സര്‍ക്കാര്‍ ഇടപെടല്‍; 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങും, അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം

പീക്ക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ ഇടപെടല്‍; 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങും, അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം. വൈദ്യുതി വാങ്ങുന്നതിനായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കും. പീക്ക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം.

യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇങ്ങനെ വൈദ്യുതി എത്തിക്കാനാണ് ശ്രമം. നിലവില്‍ 10 രൂപ അടിസ്ഥാനത്തില്‍ വരെ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍പ്ലാന്റില്‍ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. ഒഡീഷയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ നിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വി ഡി സതീശന്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി, ടാക്‌സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

അതേസമയം പന്ത്രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെഎസ്ഇബി. ഞായറാഴ്ചയില്‍ ഉപഭോഗം കുറഞ്ഞതും റിയല്‍ ടൈം മാര്‍ക്കറ്റില്‍ മതിയായ വൈദ്യുതി ലഭിച്ചതുമാണ് പ്രതിസന്ധി ഒഴിയാന്‍ കാരണം.

Content Highlights: The Kerala government has intervened to address the ongoing power crisis and decided to purchase electricity at higher rates to meet demand.

dot image
To advertise here,contact us
dot image