

മലയാളത്തിൽ വൻ വിജയം നേടിയ 'അജയന്റെ രണ്ടാം മോഷണം' (A.R.M) എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ച് സംവിധായകൻ ജിതിൻ ലാൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അടുത്ത ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്.
മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച എ.ആർ.എമ്മിന് ശേഷം വീണ്ടുമൊരു ഫാന്റസി ഫോക്‌ലോർ (Fantasy Folklore) ചിത്രവുമായാണ് ജിതിൻ ലാൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും പ്രേക്ഷകരുടെയും തന്റെയും പ്രിയപ്പെട്ട ഒരു സൂപ്പർ താരത്തിന് കഥ പറഞ്ഞു കേൾപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രത്തെ വീണ്ടും തിരിച്ചെത്തിക്കും എന്ന സൂചനയും കുറിപ്പിലുണ്ട്.
'ഒരു പുതിയ അധ്യായം തുടങ്ങുന്നു.. കഴിഞ്ഞ രണ്ട് വർഷങ്ങൾ അവിശ്വസനീയമായ അനുഭവങ്ങളുടേതായിരുന്നു. ഞങ്ങളെ പിന്തുണയ്ക്കുകയും, വിശ്വസിക്കുകയും, ഞങ്ങളോടൊപ്പം ആഘോഷിക്കുകയും, ക്ഷമയോടെ കൂടെ നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ARM വെറുമൊരു സിനിമയായിരുന്നില്ല; അതൊരു സ്വപ്നമായിരുന്നു. ലഭിച്ച ഓരോ അംഗീകാരവും, ചലച്ചിത്രമേളകളിലെ പങ്കാളിത്തവും, പുരസ്‌കാരങ്ങളും, പ്രദർശനങ്ങളും ആ സ്വപ്നത്തിലെ ഓരോ മനോഹരമായ അധ്യായങ്ങളായി മാറി. പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിന്ന എല്ലാവർക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
എല്ലാറ്റിനുമുപരിയായി, ഈ യാത്രയിലുടനീളം ഞങ്ങളെ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത പ്രപഞ്ചത്തോടും, പരമമായ സൃഷ്ടികർത്താവിനോടും, എല്ലാ ദേവതകളോടും ദൈവിക ശക്തികളോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. റിലീസിന് ശേഷവും ARM-നെക്കുറിച്ച് തുടർച്ചയായി പോസ്റ്റുകൾ ഇട്ടുകൊണ്ട് നിങ്ങളിൽ പലരെയും ഞാൻ അലോസരപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ, ഓരോ നേട്ടവും ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു, കാരണം ഇതായിരുന്നു ഞങ്ങളുടെ സ്വപ്നം. ഒരു വാണിജ്യ സിനിമയ്ക്ക് പോലും അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിലേക്കും പ്രേക്ഷകരിലേക്കും എത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഒരു അരങ്ങേറ്റ ചിത്രത്തിന് ഇതിൽ കൂടുതൽ എന്ത് വേണം?
പലരും എന്നോട് ചോദിച്ചു, "ബ്രോ, ARM കഴിഞ്ഞല്ലോ. അടുത്തതിലേക്ക് ശ്രദ്ധിക്കൂ."സത്യം പറഞ്ഞാൽ, ഞങ്ങൾ അത് നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഞങ്ങളുടെ അടുത്ത സ്വപ്നം ഇതിനകം തന്നെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. തിരക്കഥ പൂർത്തിയായി, അത് നിങ്ങൾക്ക് പ്രിയപ്പെട്ട - ഞങ്ങളുടെയും പ്രിയപ്പെട്ട - നായകന് അവതരിപ്പിക്കുകയും ചെയ്തു.
അതെ, ഇതൊരു 'ഫാന്റസി ഫോക്‌ലോർ' (fantasy folklore) ചിത്രമാണ്. ഈ സിനിമയ്ക്ക് വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വർഷം പഠനത്തിന്റെയും യാത്രകളുടെയും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന്റെയും, പഴയ ചിന്തകൾ മാറ്റി പുതിയ ലോകത്തിനായി സ്വയം സജ്ജമാകുന്നതിന്റെയും കാലഘട്ടം കൂടിയായിരുന്നു. ഞങ്ങൾ ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്; അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമ ഒരിക്കലും അവസാനിക്കുന്നില്ല. ARM-ന് ഒരു 'അവസാനം' ഇല്ല. രണ്ട് വർഷം കഴിഞ്ഞിട്ടും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുകയും ഓർക്കുകയും ആ ലോകത്തിന്റെ ഒരു ഭാഗം അവരോടൊപ്പം കൊണ്ടുനടക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതെ, നിങ്ങൾക്ക് പ്രിയപ്പെട്ട ആ കഥാപാത്രവുമായി ഞങ്ങൾ തിരിച്ചുവരും. കാസ്റ്റിംഗ് അല്ലെങ്കിൽ സംവിധാന അവസരങ്ങൾക്കായി കാത്തിരിക്കുന്നവർ, ദയവായി ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കുക. വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കുന്നതാണ്. വിശ്വസിക്കുക. സ്വപ്നം കാണുക. ക്ഷമയോടെയിരിക്കുക. യാത്ര തുടരുന്നു; ജിതിൻ ലാൽ കുറിച്ചു.
Content Highlights: Director Jithin Laal has announced his next film after ‘ARM’. The upcoming project marks his next directorial venture following the Malayalam film that brought him wider attention.