CPIM ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം ചെറുക്കുന്നതില്‍ വീഴ്ച; മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

പാര്‍ട്ടിക്കെതിരായ സന്ദേശങ്ങള്‍ മുസ്‌ലിം ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ ഫലപ്രദമായി എത്തിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്

CPIM ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം ചെറുക്കുന്നതില്‍ വീഴ്ച; മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്
dot image

മലപ്പുറം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം സംഘടനാ വീഴ്ചകളാണെന്ന് സിപിഐഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പാര്‍ട്ടി ന്യൂനപക്ഷ വിരുദ്ധരാണെന്ന എതിരാളികളുടെ പ്രചാരണം ചെറുക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കെതിരായ സന്ദേശങ്ങള്‍ മുസ്‌ലിം ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ ഫലപ്രദമായി എത്തിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ടില്‍ സംഘടനാ വീഴ്ചകള്‍ എടുത്തുപറയുന്നുണ്ടെങ്കിലും നേതാക്കളെ ആരെയും പേരെടുത്ത് വിമര്‍ശനമില്ല. തീവ്രവാദ നിലപാടുകാരെ ശക്തമായി എതിര്‍ക്കുമ്പോഴും മതനിരപേക്ഷരെ പാര്‍ട്ടി ചേര്‍ത്തുനിര്‍ത്തണമെന്നാണ് നിര്‍ദേശം. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വിപുലീകരിക്കും.

അതേസമയം മലപ്പുറത്തെ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ മുന്‍ എംഎല്‍എ പി നന്ദകുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. പൊന്നാനിയില്‍ നടന്ന കമ്മിറ്റിയിലെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

ഇന്നലെ പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിലും ജില്ലയിലെ സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഐഎമ്മിന്റെ തോല്‍വിക്ക് കാരണമായത് വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍ സിപിഐഎമ്മിന് മികച്ച സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ വോട്ട് വന്‍തോതില്‍ കുറഞ്ഞത് ഗുരുതര പ്രശ്നമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും പാലക്കാട്ടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തൃത്താല, കോങ്ങാട് ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Content Highlights: The CPM Malappuram extended district committee report has attributed the election defeat largely to organisational shortcomings. It noted failures in countering the campaign that the party was anti-minority and in responding to messages reaching Muslim League voters. The report did not name individual leaders for criticism and proposed strengthening the district committee and secretariat to address organisational weaknesses.

dot image
To advertise here,contact us
dot image