'ഇതെന്ത് നേതൃത്വം?' CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍

വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന രേഖയില്‍ തളിപ്പറമ്പിലെ തോല്‍വി ഇല്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്

'ഇതെന്ത് നേതൃത്വം?' CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍
dot image

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം എന്ന് വിവരം. വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തില്‍ നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ കടന്നാക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിയെ ചുമന്നത് പാര്‍ട്ടിക്ക് നാണക്കേടായി. സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ചകള്‍ പറ്റി എന്നാണ് കുറ്റപ്പെടുത്തല്‍. വിപുലീകൃത സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും കടന്നാക്രമണം ഉണ്ടായി. നേരത്തെ തന്നെ ജില്ലാ സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ത്ത് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച ചുരുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എംഎല്‍എയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിര്‍ത്തിയതിനതിരായി പ്രതിനിധികള്‍ ഉയര്‍ത്തിയ ചോദ്യം. വി ജോയിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിനിധികള്‍ക്ക് അതൃപ്തി ഇല്ലെങ്കിലും എംഎല്‍എ ആയിരിക്കുന്നൊരാളെ സെക്രട്ടറി ആയി തുടരാന്‍ അനുവദിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് വിമര്‍ശനമുയര്‍ത്തിയത്. എന്തു മാനദണ്ഡത്തിലാണ് വി ജോയിയെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികള്‍ ചോദിച്ചു.

തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വി പാര്‍ട്ടി ഒരേ നിലയില്‍ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന രേഖയില്‍ തളിപ്പറമ്പിലെ തോല്‍വി ഇല്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ തോല്‍വി മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയായിരുന്നു തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടേത് എന്ത് നേതൃത്വം ആണെന്നും വിശാല സംസ്ഥാന സമിതിയില്‍ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐഎം ബിജെപി ഡീല്‍ ആരോപണം പ്രതിരോധിക്കാനായില്ലെന്നും സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

പറ്റിയ പിഴവുകള്‍ കൃത്യമായി പറഞ്ഞില്ലെന്നായിരുന്നു തിരുത്തല്‍ രേഖയ്‌ക്കെതിരെ അംഗങ്ങള്‍ ഉയര്‍ത്തിയ കടുത്ത വിമര്‍ശനം. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ ഗൗരവം പോലും തെറ്റ് തിരുത്തല്‍ രേഖയ്ക്ക് ഇല്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പറ്റിയ പിഴവുകള്‍ എണ്ണിയെണ്ണി കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചതുപോലെയുള്ള സ്വയം വിമര്‍ശനം രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുര്‍ബലം എന്നാണ് അംഗങ്ങള്‍ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം.

അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നവംബറിന് മുമ്പ് പാര്‍ട്ടിക്ക് മുമ്പില്‍ സ്വത്ത് വെളിപ്പെടുത്തണം എന്ന തീരുമാനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിട്ടുണ്ട്. പിന്നാലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കും ഇത് ബാധകമാകും. അംഗത്വം പുതുക്കുമ്പോള്‍ സ്വത്തില്‍ പാര്‍ട്ടി പരിശോധന നടത്തും. നേതാക്കള്‍ വായ്പ എടുക്കുമ്പോഴും മുന്‍കൂട്ടി പാര്‍ട്ടി അറിയിക്കണം എന്നാണ് നിര്‍ദേശം. പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ തടയാനാണ് ഇത്തരം ഒരു തിരുത്തല്‍ എന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

അതേസമയം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിനം പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. നാളെ ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ആകും മാഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസംഗിക്കും എന്നും വിവരമുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ഇളകിയിട്ടില്ലെന്ന് തെളിയിക്കുകയാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട് ബീച്ചിലും റാലി കടന്നു വരുന്ന പ്രദേശങ്ങളിലും നടത്തിയിരിക്കുന്നത്. സംസ്ഥാന - ജില്ലാ നേതാക്കള്‍ പങ്കെടുത്ത് ജില്ലയില്‍ വിപുലമായ കുടുംബയോഗങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. റാലിയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Sharp criticism was reportedly raised against the CPI(M) state leadership during the general discussion of the extended state committee. Representatives questioned the approach towards Vellappally, with some saying that the party’s stance had caused embarrassment and that serious lapses occurred at the state leadership level.

dot image
To advertise here,contact us
dot image