

കോഴിക്കോട്: കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഐഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റ് ആണ് രേഖയില്‍ ഭേദഗതി വരുത്തിയത്. രാവിലെ സംസ്ഥാന സമിതിയില്‍ രേഖ അവതരിപ്പിച്ച് അംഗീകാരം നേടും.
പാര്‍ട്ടി അടിമുടി മാറണമെന്നും തിരുത്തല്‍ വേണമെന്നതുമായിരുന്നു പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന പൊതുവികാരം. പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വ്യവസായ താല്‍പര്യം ആയിരുന്നുവെന്നും തൊഴിലാളികള്‍ക്ക് വേണ്ടിയല്ല മന്ത്രിമാര്‍ നിലകൊണ്ടതെന്നും സിഐടിയുവിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിജയത്തിന് കാരണഭൂതരായവര്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് പിണറായി വിജയനെ ലക്ഷ്യംവെച്ച് വിമര്‍ശനം ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായിരുന്നു.
മൂന്ന് ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ടോടെയാണ് സമാപിക്കുക. ഗ്രൂപ്പ് ചര്‍ച്ചകളും പൊതുചര്‍ച്ചകളുമാണ് രണ്ട് ദിവസമായി നടന്നത്. ചര്‍ച്ചകള്‍ക്ക് ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ഒരുലക്ഷം പേരെ അണിനിരത്തി റാലി സംഘടിപ്പിക്കും. ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ളവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടായെന്ന് വിലയിരുത്തുന്ന കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനം കൂടിയായിരിക്കും.
Content Highlights: CPIM document has undergone another revision, incorporating more recommendations for corrective measures