ പണി പൂർത്തിയാകും. രണ്ട് പാലങ്ങൾക്കും കൂടി മണിക്കൂറിൽ 2,700 കാൽനടയാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു

ദുബായിൽ കാൽനടയാത്രക്കാർക്ക് ആശ്വാസം; പാം ജുമൈറയിൽ രണ്ട് പുതിയ നടപ്പാലങ്ങൾ കൂടി നിർമ്മാണം ആരംഭിച്ചു
dot image

ദുബായിലെ പാം ജുമൈറയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും രണ്ട് പുതിയ നടപ്പാലങ്ങളുടെ നിർമാണം ആരംഭിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്‌മെന്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

പാം ജുമൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷോർലൈൻ മേഖലയിലാണ് ആദ്യ പാലം നിർമിക്കുന്നത്. 2027 ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹുസെെൻ അൽ ബന്ന പറഞ്ഞു. ഗോൾഡൻ മൈലിൽ റീട്ടെയിൽ സ്ഥാപനങ്ങളോട് ചേർന്നാണ് രണ്ടാമത്തെ പാലം നിർമിക്കുക. 2027 ഒക്ടോബറോടെ ഇത് പൂർത്തിയാക്കുമെന്നും രണ്ട് പാലങ്ങൾക്കും കൂടി മണിക്കൂറിൽ 2,700 കാൽനടയാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ആവശ്യകതയ്ക്ക് പുറമെ ഭാവിയിൽ വർധിക്കുന്ന യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താണ് പദ്ധതി. ഏകദേശം 16,000 താമസക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രധാന വികസന പദ്ധതികളുമായി അടിസ്ഥാന സൗകര്യങ്ങളെയും റോഡ് ശൃംഖലയെയും സംയോജിപ്പിക്കുന്നതിൽ ആർടിഎയും ദുബായ് ഹോൾഡിങ്ങും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾക്കനുസരിച്ച് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, വിവിധ മേഖലകളെയും പ്രധാന സൗകര്യങ്ങളെയും ബന്ധിപ്പിക്കുക, സുരക്ഷയും യാത്രാസൗകര്യവും വർധിപ്പിക്കുക, സുസ്ഥിര നഗരവികസനത്തിന് പിന്തുണ നൽകുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാലങ്ങൾ പാം ജുമൈറയിലെ വിവിധ മേഖലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുകയും വാഹനഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്ന് ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫ്രാൻസിസ് ജിയാനി പറഞ്ഞു. താമസക്കാരുടെ ദൈനംദിന യാത്രാനുഭവത്തിന് മുൻഗണന നൽകുന്ന ആധുനിക താമസമേഖലകൾ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Dubai’s RTA and Dubai Holding Community Management have started building two pedestrian bridges on Palm Jumeirah to improve pedestrian safety and traffic flow, with completion scheduled for June and October 2027.

dot image
To advertise here,contact us
dot image