

പാലക്കാട്: മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ പി നന്ദകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. പൊന്നാനിയില്‍ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.
നന്ദകുമാറിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മലപ്പുറത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐഎം മുറിവേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് കെ പി നൗഷാദ് അലി എംഎല്‍എ പ്രതികരിച്ചത്. സിപിഐഎമ്മിനെ സമ്പൂര്‍ണമായി കയ്യൊഴിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും കെ പി നൗഷാദ് അലി ആവശ്യപ്പെട്ടു.
പി നന്ദകുമാറിനെതിരെ എപി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് കേരള മുസ്‌ലിം ജമാഅത്ത് സെന്‍ട്രല്‍ കാബിനറ്റ് പ്രതികരിച്ചത്. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വിധം ഇത്തരം പ്രസ്താവന നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. മത സൗഹാര്‍ദ്ധത്തിനു കേളികേട്ട നാടാണ് മലപ്പുറം. നന്ദകുമാറിന്റെ പ്രസ്താവനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയം വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.
Content Highlights: CPM State Secretary M V Govindan has rejected former MLA P Nandakumar’s remarks concerning Malappuram. Govindan clarified that Nandakumar’s statement does not reflect the official position of the CPM.