

തിരുവനന്തപുരം: ആദ്യ ഇറക്കുമതി കണ്ടെയ്‌നര്‍ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും. ചൈനയില്‍ നിന്നുമെത്തുന്ന എംഎസ്സി സബ്രീനയാണ് വിഴിഞ്ഞത്ത് എത്തുക. നവംബര്‍ 3 ന് തുറമുഖത്ത് ഔദ്യോഗിക സ്വീകരണം നല്‍കും. എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ഉള്ള ആദ്യ ഇറക്കുമതിക്ക് തുറമുഖം വേദിയാകും.
എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് ആദ്യ കണ്ടെയ്‌നര്‍ എത്തുന്നത്. വിഴിഞ്ഞത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കണ്ടെയ്‌നര്‍ ഇറക്കാന്‍ കാലതാമസം നേരിട്ടത്. ഓഗസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതിക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
തിരുവനന്തപുരം നിലമേല്‍ എക്‌സ്‌പോര്‍ട്‌സിന്റെ ഒരു കണ്ടെയ്‌നറാണ് സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് കയറ്റുമതി ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളാണ് പ്രധാനമായും ഇതിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഏകോപനപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ലൈന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയും ആസ്പിന്‍ വോള്‍ ഷിപ്പിങ്ങ് കമ്പനിയുമാണ് പൂര്‍ത്തിയാക്കിയത്.

ഇന്ന് വിഴിഞ്ഞത്ത് എത്തുന്ന എംഎസ്സി സബ്രീനയിലുള്ളത് പിവിസി ഫോമുകളാണെന്നാണ് വിവരം. ഇറക്കുമതി കണ്ടെയ്‌നറുകള്‍ എത്തുന്നതോടെ എക്‌സിം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പ്രവര്‍ത്തനത്തിലേക്ക് കടക്കും. ഇന്ന് വൈകുന്നേരത്തോടെ കപ്പല്‍ എത്തുമെന്നാണ് പ്രതീക്ഷ. കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ സമുദ്രവ്യാപാരത്തില്‍ വിഴിഞ്ഞം പുതിയ ചരിത്രം കുറിക്കും.
Content Highlights: Vizhinjam International Seaport is set to mark a major milestone with the arrival of its first import container from China aboard MSC Sabrina. Carrying PVC foam, the vessel's arrival will pave the way for full-fledged EXIM operations at the port, strengthening Kerala's position in international maritime trade