'അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആ​ഗ്രഹിക്കുന്നു'; ഡോണൾഡ് ട്രംപ്

'ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാൻ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങൾ അമേരിക്കയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും'

'അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആ​ഗ്രഹിക്കുന്നു'; ഡോണൾഡ് ട്രംപ്
dot image

വാഷിങ്ടൺ: അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആ​ഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം താനായിരിക്കും എടുക്കുകയെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരാജയത്തിലേക്ക് നീങ്ങുന്ന ഇറാൻ ഒരു കരാറിലെത്താൻ വേഗത്തിലും ശക്തമായും ആഗ്രഹിക്കുന്നു. അമേരിക്ക ഇറാനുമായി ചർച്ചകൾക്ക് തയ്യാറാകണമോ എന്നത് ഞാൻ തീരുമാനിക്കും. അതിനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് തുറന്ന മനസ്സാണ് എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

'ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാൻ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങൾ അമേരിക്കയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും. അത്തരം രാജ്യങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്, നൽകുകയും ചെയ്യും' എന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇരുരാജ്യങ്ങളും ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നൽകിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക് കാരണം ഇറാനല്ലെന്നും റഷ്യയും യുക്രെയ്‌നുമായുളള സംഘർഷമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനിടെ ഹോർമൂസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡിലെ ഡൂൺബെഗിലെ ഗോൾഫ് റിസോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമൂസ് കടലിടുക്കിനെക്കുറിച്ച് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമോയെന്നത് ഗൾഫ് രാജ്യങ്ങളുടെ തീരുമാനമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ഒരു കരാറിനായി ശക്തമായി ആ​ഗ്രഹിക്കുന്നുവെന്ന വാദവും ട്രംപ് ആവർത്തിച്ചു. 'ഇറാൻ ഒരു കരാറിനായി വളരെ ശക്തമായി ആഗ്രഹിക്കുന്നു. അവർ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് കരാർ വേണം. എന്നാൽ ശരിയായ കരാറായിരിക്കണം അത്. നല്ലതല്ലാത്ത ഒരു കരാറിൽ ഞാൻ ഒപ്പുവയ്ക്കില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. നവംബർ 3ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്നു അവകാശവാദവും ട്രംപ് ആവർത്തിച്ചു. അതോടെ പെട്രോൾ വില കുത്തനെ കുറയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlights: US President Donald Trump said Iran strongly wants to reach an agreement with the United States, amid ongoing tensions between the two countries.

dot image
To advertise here,contact us
dot image