

കോഴിക്കോട്: സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ മാർഗ്ഗ രേഖയിന്മേലുള്ള പൊതു ചർച്ച അവസാനിച്ചു. പൊതുചർച്ചയിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നില്ല. എന്നാൽ പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നതുമായിരുന്നു പൊതുചർച്ചയിൽ ഉയർന്ന് വന്ന പൊതുവികാരം. പൊതു ചർച്ചയ്ക്കുള്ള മറുപടി തയ്യാറാക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്.
ഇതിനിടെ പിണറായി സർക്കാരിനെതിരെ ചർച്ചയിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു. വ്യവസായ താല്പര്യമായിരുന്നു മന്ത്രിമാർക്കെന്ന വിമർശനമാണ് സിഐടിയുവിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിമർശനം ഉന്നയിച്ചത്. മന്ത്രിമാർ തൊഴിലാളികൾക്ക് വേണ്ടിയല്ല നിലകൊണ്ടതെന്നും വിമർശനം ഉയർന്നു. ഭരണത്തിലുളളപ്പോൾ സമരം ചെയ്യാൻ അനുവദിക്കാത്തത് തിരിച്ചടിയായെന്നും വിമർശനമായി ഉയർന്നു വന്നു. വിവിധ മേഖലകളിലെ വിഷയങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ അനുവദിച്ചില്ല. ഇത് ഈ മേഖലകളിലെ ജനങ്ങളെ സംഘടനകളിൽ നിന്ന് അകറ്റിയെന്നും വിമർശനം ഉയർന്നു.
സിപിഐഎമ്മിൻ്റെ കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയനെ ലക്ഷ്യം വെച്ചും രൂക്ഷവിമർശനം ഉയർന്നിരുന്നു. വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നാണ് വിമർശനം ഉയർന്നത്. കാസർകോട് നിന്ന് ചർച്ചയിൽ പങ്കെടുത്ത വിപിപി മുസ്തഫയാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി.
വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരെ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണ് നേരത്തെ ഉയർത്തിയത്. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായി എന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വത്തിന് രുതരമായ വീഴ്ചകൾ പറ്റി എന്നും കുറ്റപ്പെടുത്തലുണ്ടായി. എംഎൽഎയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയ്‌യെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനതിരെ പ്രതിനിധികൾ ഉയർത്തിയ ചോദ്യം. വി ജോയ്‌യുടെ പ്രവർത്തനത്തിൽ പ്രതിനിധികൾക്ക് അതൃപ്തി ഇല്ലെങ്കിലും എംഎൽഎ ആയിരിക്കുന്നൊരാളെ സെക്രട്ടറി ആയി തുടരാൻ അനുവദിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് കടുത്ത വിമർശനം ഉയർന്നത്. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉയർത്തിയത്. എന്തു മാനദണ്ഡത്തിലാണ് വി ജോയ്‌യെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാർട്ടിയെ നയിക്കാൻ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയിൽ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികൾ ചോദിച്ചു.
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോൽവി പാർട്ടി ഒരേ നിലയിൽ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയിൽ തളിപ്പറമ്പിലെ തോൽവി ഇല്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു. പയ്യന്നൂരിലെ തോൽവി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാർട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോർട്ടിൽ അക്കാര്യം ഉൾപ്പെടുത്തിയിരുന്നു. സിപിഐഎം ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാനായില്ലെന്നും സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ലെന്നും വിമർശനമുയർന്നു. പറ്റിയ പിഴവുകൾ കൃത്യമായി പറഞ്ഞില്ലെന്നായിരുന്നു തിരുത്തൽ രേഖയ്‌ക്കെതിരെ അംഗങ്ങൾ ഉയർത്തിയ കടുത്ത വിമർശനം. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ ഗൗരവം പോലും തെറ്റ് തിരുത്തൽ രേഖയ്ക്ക് ഇല്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പറ്റിയ പിഴവുകൾ എണ്ണിയെണ്ണി കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിർദേശിച്ചതുപോലെയുള്ള സ്വയം വിമർശനം രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് ദുർബലം എന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നടന്നത് ആരോഗ്യകരമായ ചർച്ചകളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. നേതാക്കൾക്കെതിരെ വിമർശനം ഉയർന്നെന്ന റിപ്പോർട്ടുകളും എം വി ഗോവിന്ദൻ സ്ഥിരീകരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെയും വിമർശനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിലെ എല്ലാ നേതാക്കൾക്കെതിരെയും വിമർശനമുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി.
The general discussion at the CPI(M) extended state conference has concluded, with a broad view emerging that the party needs comprehensive changes and organisational renewal