

സൗദി തലസ്ഥാനമായ റിയാദിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രതിമാസ വാടകയിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ട്. കുടുംബങ്ങളുടെ ആകെ വരുമാനത്തിൽനിന്ന് വാടകയ്ക്കായി മാറ്റിവെക്കേണ്ടി വരുന്ന തുകയുടെ അനുപാതം 15 ശതമാനത്തിന് താഴേക്ക് എത്തിയതായി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി സിഇഒ അബ്ദുല്ല അൽ ഹമ്മാദ് വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഇത് 17.5 ശതമാനത്തിനും മുകളിലായിരുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ റിയാദ് നിവാസികൾക്ക് ആശ്വാസമാണ് ഈ മാറ്റം നൽകുന്നത്.
റിയാദിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത വിലക്കയറ്റം തടയാനും വിപണിയിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും സർക്കാർ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങളുടെ മികച്ച അബ്ദുല്ല അൽ ഹമ്മാദ് വ്യക്തമാക്കി. മുൻകാലങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ മാസവരുമാനത്തിന്റെ 30 ശതമാനത്തോളം തുക വീട്ടുവാടകയ്ക്കായി മാത്രം നൽകേണ്ട അവസ്ഥയുണ്ടായിരുന്നു.
വാടക വിപണിയിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നിർണായകമായ ചില തീരുമാനങ്ങളാണ് റിയാദിൽ അടുത്തിടെ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. നഗരാതിർത്തിക്ക് ഉള്ളിലുള്ള പാർപ്പിട-വാണിജ്യ കെട്ടിടങ്ങളുടെ വാർഷിക വാടക വർദ്ധനവിന് അഞ്ച് വർഷത്തേക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. നിലവിലുള്ളതും പുതുതായി ഉണ്ടാക്കുന്നതുമായ എല്ലാ കരാറുകൾക്കും ഈ വ്യവസ്ഥ കൃത്യമായി ബാധകമാണ്.
കൂടാതെ, മുൻപ് വാടകയ്ക്ക് നൽകിയ ശേഷം നിലവിൽ ഒഴിച്ചിട്ടിരിക്കുന്ന പാർപ്പിട-വാണിജ്യ സമുച്ചയങ്ങൾക്ക് തന്നിഷ്ടപ്രകാരം ഉയർന്ന നിരക്ക് ഈടാക്കാൻ സാധിക്കില്ല. സർക്കാറിന്റെ ഔദ്യോഗിക 'ഇജാർ' (Ejar) പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അവസാന കരാറിലെ വാടക തുക മാത്രമേ ഉടമകൾക്ക് പുതിയ ആൾക്കാരിൽ നിന്നും ഈടാക്കാനാകൂ. റിയൽ എസ്റ്റേറ്റ് സൂചികകൾ നിരന്തരം നിരീക്ഷിക്കാനും, ഇതുമായി ബന്ധപ്പെട്ട പുരോഗതിയും റിപ്പോർട്ടുകളും സമർപ്പിക്കാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദ്ദേശം നൽകിയതായും അൽ ഹമ്മാദ് കൂട്ടിച്ചേർത്തു.
Content Highlights: Riyadh residents are receiving relief as the rental burden eases. Authorities say rental regulations are beginning to show results, indicating a positive shift in the city’s housing market.