

കൊച്ചി: സിഎംആര്‍എല്‍- എക്‌സോലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ദാസിന് സമന്‍സ് നല്‍കി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍. കമ്പനി ഓഡിറ്റര്‍മാരുടെ ചോദ്യം ചെയ്യലിലേക്ക് അന്വേഷണസംഘം നേരത്തെ കടന്നിരുന്നു.
കഴിഞ്ഞ ആഴ്ച കമ്പനി ഓഡിറ്റര്‍മാരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഓഡിറ്റര്‍മാര്‍, ജീവനക്കാര്‍ അടക്കമുള്ളവർക്കാണ് ഇ ഡി സമന്‍സ് അയച്ചത്. അതേസമയം മൊഴിമാറ്റാന്‍ സാധ്യതയുള്ളതിനാല്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നേരത്തെ റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ആരോപിച്ച് വാരിസ് ഇഡി ഡയറക്ടര്‍ക്ക് പിന്‍വലിക്കല്‍ സത്യാവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് ഇ ഡി.
പിണറായി വിജയന്‍, പി എ മുഹമ്മദ് റിയാസ്, വീണ ടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ല. ഇ ഡി നല്‍കിയ കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.
കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തിലുണ്ടായിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമാണ് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിരിക്കുന്നത്. ഇ ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിഷയത്തില്‍ പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: The Enforcement Directorate is set to question more senior officials of CMRL as part of its investigation into the CMRL-Exalogic financial transactions case. CMRL General Manager Manohardas has been served a summons by the agency.