ബജിയിലെ സോസ് കുറഞ്ഞതിനെ ചൊല്ലി തർക്കം; വർക്കലയിൽ ചായക്കടക്കാരന് മർദനം; കൊല്ലം സ്വദേശികൾ അറസ്റ്റിൽ

കാപ്പില്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കള്‍

ബജിയിലെ സോസ് കുറഞ്ഞതിനെ ചൊല്ലി തർക്കം; വർക്കലയിൽ ചായക്കടക്കാരന് മർദനം; കൊല്ലം സ്വദേശികൾ അറസ്റ്റിൽ
dot image

തിരുവനന്തപുരം: ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. തിരുവനന്തപുരം വര്‍ക്കല കാപ്പില്‍ ബീച്ചിലാണ് സംഭവം. വര്‍ക്കല സ്വദേശിയായ അഫ്‌സലിനാണ് മര്‍ദനമേറ്റത്. കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കല്‍ സ്വദേശി അലക്‌സാണ്ടര്‍(29), ഇരവിപുരം സ്വദേശി ഫിനോള്‍ഡ്(24), മയ്യനാട് സ്വദേശി ജോബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കാപ്പില്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കള്‍. ഇതിനിടെ അഫ്‌സലിന്റെ കടയില്‍ ബജി കഴിക്കുന്നതിനായി കയറി. ബജിയില്‍ സോസ് കുറഞ്ഞുപോയെന്ന് പറഞ്ഞ് അഫ്‌സലുമായി യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് അഫ്‌സല്‍ കൂടുതല്‍ സോസ് നല്‍കി. എന്നാല്‍ ഇത് വലിച്ചെറിഞ്ഞ് യുവാക്കള്‍ അവിടെ നിന്ന് പോയി. വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചെത്തിയ യുവാക്കൾ അഫ്‌സലിനെ ആക്രമിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന വടി ഉപയോഗിച്ച് യുവാക്കൾ അഫ്‌സലിനെ അടിച്ചു. കൈയില്‍ കരുതിയിരുന്ന പാറക്കല്ല് ഉപയോഗിച്ച് അഫ്‌സലിന്റെ മുഖത്ത് ഇടിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച അഫ്‌സലിന്റെ സഹോദരി ഹസീനയേയും യുവാക്കള്‍ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ യുവാക്കളെ തടഞ്ഞുവെയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights- A dispute over the amount of sauce served with bajji led to the assault of a tea shop owner in Thiruvananthapuram. Police arrested three people from Kollam in connection with the incident.

dot image
To advertise here,contact us
dot image